കോട്ടയം: ജില്ലയിൽ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗവുമായി രഹസ്യ ധാരണയിൽ മത്സരിക്കാൻ സിപിഎം തയ്യാറെടുക്കുന്നതായി റിപ്പോർട്ട...
കോട്ടയം: ജില്ലയിൽ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗവുമായി രഹസ്യ ധാരണയിൽ മത്സരിക്കാൻ സിപിഎം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നിലവിൽ കോൺഗ്രസും കേരളാ കോൺഗ്രസ് ജോസ് വിഭാഗവും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ മുതലെടുത്ത് മിക്ക പഞ്ചായത്തുകളിലും മുന്നേറ്റം ഉണ്ടാക്കിയെടുക്കുവാനാകും സിപിഎം ശ്രമിക്കുക. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും വ്യക്തമായ സ്വാധീനമുള്ള ജോസ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ്സും രംഗത്തെത്തിയതായാണ് വിവരം. കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗവുമായി ഉണ്ടായ അഭിപ്രായ ഭിന്നതകൾ മൂലം യുഡിഎഫിൽ നിന്നും ജോസ് വിഭാഗത്തെ പുറത്താക്കിയത്തിൽ കടുത്ത അമർഷമാണ് ജോസ് വിഭാഗം നേതാക്കൾക്ക് ഉള്ളത്. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും രാജ്യസഭാ തെരെഞ്ഞെടുപ്പിൽ നിന്നും ജോസ് വിഭാഗം വിട്ട് നിന്നിരുന്നു. നിയമസഭയിൽ വോട്ട് ചെയ്താൽ മുന്നണിയിൽ തിരികെയെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന യുഡിഎഫ് വാഗ്ദാനം പോലും മുഖവിലക്ക് എടുക്കാതെ ജോസ് വിഭാഗം സഭയിൽ നിന്നും ഒഴിവായി നിന്നത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം തോൽവി ഏറ്റുവാങ്ങിയത് കോൺഗ്രസിന്റെയും ജോസഫ് വിഭാഗത്തിന്റെയും കാലുവാരൽ മൂലമാണെന്ന് ജോസ് വിഭാഗം നേതാക്കൾ ആരോപിച്ചിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും എൽഡിഎഫ് വലിയ മുന്നേറ്റമായിരുന്നു കാഴ്ച വച്ചത്. മാത്രമല്ല യുഡിഎഫ് കോട്ടകളിൽ വിള്ളൽ വീഴ്ത്താനും എൽഡിഎഫിന് കഴിഞ്ഞിരുന്നു. വെളിയന്നൂർ, കടനാട് ഉൾപ്പെടെയുള്ള പഞ്ചായത്തുകൾ യുഡിഎഫിന്റെ കയ്യിൽ നിന്നും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ശക്തമായ ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിലുള്ള പോര് യുഡിഎഫിന്റെ അടിത്തറ കൂടുതൽ ഇളക്കുക കൂടി ചെയ്തതോടെ എൽഡിഎഫ് മിക്ക സ്ഥലങ്ങളിലും കൂടുതൽ ശകതമാവുകയും ചെയ്തു. നിലവിൽ ജോസഫ് ജോസ് വിഭാഗങ്ങൾ തമ്മിൽ കൂടുതൽ ഭിന്നത നിലനിൽക്കുന്ന രാമപുരം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ എൽഡിഎഫ് ജോസ് വിഭാഗവുമായി ധാരണ ഉണ്ടാക്കി മത്സരിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ല എന്നു യുഡിഎഫ് നേതാക്കൾക്ക് ഉറപ്പുണ്ട്. അതിനാൽ കൂടുതൽ ചർച്ചകൾ വരുന്ന ദിവസങ്ങളിൽ ജോസ് വിഭാഗവുമായി നടത്താനാണ് യുഡിഎഫ് തീരുമാനം.
COMMENTS