സഹോദരിയെ കൊല്ലാന്‍ പദ്ധതിയിട്ടത് ആല്ബിന് ഒറ്റയ്ക്കെന്ന് ഡിവൈഎസ്പി മനോരമ ന്യൂസിനോട് പറഞ്ഞു. സ്വത്ത് തട്ടിയെടുത്ത് കാമുകിയെ വിവാഹം ചെയ്യാനു...
സഹോദരിയെ കൊല്ലാന്‍ പദ്ധതിയിട്ടത് ആല്ബിന് ഒറ്റയ്ക്കെന്ന് ഡിവൈഎസ്പി മനോരമ ന്യൂസിനോട് പറഞ്ഞു. സ്വത്ത് തട്ടിയെടുത്ത് കാമുകിയെ വിവാഹം ചെയ്യാനും ലക്ഷ്യമിട്ടു. കാമുകിക്ക് കൊലയെപ്പറ്റി അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ഡിവൈഎസ്പി എം.പി.വിനോദ് പറഞ്ഞു.
എലിവിഷം വാങ്ങിയ കടയിൽ പ്രതിയെ എത്തിച്ചില്ല. പിന്നീട് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരക്കാനാണ് പൊലീസിൻ്റെ തീരുമാനം.ഇളയ സഹോദരി ആനി ബെന്നിയെ ഐസ്ക്രീമിൽ എലിവിഷം ചേർത്തു നൽകിയാണ് ആൽബിൻ കൊലപ്പെടുത്തിയത്. തൻ്റെ വഴിവിട്ട ജീവിതത്തിന് തടസമായി നിന്ന കുടുംബാംഗങ്ങളെ ഒന്നടങ്കം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം വീടും സ്ഥലവും വിറ്റ് നാടുവിട്ട് പോകാനായിരുന്നു പദ്ധതി.
ആൽബിൻ ബെന്നിയെ കോടതിയിൽ ഹാജരാക്കും. പ്രതി കുറ്റം സമ്മതിച്ചതായി വെള്ളരിക്കുണ്ട് എസ് ഐ എം.വി. ശ്രീദാസൻ മനോരമ ന്യൂസിനോട് പറഞ്ഞു. സഹോദരിയെ കൊലപ്പെടുത്തിയതും, അച്ഛനേയും, അമ്മയേയും കൊലപ്പെടുത്താൻ ശ്രമിച്ചതും താൻ തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ ആൽബിൻ വെളിപ്പെടുത്തി. പ്രതിയെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു.
പുലർച്ചെ അതീവ രഹസ്യമായാണ് ആൽബിനുമായി പൊലീസ് സംഘം വീട്ടിൽ തെളിവെടുപ്പിനെത്തിയത്.ആൾക്കൂട്ടം ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു ഈ നീക്കം.
ഐസ്ക്രീമിൽ വിഷം കലർത്തിയ രീതിയും, ബാക്കി വന്ന വിഷം നശിപ്പിച്ചതും പ്രതി പൊലീസിനോട് വിവരിച്ചു. കൃത്യം നടത്താൻ പ്രതി ഉപയോഗിച്ച പാത്രങ്ങൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പത്തു മണിയോടെ ആൽബിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പ്രതി കുറ്റം സമ്മതിച്ചെന്നും, കേസിൽ അന്വേഷണം തുടരുകയാണെന്നും, ആൽബിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നുണ്ടെന്നും എസ് ഐ എം.വി. ശ്രീദാസൻ പറഞ്ഞു.
മകൾക്കൊപ്പം ഐസ്ക്രീം കഴിച്ച പിതാവ് ബെന്നി ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൃത്യമായ ചികിത്സ ലഭിക്കാൻ വൈകിയതാണ് ആനിയുടെ മരണത്തിന് കാരണമെന്നും ബന്ധുക്കൾക്ക് ആക്ഷേപമുണ്ട്. മഞ്ഞപ്പിത്തമെന്ന് ആദ്യം പരിശോധിച്ച ഡോക്ടർ പറഞ്ഞതോടെയാണ് കുടുംബം ആയൂർവേദ ചികിത്സയ്ക്ക് ശ്രമിച്ചത്. എന്നാൽ ശാരീരിക അസ്വസ്ഥതകൾ മൂർഛിച്ച് ഈ മാസം അഞ്ചിനാണ് അനി മരിച്ചത്. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കും.
COMMENTS