രാജമലയിലേക്ക് ദേശീയദുരന്തപ്രതിരോധസേനയെ നിയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശിയ ദുരന്തപ്രതിരോധ സേന രാജമലയിലേക്ക് പുറപ്പെട്ടു

 തിരുവനന്തപുരം: വലിയ മണ്ണിടിച്ചിലുണ്ടായ രാജമലയിലേക്ക് ദേശീയദുരന്തപ്രതിരോധസേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജമലയിൽ നിന്ന് സാധ്യമായാൽ എയർലിഫ്റ്റിംഗ് ആലോചിക്കുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിംഗ് നടത്തും. നിലവിൽ അവിടെ രക്ഷാപ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. 

രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. രണ്ട് ലയങ്ങൾക്ക് മേലാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് വിവരം. ഇരവികുളം നാഷണൽ പാർക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. എത്ര പേർ അപകടത്തിൽപ്പെട്ടു എന്നതിൽ വ്യക്തതയില്ല. നാല് മൃതദേഹങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തു എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് അവിടെ നിന്ന് പുറത്തുവന്നിരിക്കുന്നത്. രണ്ട് വാഹനങ്ങളിലായി പത്ത് പേരെ പരിക്കേറ്റ നിലയിൽ മൂന്നാറിലെ ടാറ്റാ ആശുപത്രിയിലേക്ക് രാജമലയിൽ നിന്ന് എത്തിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. തമിഴ്തോട്ടം തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണിത്.

മൂന്നാറിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള പെരിയവര താൽക്കാലികപാലം ഒലിച്ചുപോയതോടെ, ഫോറസ്റ്റ് ചുറ്റിയുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. താൽക്കാലികമായി ഇവി‍ടെ ഒരു അപ്രോച്ച് റോഡ് കെട്ടിപ്പൊക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി അവിടെ വൈദ്യുതിയുണ്ടായിരുന്നില്ല, മൊബൈൽ ഫോൺ ടവറുകൾ കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് അവിടെ എത്തിയത്. ഇതും തകർന്നതായാണ് വിവരം. ലാൻഡ് ലൈനുകളും പ്രവ‍ർത്തിക്കുന്നില്ല. താൽക്കാലികമായി ജനറേറ്ററുകളടക്കം സാമഗ്രികളുമായാണ് അവിടേക്ക് രക്ഷാദൗത്യസംഘം പുറപ്പെട്ടിരിക്കുന്നത്. വനംവകുപ്പിന്‍റെയും തദ്ദേശവാസികളുടെയും നേതൃത്വത്തിലാണ് ഇവിടെ ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. 

കനത്ത മഴയുടെയും മണ്ണിടിച്ചിലിന്‍റെയും പശ്ചാത്തലത്തിൽ റവന്യൂമന്ത്രി ജില്ലാകളക്ടർമാരുടെ അടിയന്തരയോഗം വിളിച്ചുചേർത്തു. യോഗത്തിന് മുന്നോടിയായിട്ടാണ് സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും നടത്തുമെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ''മുഖ്യമന്ത്രിയുമായി സംസാരിച്ചു. എയർലിഫ്റ്റ് ചെയ്യാനുള്ള എല്ലാ സാധ്യതയും തേടുന്നു. കാലാവസ്ഥയുടെ പ്രശ്നമുണ്ട്. ഇത് ഹൈറേഞ്ചാണ്. കളക്ടറോടും സംസാരിച്ചു. നാല് ലയങ്ങളിലായി എൺപത് പേർ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമികമായി നമുക്ക് കിട്ടുന്ന വിവരം. ഫോറസ്റ്റുകാർ അവിടെ എത്തിയിട്ടുണ്ട്. അവരാണ് ആദ്യമായി അവിടെ എത്തിയത്. രക്ഷാപ്രവർത്തനം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ അപകടം നടന്നത് കൃത്യമായി ഏത് സമയത്താണ് എന്നതിൽ വ്യക്തതയില്ല'', എന്ന് റവന്യൂമന്ത്രി. 

''ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശ്ശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും.

രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകി'', എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget