തമിഴ്നാട്ടിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു സൂര്യ നായകനായി എത്തുന്ന ' സൂരരയ് പോട്ര്’. സൂര്യ അഭിനയിക്കുന്ന ചിത്രങ്ങളും അദ്ദേഹത...
തമിഴ്നാട്ടിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു സൂര്യ നായകനായി എത്തുന്ന ' സൂരരയ് പോട്ര്’. സൂര്യ അഭിനയിക്കുന്ന ചിത്രങ്ങളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ടു ഡി എന്റർടൈൻമെന്റ്സ് നിർമിക്കുന്ന ചിത്രങ്ങളും തീയറ്ററിൽ പ്രദർശിപ്പിക്കേണ്ട എന്ന തീരുമാനവുമായി തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷന് രംഗത്ത് എത്തിയിരുന്നു.
സൂര്യയുടെ ടു ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ സ്ഥാപനങ്ങൾ സംയുക്തമായാണ് ' സൂരരയ് പോട്ര്' നിർമിച്ചിരിക്കുന്നത്.
സൂര്യ നിർമ്മിച്ച് ജ്യോതിക നായികയായ 'പൊന്മകൾ വന്താൾ' എന്ന ചിത്രം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതോടെയാണ് മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷന് സൂര്യയുടെ ചിത്രങ്ങൾ തിയറ്ററിൽ പ്രദര്‍ശിപ്പിക്കേണ്ട എന്ന തീരുമാനമെടുത്തത്.
ഇപ്പോൾ സൂര്യയുടെ ഈ ബിഗ്ബജറ്റ് ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ 30ന് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും. ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് സൂര്യ അറിയിച്ചത്.
ആമസോൺ പ്രൈം വഴി റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് തമിഴ് ചിത്രം കൂടിയാണിത്.
മലയാളിയായ അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. 'ഇരുതി സുട്രു ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധാ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരരയ് പോട്ര്’. ചിത്രത്തിന്റെ റിലീസ് ചിലവിന് വേണ്ടി മാറ്റിവച്ചിരുന്ന അഞ്ച് കോടി രൂപ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ചലച്ചിത്രമേഖലയിലെ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാൻ പാകത്തിന് ഈ തുക ലഭ്യമാക്കുമെന്നും സൂര്യ പറഞ്ഞതായി റിപ്പോർട്ടുകൾ വരുന്നു.
ഒടിടി റിലീസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ സംഘടനകളും നിർമാതാക്കളും തമ്മിൽ തർക്കം നിലനിൽക്കുമ്പോഴാണ് സൂര്യയുടെ ചിത്രവും ഒടിടി റിലീസിനെത്തുന്നത്.
COMMENTS