ആലപ്പുഴ തുറവൂർ ആശുപത്രിയിൽ കോവിഡ് ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി ചോദിച്ച ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി. സിഐടിയു യൂണിറ്റ് കണ്‍വീനറെ സസ്പെന്‍ഡ് ...
ആലപ്പുഴ തുറവൂർ ആശുപത്രിയിൽ കോവിഡ് ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി ചോദിച്ച ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി. സിഐടിയു യൂണിറ്റ് കണ്‍വീനറെ സസ്പെന്‍ഡ് ചെയ്തു. എ.വിജയനെയാണ് സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സമൂഹത്തോട് തൊഴിലാളികള്‍ കാട്ടേണ്ട ഉത്തരവാദിത്തം മറന്നെന്ന് സിഐടിയു ജില്ലാ കമ്മിറ്റി വിലയിരുത്തി.
തുറവൂരിലെ സംഭവങ്ങൾ സംഘടനയ്ക്ക് നാണക്കേട് ഉണ്ടാക്കിയതായി സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ മനോരമ ന്യൂസിനോട് പറഞ്ഞു. ബയോ സേഫ്റ്റി കാബിനറ്റ് ഇറക്കാൻ പാതിനാറായിരം രൂപ ചുമട്ടുകൂലി ആവശ്യപ്പെട്ടതോടെ ഡോക്ടർമാരും ജീവനക്കാരുമാണ് ഇന്നലെ മെഷീൻ ഇറക്കിയത്
കോവിഡ് പരിശോധനകൾക്ക് ആവശ്യമായ ബയോ സേഫ്റ്റി ക്യാബിനറ്റ് എന്ന ഉപകരണം ലോറിയിൽ നിന്ന് ഇറക്കി ആശുപത്രിയുടെ മുകൾ നിലയിൽ എത്തിക്കാൻ ചുമട്ടു തൊഴിലാളികൾ 16,000 രൂപ ചോദിക്കുകയായിരുന്നു. ഒമ്പതിനായിരം വരെ നൽകാൻ തയ്യാറായി. ഒത്തുതീർപ്പ് ഇല്ലാതെ വന്നതോടെ താലൂക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഉപകരണം ഇറക്കി. ചുമട്ടു തൊഴിലാളികൾ നോക്കിനിന്നു. ഇത് ശരിയായില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പക്ഷം
വാർത്തകളുടെ അടിസ്ഥാനത്തിൽ തുറവൂരിലെ ചുമട്ടുതൊഴിലാളികളിൽ നിന്ന് സിഐടിയു ഏരിയ നേതൃത്വം വിശദീകരണം തേടി. ഏകദേശതുക മാത്രമാണ് പറഞ്ഞതെന്നും പിന്നീട് സംസാരങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നുമാണ് തൊഴിലാളികളുടെ വിശദീകരണം. ക്രയിൻ ഉപയോഗിച്ച് മാത്രമേ 250 കിലോഗ്രാം ഭാരമുള്ള ഉപകരണം ഉയർത്താനാകു എന്നതിനാലാണ് പതിനായിരം രൂപ അധികം ചോദിച്ചതെന്നും തൊഴിലാളികൾ പറഞ്ഞു.
COMMENTS