കയ്പമംഗലം: തൃശൂരിനു സമീപം പെരിഞ്ഞനം മൂന്നുപീടികയിലെ ജൂവലറിയില്‍ വന്‍ കവര്‍ച്ച. മൂന്നരക്കിലോ സ്വര്‍ണം നഷ്ടമായി. ഗോള്‍ഡ് ഹാര്‍ട്ട് ജൂവലറിയിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ പത്തോടെ ജൂവലറി തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ജൂവലറിയുടെ തെക്കുവശത്തെ ചുമരുതുരന്നാണ് മോഷ്ടാവ് അകത്തു കയറിയതെന്നാണ് പ്രാഥമിക നിഗമനം. ജൂവലറിക്കുള്ളിലെ അണ്ടര്‍ ഗ്രൗണ്ടിലെ രഹസ്യഅറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ജൂവലറിയുടെ അകത്തു കയറിയെങ്കിലും രഹസ്യഅറയുടെ വാതില്‍ കുത്തിപ്പൊളിക്കാതെ മാറ്റിയ നിലയിലായിരുന്നു. മതിലകം തൃപേക്കുളം സ്വദേശി പാമ്പിനേഴത്ത് സലീമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജൂവലറി. സലീമും ഒരു ജീവനക്കാരനുമാണ് കടയിലുണ്ടാകാറുള്ളത്. തെളിവു നശിപ്പിക്കാന്‍ ജൂവലറിക്കുള്ളില്‍ മുളകുപൊടി വിതറിയിട്ടുണ്ട്.
ദേശീയപാതയുടെ പടിഞ്ഞാറുവശം പ്രവര്‍ത്തിക്കുന്ന ജൂവലറിയുടെ തെക്കുവശം പുല്ലുവളര്‍ന്ന് കാടുപിടിച്ച നിലയിലാണ്. ഇതിലൂടെയാകാം മോഷ്ടാക്കള്‍ വന്നതെന്നാണ് കരുതുന്നത്. ഒന്നര അടിയോളം വലിപ്പത്തിലാണ് ചുമര് തുരന്നിരിക്കുന്നത്. വണ്ണം കുറവുള്ളവര്‍ക്ക് കയറാന്‍ പറ്റുന്ന രീതിയിലാണ് തുരങ്കത്തിന്റെ വലിപ്പം.
സ്വര്‍ണം കവര്‍ച്ച ചെയ്ത തറിഞ്ഞ ജൂവലറിയുടമ കയ്പമംഗലം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
ചുവരു തുരന്ന സ്ഥലത്തെ മതില് ചാടിക്കടന്ന് വയലിലൂടെ ഓടിയ പോലീസ് നായ തൊട്ടടുത്ത ഹോട്ടലിനു മുന്നില്‍ വന്ന് നിന്നു. സി.സി.ടി.വി സംവിധാനമോ സെക്യുരിറ്റിയോ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. തൃശൂര്‍ റൂറല്‍ എസ്.പി. വിശ്വനാഥന്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ്, കയ്പമംഗലം എസ്.ഐ. സുബിന്ദ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
COMMENTS