ചെന്നൈ∙ ശ്രീലങ്കയെ വിറപ്പിച്ച അധോലോക നേതാവ്, ഇന്റർപോൾ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ തേടുന്ന കൊടുംകുറ്റവാളി. അങ്കോട ലോക്ക(35)യെന്ന ശ്രീലങ്കൻ...
ചെന്നൈ∙ ശ്രീലങ്കയെ വിറപ്പിച്ച അധോലോക നേതാവ്, ഇന്റർപോൾ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ തേടുന്ന കൊടുംകുറ്റവാളി. അങ്കോട ലോക്ക(35)യെന്ന ശ്രീലങ്കൻ അധോലോക നേതാവിന് വിശേഷണങ്ങൾ ഏറെയാണ്. ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപെടുവിച്ച കൊടുംകുറ്റവാളി തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞത് 3 വർഷം. 2017ൽ ജിമ്മുകൾക്ക് പ്രോട്ടീൻ വിതരണം ചെയ്യുന്ന തൊഴിൽ നടത്താൻ തമിഴ്നാട്ടിലേക്ക് കുടിയേറിയ പ്രദീപ് സിങ് എന്നയാൾ ശ്രീലങ്ക തേടുന്ന അങ്കോട ലോക്കയാണെന്ന് അയാളുടെ മരണശേഷമാണ് ശ്രീലങ്കൻ പൊലീസ് തിരിച്ചറിയുന്നത് തന്നെ. 2018 ലാണ് ലോക്ക കാമുകിക്കൊപ്പം കോയമ്പത്തൂരിൽ സ്ഥിര താമസമാക്കുന്നത്.
പിടിക്കപെടാതിരിക്കാൻ മുഖം പ്ലാസ്റ്റിക് സർജറി നടത്തി മാറ്റം വരുത്തിയായിരുന്നു ലോക്ക കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നത് ദേശീയ രഹസ്യാനേഷണ ഏജൻസി റോ സ്ഥിരീകരിക്കുകയും ചെയ്തു. റോയുടെ അഞ്ചംഗ സംഘം കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തി തെളിവുകൾ ശേഖരിച്ചു.
ശ്രീലങ്കൻ മുനമ്പ് കേന്ദ്രമാക്കി ലഹരി, ആയുധ കടത്തു നടത്തുന്ന മധുമഗ ലസന്ത ചന്ദന പെരേരയെന്ന അങ്കോട ലോക്ക ജൂലൈ 3ന് കോയമ്പത്തൂരിൽ വച്ചാണ് കൊല്ലപ്പെട്ടത്. ഹൃദയഘാതമാണ് മരണകാരണമെന്നും ലോക്കയെ എതിരാളികൾ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്നും അഭ്യൂഹങ്ങൾ ഉയർന്നു. കൊല്ലപ്പെട്ടത് ലോക്കയാണെന്ന് ശ്രീലങ്ക സ്ഥിരീകരിച്ചുവെങ്കിലും പ്രദീപ് സിങ് എന്ന ഐഡന്റിറ്റിയിൽ പ്ലാസ്റ്റിക് സർജറി നടത്തി രൂപമാറ്റം വരുത്തി 2018 മുതൽ കോയമ്പത്തൂരിൽ താമസിച്ചിരുന്നയാൾ അങ്കോട ലോക്കയാണെന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇത് ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.
മരിച്ചത് ലോക്കയാണോ എന്ന് ഉറപ്പിക്കാനായി ഡിഎൻഎ ടെസ്റ്റ് നടത്തും. ജൂലൈ 3 ന് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു ലോക്കയുടെ മരണം. അബോധാവസ്ഥയിൽ എത്തിച്ച ലോക്ക മണിക്കുറുകൾക്കകം മരിച്ചു. പ്രദീപ് സിങ്ങെന്ന പേരിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി പിന്നേറ്റ് രാവിലെ കൂടെ വന്നിരുന്ന രണ്ടു സ്ത്രീകൾ ഉൾപ്പെട്ട സംഘം മൃതദേഹം ഏറ്റുവാങ്ങി മധുരയിലെത്തിച്ചു ദഹിപ്പിച്ചു.
തൊട്ടുപിറകെ ശ്രീലങ്കൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ കൂടെ താമസിച്ചിരുന്ന അമാനി താജിയെന്ന കൊളംബോ സ്വദേശിനി, വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി നൽകിയ മധുരയിലെ അഭിഭാഷക ശിവകാമി സുന്ദരി, തിരുപ്പൂർ സ്വദേശി ധ്യാനേശ്വരൻ എന്നിവർ പിടിയിലായി. ശവസംസ്കാര ചടങ്ങുകൾ വിഡിയോ കോൾ വഴി ലോക്കയുടെ ശ്രീലങ്കയിലെ സഹോദരിക്കു കാണിച്ചു കൊടുത്തിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്.
തുടർന്ന് കേസ് എറ്റെടുത്ത ക്രൈം ബ്രാഞ്ച് സിബിസിഐഡി വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ലോക്കയും കാമുകി അമാനി താജിയും(27) രണ്ടു വർഷമായി കോയമ്പത്തൂരിൽ ഒഴിവിൽ കഴിഞ്ഞിരുന്നുവെന്ന് കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് ലോക്ക ഒരു ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ അധോലോക നേതാവിന്റെ ഭാര്യയാണ് അമാനി താജി. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ എസ്ആർ പുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചു ഇയാൾ മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു. തിരിച്ചറിയാതിരിക്കാനായിരുന്നു ഇത്. ചരൻമാർ നഗറിലെ റോയൽ ഫിറ്റ്നസ് സെന്ററിലെ സ്ഥിരം സന്ദർശകനായിരുന്നു ലോക്കയെന്നും കണ്ടെത്തി.
ഇയാളുടെ മറ്റു ബന്ധങ്ങളെ കുറിച്ചും സിബിസിഐഡി അന്വേഷണം തുടങ്ങി. അതിനിടെ റോയിലെ 5 ഉദ്യോഗസ്ഥർ കോയമ്പത്തൂരിൽ എത്തി. ഐജി അടക്കുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കുടി കാഴ്ച നടത്തി. ലോക്കയ്ക്ക് തമിഴ് പുലികളുമായി ബന്ധമുണ്ടെന്നാണ് സൂചന. പിടിയിലായ ശിവകാമിയുടെ കുടുംബത്തിന് തമിഴ് പുലികളുമായി ബന്ധം' ഉണ്ടെന്നു കണ്ടെത്തി. എൽടിടിയെ പിന്തുണച്ചതിന് ശിവകാമിയുടെ അച്ഛൻ നേരത്തെ ജയിലിൽ ശിക്ഷ അനുഭവിച്ചയാളാണ്.
ഇവരുടെ ബാങ്ക് ഇടപാടുകളിൽ പരിശോധന തുടങ്ങി. വിദേശത്തു നിന്നുവന്ന പണത്തെ കുറിച്ചാണ് അന്വേഷണം. അറസ്റ്റിലാകുമ്പോൾ ഗർഭിണിയായിരുന്ന അമാനിയെ ഗർഭം അലസിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാർജ് ചെയ്ത ഇവരെ അതീവ സുരക്ഷാ ജയിൽ ആയ ചെന്നൈ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി.
COMMENTS