കോട്ടയം: പള്ളികളിൽനിന്ന് വിശ്വാസികളെ പുറത്താക്കിയതിനും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരേ യാക്കോബായ സുറിയാനി സഭ അനിശ്ചിതകാല സഹന...
കോട്ടയം: പള്ളികളിൽനിന്ന് വിശ്വാസികളെ പുറത്താക്കിയതിനും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരേ യാക്കോബായ സുറിയാനി സഭ അനിശ്ചിതകാല സഹനസമരം കോട്ടയത്ത് തുടങ്ങി. കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഏറ്റെടുത്ത കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിക്ക് സമീപം യാക്കോബായ സുറിയാനി സഭ മുംബൈ ഭദ്രാസനാധിപന് തോമസ് മോര് അലക്സന്ത്രയോസ് മെത്രാപ്പോലീത്ത സഹനസമരം ആരംഭിച്ചു.
യാക്കോബായ സഭയുടെ പള്ളികളിൽ കയറി വിശ്വാസികളെ മർദിക്കുകയും പുറത്താക്കുകയും ചെയ്യുന്ന നടപടിയിൽനിന്ന് സർക്കാർ പിൻമാറുക, ആരാധനാ സ്വാതന്ത്ര്യത്തിന് എതിരുനിൽക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കുക, സഭയുടെ നഷ്ടപ്പെട്ട പള്ളികൾ തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാവിലെ 10മുതൽ വൈകുന്നേരം നാലുവരെയാണു സത്യാഗ്രഹം.
നഷ്ടപ്പെട്ടവനേ വേദന എന്തെന്നറിയൂ. സത്യവും നീതിയും ധർമവും പീഡിപ്പിക്കപ്പെടുകയാണ്. യാക്കോബായ സുറിയാനി സഭയുടെ നഷ്ടപ്പെട്ട പള്ളികളും സെമിത്തേരികളും തിരികെപ്പിടിക്കുന്ന കാലം വിദൂരമല്ലെന്നും മരിച്ച നീതി ഉയർത്തെഴുന്നേൽക്കുമെന്നും സഹനസമരം ഉദ്ഘാടനംചെയ്ത യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ പറഞ്ഞു. യാക്കോബായ സഭ അലക്സന്ത്രയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തിയ സമരത്തെ പലരും പുച്ഛിച്ചെങ്കിലും സെമിത്തേരി ഓർഡിനൻസിലൂടെ സമരം വിജയമായിരുന്നുവെന്ന് തെളിയിച്ചു. തിരുവാർപ്പിൽ ആരംഭിച്ചത് സഭയുടെ സമരപരമ്പരയുടെ തുടക്കം മാത്രമാണെന്നും ഇത് മലങ്കരസഭയിൽ അഗ്നിയായി പടരുമെന്നും മാർ കൂറിലോസ് പറഞ്ഞു.

പള്ളി കൈയേറ്റം അവസാനിപ്പിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്നും നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. മെത്രാപ്പൊലീത്താമാരായ മാത്യൂസ് മാർ അന്തീമോസ്, ഐസക് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ തീമോത്തിയോസ്, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ.ഏലിയാസ്, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടുവുംഭാഗം, തിരുവാർപ്പ് പള്ളി വികാരി ഫാ. സഞ്ചു മാനുവൽ, ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര തുടങ്ങിയവർ പ്രസംഗിച്ചു.
COMMENTS