തരൂരിനെ ചൊല്ലി ചേരിതിരിഞ്ഞ്‌ കേരളത്തിലെ നേതാക്കള്‍ .

 


തിരുവനന്തപുരം: കോൺഗ്രസിലെ 23 തലമുതിർന്ന നേതാക്കൾ സ്ഥിരം നേതൃത്വം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ കത്ത് വിവാദത്തിന് പിന്നാലെ തർക്കമൊഴിയാതെ കേരളത്തിലെ കോൺഗ്രസും. കത്തെഴുതിയതിന്റെ പേരിൽ ശശിതരൂർ എം.പിക്കെതിരെ ചില നേതാക്കൾ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെ തരൂരിനെ പിന്തുണച്ചും നേതാക്കൾ എത്തിയതോടെ തരൂർ വിഷയം കോൺഗ്രസിൽ പരസ്യ പോരിന് വഴിവെച്ചു.

 കഴിഞ്ഞ ദിവസം തരൂരിനെതിരെ കെ.മുരളീധരൻ എം.പി തുടങ്ങിവച്ച വിമർശനം ഏറ്റെടുത്ത് മറ്റ് നേതാക്കളും എത്തിയതോടെയാണ് തരൂരിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം പരസ്യമായി രംഗത്തെത്തിയത്.

ദേശീയ തലത്തിൽ എ.കെ ആന്റണിയെടുത്തിരിക്കുന്ന നിലപാടിന് ഒപ്പമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വമെന്നും അതിന്റെ പേരിൽ ശശി തരൂരിനെ ദുർബലപ്പെടുത്താനുള്ള നീക്കം നിർഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി പി.ടി തോമസ് എം.എൽ.എ രംഗത്തെത്തി. പരസ്യ പ്രസ്താവന പാടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്റെ നിർദേശം അവഗണിച്ചാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ തരൂരിനെ പിന്തുണച്ച് കൊണ്ട് പി.ടി തോമസ് എത്തിയിരിക്കുന്നത്. തരൂരിനെ പോലുള്ള വിശ്വ പൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വെച്ചായിരിക്കണമെന്നും പി.ടി തോമസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായി വരുന്നത്. തരൂർ വിവാദം കഴിഞ്ഞതാണെന്നും അതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നുമായിരുന്നു രാവിലെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയത്.

 തരൂരിന്റെ ഗൂഢാലോചനയിലാണ് കത്തെഴുത്ത് വിവാദമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കെ.മുരളീധരൻ എം.പിയായിരുന്നു തരൂരിനെതിരേയുള്ള ആദ്യ പരസ്യ വെടിപൊട്ടിച്ച് രംഗത്ത് വന്നത്. അദ്ദേഹം വിശ്വപൗരനും ഞങ്ങളെല്ലാം സാധാരണ പൗരനുമാണെന്നും ആയതിനാൽ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മുരളീധരൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചത്.

കോൺഗ്രസിനെ നശിപ്പിക്കാൻ മോദി ശ്രമിക്കുമ്പോൾ പാർട്ടി നേതൃത്വത്തിന് പിന്തുണ നൽകുന്നതിന് പകരം മുതിർന്ന നേതാക്കളുൾപ്പെടെ കത്ത് നൽകിയത് അനവസരത്തിലാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു.

ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ന് കോൺഗ്രസ് എം.പിയായ കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തിയത്. വിശ്വപൗരനാണെങ്കിലും പാർട്ടിക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിനെ പിന്തുണച്ച് കൊണ്ട് പി.ടി തോമസ് അടക്കമുള്ളവർ എത്തിയിരിക്കുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് അടക്കമുള്ളവരും ശശി തരൂരിന്റെ ഫോട്ടോയിട്ടാണ് ഇന്ന് ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

 എയർപോർട്ട് വിഷയത്തിലും മറ്റും തരൂരിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാമെന്നും എം.പി എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണമെന്ന് ശബരീനാഥൻ എം.എൽ.എ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ശബരീനാഥൻ പറയുന്നു.

മുതിർന്ന നേതാക്കളെ കൂട്ട് പിടിച്ച് യുവനേതാക്കളും താഴേക്കിടയിലുള്ള പ്രവർത്തകരുമെല്ലാം തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനയുമായി എത്തിയതോടെ കെ.പി.സി.സിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വർണക്കടത്ത്, ലൈഫ് വിഷയത്തിലടക്കം പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുമ്പോൾ ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ച് വിടാനുള്ള ആയുധമായി മറുപക്ഷവും വിഷയം ഏറ്റെടുത്തിട്ടുണ്ട്.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget