കട്ടപ്പന ∙ ഹോസ്റ്റൽ മുറിയിൽ ജന്മം നൽകിയ ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂലമറ്റം വടക്കേടത്ത് അമലു ജോർജിനെ റി...
കട്ടപ്പന ∙ ഹോസ്റ്റൽ മുറിയിൽ ജന്മം നൽകിയ ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂലമറ്റം വടക്കേടത്ത് അമലു ജോർജിനെ റിമാൻഡ് ചെയ്തു. തൃശൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റിയ യുവതിയെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. രോഗം ഇല്ലെന്നു സ്ഥിരീകരിച്ചാൽ കാക്കനാട് ജയിലിലേക്കു മാറ്റും. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി.
എന്നാൽ കുട്ടിയുടെ അച്ഛനെ തിരിച്ചറിയാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. കൂടെ ജോലി ചെയ്യുന്നയാളാണ് അച്ഛൻ എന്നാണ് യുവതി നൽകിയ മൊഴി എന്നാണ് സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്താനാണ് പൊലീസിന്റെ ശ്രമം. കട്ടപ്പന സി.െഎ. വിശാൽ ജോൺസൺ, എസ്.െഎ. സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അവിവാഹിതയായ യുവതി കട്ടപ്പനയിൽ വനിതാ ഹോസ്റ്റലിലെ മുറിയിലാണ് പ്രസവിച്ചത്. ഹോസ്റ്റൽ അധികൃതരും അന്തേവാസികളും മുറിയിലെത്തുമ്പോൾ കുഞ്ഞ് മരിച്ചനിലയിലായിരുന്നു. പ്രസവിച്ചപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്ന് യുവതി പൊലീസിൽ മൊഴിയും നൽകി. അസ്വാഭാവികത തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച നടന്ന പോസ്റ്റ്മോർട്ടത്തിൽ, കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും തലയിൽ പരിക്കുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ആശുപത്രിവിട്ട യുവതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബാങ്കിൽ കാഷ്യറായി ജോലി നോക്കുകയായിരുന്നു അവിവാഹിതയായ യുവതി. ഇതേ ബാങ്കിലെ ഉദ്യോഗസ്ഥനായ സഹപ്രവർത്തകനിൽ നിന്നാണ് യുവതി ഗർഭിണിയായത്.
ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മൂന്നു മാസം കഴിഞ്ഞാണ് താൻ ഗർഭിണിയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. അബോർഷൻ ചെയ്യാനുള്ള സാധ്യത മങ്ങിയതോടെ ഗർഭിണിയാണെന്ന വിവരം വീട്ടുകാരിൽ നിന്നും സഹ പ്രവർത്തകരിൽ നിന്നും മറച്ചു വച്ചു.
ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിയോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. കഴിഞ്ഞ 21ന് പുലർച്ചെ പ്രസവ വേദന എടുത്തതോടെ ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. തുടർന്ന് ഹോസ്റ്റലിലെ കുളിമുറിയിൽ യുവതി പ്രസവിച്ചു.
കുഞ്ഞ് പുറത്തു വന്നതോടെ പൊക്കിൾ കൊടി അറുത്തുമാറ്റി തുണിയിൽ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസിനു നൽകിയ മൊഴി.
പ്രസവ സമയത്ത് കുഞ്ഞിന് ജീവനില്ലായിരുന്നെന്നാണ് യുവതിയുടെ ആദ്യ മൊഴി. എന്നാൽ ഇത് തെറ്റാണെന്ന് പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞിരുന്നു . ഈ റിപ്പോർട്ടാണ് കേസിൽ നിർണായകമായത്. യുവതി ഗർഭിണിയാണെന്ന് വിവരം കാമുകനും അറിയാമായിരുന്നു.
COMMENTS