കൊച്ചി: കോതമംഗലം മര്‍ത്തോമ്മ ചെറിയ പള്ളി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തി...
കൊച്ചി: കോതമംഗലം മര്‍ത്തോമ്മ ചെറിയ പള്ളി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എതിര്‍പ്പുകള്‍ മറികടന്ന് ഏറ്റെടുക്കുന്നത് അപകടകരമാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് . ഈ സാഹചര്യത്തില്‍ കോടതി ഉത്തരവ് പാലിച്ചില്ലെന്ന പേരില്‍ തനിക്കെതിരേയുള്ള കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി അദ്ദേഹം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്കു കൈമാറണമെന്ന കോടതി വിധി നടപ്പാക്കിയില്ലെന്നു കാണിച്ചു നല്കിയ കോടതി അലക്ഷ്യ കേസിലാണു കളക്ടര്‍ എസ്. സുഹാസ് റിപ്പോര്‍ട്ട് നല്‍കിയത്. കോടതി ഉത്തരവ് ബലംപ്രയോഗിച്ചു നടപ്പാക്കാന്‍ ശ്രമിച്ചാല്‍ മറുവിഭാഗം എതിര്‍പ്പും പ്രതിഷേധവുമായി രംഗത്തെത്തുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനിടയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
പള്ളി സ്ഥിതിചെയ്യുന്ന കോതമംഗലം മുനിസിപ്പാലിറ്റി 17-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 5,6,12,18,19,28, 30, 31 വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. 64 രോഗികള്‍ കോവിഡ് 19 ബാധിച്ചു കോതമംഗലം മുനിസിപ്പല്‍ മേഖലയില്‍ മാത്രം ചികിത്സയിലാണെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. ആപല്‍ക്കരമായ സാഹചര്യമാണെന്നും കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും ആവശ്യമാണെന്ന സമയമാണെന്നാണു മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും കളക്ടര്‍ അറിയിച്ചു. കോടതി ഉത്തരവ് ബലംപ്രയോഗിച്ചു നടപ്പാക്കാന്‍ ശ്രമിച്ചാല്‍ മതവിശ്വാസത്തിന്റെയും തീക്ഷ്ണ വികാരത്തിന്റെയും പേരില്‍ ഇടവകക്കാരും മറ്റു വിശ്വാസികളും തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുമെന്നും ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്നു വിവരം ലഭിച്ചിരുന്നെന്നു കളക്ടര്‍ അറിയിച്ചു.
ഇടുക്കിയിലെ മുള്ളരിങ്ങാട് പള്ളി കോടതിയുത്തരവിനെത്തുടര്‍ന്ന് ഏറ്റെടുത്തപ്പോള്‍ പ്രതിഷേധവുമായി 250 ഓളം ഇടവക വിശ്വാസികള്‍ ഒത്തുകൂടിയിരുന്നു. ഇവരെ ബലം പ്രയോഗിച്ചാണു നീക്കിയത്. പിന്നീടു കോവിഡ് പരിശോധന നടത്തിയപ്പോള്‍ ജനക്കൂട്ടത്തിലുണ്ടായിരുന്ന 70 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മുളന്തുരുത്തി പള്ളി ഏറ്റെടുക്കാനുള്ള നടപടിയിലും സമാനമായ പ്രതിഷേധമുണ്ടായി. ഇവരുടെ പരിശോധനാ ഫലം വരാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോതമംഗലം പള്ളി ഉത്തരവ് നടപ്പാക്കുന്ന വിഷയത്തിൽ വീണ്ടും കർശന നിലപാടെടുത്ത് ഹൈക്കോടതി രംഗത്ത് വന്നിരുന്നു. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന ഉത്തവ് നടപ്പാക്കാൻ കേന്ദ്ര സേനയെ ഉപയോഗിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. കേസിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ അഭിഭാഷകന് കൈമാറുന്നതിനും കോടതി നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ഇതിനെ തുടർന്നാണ് കളക്ടർ റിപ്പോർട്ട് നൽകിയത്.
COMMENTS