കാമുകി ഓട്ടോക്കാരനോടൊപ്പം ഒളിച്ചോടി; പക തീർത്തത് ഓട്ടോക്കാരുടെ ഫോൺ മോഷ്ടിച്ചു,; യുവാവ് അറസ്റ്റിൽമുംബൈ: ഓട്ടോ ഡ്രൈവർമാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന യുവാവ് പൂണെയിൽ അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശിയായ ബുരാഭായ് ആരിഫ് ഷേഖ് എന്ന ആസിഫിനെ(36)യാണ് പൂണെ പോലീസ് പിടികൂടിയത്. 70-ഓളം ഓട്ടോ ഡ്രൈവർമാരുടെ മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

കാമുകി ഒരു ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരമായാണ് ആസിഫ് ഓട്ടോക്കാരെ ലക്ഷ്യമിട്ട് മോഷണം ആരംഭിച്ചത്. കത്റജ്-കൊന്ധ്വ റോഡിലെ ഒട്ടേറേ ഓട്ടോ ഡ്രൈവർമാരാണ് ഇയാളുടെ മോഷണത്തിനിരയായത്. വിലപിടിപ്പുള്ള ഫോണുകൾ നഷ്ടപ്പെട്ട ഓട്ടോക്കാരുടെ വേദന കാണുമ്പോൾ തനിക്ക് ഏറെ സന്തോഷം തോന്നുമെന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്.

അഹമ്മദാബാദിൽ സ്വന്തമായി റെസ്റ്റോറന്റ് നടത്തിയിരുന്ന ചെറുപ്പക്കാരനായിരുന്നു ആസിഫ്. ഇതിനിടെ നാട്ടിലെ ഒരു യുവതിയുമായി പ്രണയത്തിലായി. പ്രണയത്തിന് വീട്ടുകാർ തടസം നിന്നതോടെ നാടു വിടാൻ തീരുമാനിച്ചു. റെസ്റ്റോറന്റ് മറ്റൊരാൾക്ക് വിറ്റ് ആ പണവുമായി 27-കാരിയായ കാമുകിയ്ക്കൊപ്പം പൂണെയിലെത്തി. കാമുകിയെ വിവാഹം കഴിച്ച് പൂണെയിൽ എന്തെങ്കിലും ബിസിനസ് നടത്തി ജീവിക്കാനായിരുന്നു പദ്ധതി. പക്ഷേ, പൂണെയിലെത്തിയതിന്റെ രണ്ടാം ദിവസം കാമുകി അഹമ്മദാബാദിലേക്ക് തന്നെ തിരികെപ്പോയി. ഒറ്റയ്ക്കായിരുന്നില്ല ആ ഒളിച്ചോട്ടം. നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവർക്കൊപ്പമാണ് യുവതി മുങ്ങിയത്. ഒപ്പം ആസിഫിന്റെ കൈവശമുണ്ടായിരുന്ന പണവും അടിച്ചു മാറ്റിയിരുന്നു.

നാടു വിട്ട കാമുകിയെ തേടി ആസിഫ് ദിവസങ്ങളോളം അലഞ്ഞു. ഒടുവിൽ അവളെ കണ്ടെത്തി. ഓട്ടോ ഡ്രൈവറെ വിവാഹം കഴിച്ച് അവൾ സുഖമായി ജീവിക്കുന്നതായി അറിഞ്ഞപ്പോൾ ആസിഫ് തിരികെ പൂണെയിലേക്ക് മടങ്ങി. പിന്നീട് ചെറിയ ജോലികളെടുത്ത് ജീവിച്ചു. പക്ഷേ, ആ സമയത്തെല്ലാം ആ ഓട്ടോ ഡ്രൈവറോടുമുള്ള പക മനസിൽ തീയായി മാറിയിരുന്നു.


കാമുകിയെ ഒരു ഓട്ടോക്കാരൻ സ്വന്തമാക്കിയതോടെ എല്ലാ ഓട്ടോ ഡ്രൈവർമാരോടും പകയായി. മുച്ചക്രവണ്ടിയിൽ കാക്കിയിട്ട് വരുന്ന അവരെ കാണുന്നത് തന്നെ വെറുപ്പായി. പ്രതികാരം വളർന്നതോടെ ഓട്ടോക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കാൻ തുടങ്ങി. റോഡിലൂടെ അടിച്ചു പൊളിച്ച് നടക്കുന്ന ചെറുപ്പക്കാരായ ഓട്ടോ ഡ്രൈവർമാരായിരുന്നു പ്രധാന ഇരകൾ. ഇവരുടെ വണ്ടിയിൽ കയറി തന്ത്രപൂർവം വിലകൂടിയ സ്മാർട്ഫോണുകൾ കൈക്കലാക്കും. ആ ഫോണുകൾ നഷ്ടപ്പെട്ട അവരുടെ വേദനയോർത്ത് ആനന്ദിക്കും. ഇതായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി ആസിഫിന്റെ രീതി.

ഇത്രയൊക്കെ സംഭവിച്ചിട്ടും കാമുകിയോട് ഒരു വൈരാഗ്യവുമില്ലെന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. താൻ സാമ്പത്തികമായി തകരാനും വഞ്ചിക്കപ്പെടാനും കാരണം ഓട്ടോ ഡ്രൈവറാണെന്നതാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നും ഇയാൾ മൊഴി നൽകി. 70-ഓളം മോഷണക്കേസുകളിൽ കുറ്റം സമ്മതിച്ച പ്രതിയിൽനിന്ന് 12 മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മോഷ്ടിച്ച ഫോണുകൾ പ്രതി എന്തിന് ഉപയോഗിച്ചു എന്നതാണ് ഇനി കണ്ടെത്തേണ്ടതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget