തിരുവനന്തപുരം വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് അന്‍പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനപ്പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ സ്വത്താണ് വിമാനത്താവളം. ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കിയത്. കോവിഡിന്റെ മറവില്‍ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം പ്രതിഷേധാര്‍ഹമായ നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ബി.ജെ.പി കോടികളുടെ അഴിമതി നടത്തിയെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന് ആരോപിച്ചു. കോവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍കൊളളയാണിത്. കേരളത്തില്‍ നിന്നുളള ബി.െജ.പി നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നല്‍കാനാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആദാനി എന്റര്‍പ്രൈസസിന് വിമാനത്താവള നടത്തിപ്പ് അവകാശം ലഭിക്കാന്‍ വഴിയൊരുങ്ങി. 50 വര്‍ഷത്തേയ്ക്കാകും പാട്ടത്തിന് നല്‍കുക. ജയ്പ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യകമ്പനിക്ക് നല്‍കും. ഉടമസ്ഥാവകാശം എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് തന്നെയാകും. കമ്പനി രൂപീകരിച്ച് നടത്തിപ്പ് ഏറ്റെടുക്കാമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി.
COMMENTS