കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ കോവിഡ് കൂടുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജലദോഷപ്പനിയുള്ളവരെ പഞ്ചായത്ത് തലത്തിൽ തന്നെ പരിശോ...
കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ കോവിഡ് കൂടുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജലദോഷപ്പനിയുള്ളവരെ പഞ്ചായത്ത് തലത്തിൽ തന്നെ പരിശോധിക്കണം. ക്ളസ്റ്ററുകൾക്ക് പുറത്തേയ്ക്ക് കോവിഡ് കാര്യമായി പടർന്നിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.
സമ്പർക്ക രോഗവ്യാപനം കൂടി വരുന്ന കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് ഓഗസ്റ്റ് 14 വരെയുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഉയർന്ന രോഗബാധ തുടരുകയാണ്. മലപ്പുറത്ത് 12.5 ആണ് പോസിറ്റിവിറ്റി നിരക്ക്. കണ്ണൂരിൽ 4.3 ആയും കോട്ടയത്ത് 4.9 ആയും നിരക്ക് ഉയർന്നു. തൃശൂർ, പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ രോഗബാധ നിരക്ക് കുറഞ്ഞു. ജലദോഷപ്പനിയുള്ളവരെ പഞ്ചായത്ത് തലത്തിൽ തന്നെ പരിശോധിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, ജലദോഷപ്പനിക്കോ ശ്വാസകോശരോഗങ്ങളുമായോ ചികിത്സ തേടിയവർ, ആരോഗ്യപ്രവർത്തകർ പൊലീസുകാർ, കച്ചവടക്കാർ അതിഥി തൊഴിലാളികൾ തുടങ്ങിയവരിൽ ജൂൺ-ജൂലൈ മാസങ്ങളിൽ നടത്തിയ പരിശോധനയിൽ പ്രതീക്ഷ നിലനിർത്തുന്ന വിവരങ്ങളാണുള്ളത്. ക്ലസ്റ്ററുകൾക്ക് പുറത്തേക്ക് വളരെ ചെറിയ അളവിൽ മാത്രമേ രോഗവ്യാപനം ഉള്ളൂ എന്നാണ് ആരോഗ്യവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് . ജൂണിൽ ജലദോഷപ്പനിക്ക് ചികിത്സ തേടിയവരിൽ 3810 പേരെ പരിശോധിച്ചതിൽ അഞ്ചു പേർക്ക് മാത്രമാണ് പോസിറ്റീവ് ആയത്.
ജൂലൈയിൽ ജലദോഷപ്പനി ക്കാരിൽ 7805 പേരെ പരിശോധിച്ചതിൽ ആറ് പേർക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. മുൻഗണന വിഭാഗങ്ങളിൽ എല്ലാം കൂടി ജൂണിൽ 38 പേരിലും ജൂലൈ 205 പേരിലുമാണ് കോവി ഡ് കണ്ടെത്തിയത്. ഏപ്രിൽ മാസത്തിലെ പോസിറ്റിവിറ്റി റേറ്റ് 0.1 ആയിരുന്നെങ്കിൽ ജൂലൈയിൽ അത് 0.59 ശതമാനമായി മാത്രമേ വർധിച്ചിട്ടുള്ളു. ജൂണിൽ 17079 പേരെയും ജൂലൈയിൽ 35038 പേരെയും പരിശോധിച്ചു. വിദേശത്തു നിന്നെത്തിയ കോവിഡ് പോസിറ്റീവായവരുടെ സഹയാത്രികരും ലക്ഷണങ്ങൾ ഇല്ലാതെ മടങ്ങിയെത്തിവരിലും നടത്തിയ പരിശോധനയിലും രോഗവ്യാപനം തീവ്രമല്ലെന്നാണ് കണ്ടെത്തൽ.
COMMENTS