തിരുവനന്തപുരം: പിടിച്ചെടുത്ത മീൻ വീട്ടിൽ കൊണ്ടുപോവുകയും മറിച്ചുവിൽക്കുകയും ചെയ്ത പോലീസുകാർക്കെതിരേ നടപടി. മംഗലപുരം പോലീസ് സ്റ്റേഷനിലെ മൂന്...
തിരുവനന്തപുരം: പിടിച്ചെടുത്ത മീൻ വീട്ടിൽ കൊണ്ടുപോവുകയും മറിച്ചുവിൽക്കുകയും ചെയ്ത പോലീസുകാർക്കെതിരേ നടപടി. മംഗലപുരം പോലീസ് സ്റ്റേഷനിലെ മൂന്ന് എ.എസ്.ഐ.മാരെയാണ് നെയ്യാറ്റിൻകരയിലെ എ.ആർ. ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. സംഭവത്തിൽ മൂവരും കുറ്റക്കാരാണെന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി. നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ലോക്ക്ഡൗൺ ലംഘിച്ച് വിൽപ്പന നടത്തിയെന്ന് ആരോപിച്ചാണ് മംഗലപുരം പോലീസ് നാട്ടുകാരിൽനിന്ന് മീൻ പിടിച്ചെടുത്തത്. കഠിനംകുളം കായലിൽനിന്ന് വലവീശി പിടിച്ച കരിമീനും വരാലും തിലോപ്പിയുമെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ പിടിച്ചെടുത്ത മീനെല്ലാം പിന്നീട് പോലീസുകാർ തന്നെ പങ്കിട്ടെടുത്തു. ബാക്കി ഇടനിലക്കാർ വഴി വിൽക്കുകയും ചെയ്തു.
പിടിച്ചെടുത്ത മീൻ പോലീസുകാർ വീട്ടിൽകൊണ്ടുപോയി പൊരിച്ചും കറിവെച്ചും കഴിച്ചു. പക്ഷേ, മീൻ കഴിച്ച് അധികസമയമാകുന്നതിന് മുന്നേ സംഭവത്തിൽ പരാതി ഉയർന്നു. പോലീസ് ജീപ്പിൽ മീൻ കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെയാണ് ആറ്റിങ്ങൽ ഡി.വൈ.എസ്.പി. അന്വേഷണം നടത്തിയത്.
മംഗലപുരം സ്റ്റേഷനിലെ എ.എസ്.ഐ.മാരായ ഗോപകുമാർ, രാധാകൃഷ്ണൻ, പത്മകുമാർ എന്നിവരെയാണ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നടപടിയുടെ ഭാഗമായി ഇവരെ എ.ആർ. ക്യാമ്പിലേക്ക് സ്ഥലംമാറ്റി. അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട എസ്.ഐ.ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായാണ് എസ്.ഐ.ക്കെതിരേ നടപടി സ്വീകരിക്കാത്തതെന്നാണ് ആരോപണം.
COMMENTS