തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്നാഴ്ച കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കാൻ സാധ്യതയെന്ന് ജില്ലാ ഭരണകൂടം. തീവ്രരോഗ വ്യാപന...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്നാഴ്ച കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കാൻ സാധ്യതയെന്ന് ജില്ലാ ഭരണകൂടം. തീവ്രരോഗ വ്യാപന സാധ്യതയുള്ളതിനാൽ പ്രതിരോധം ശക്തമാക്കാൻ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ അറിയിച്ചു. പ്രതിരോധം ഊർജിതമാക്കിയാൽ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
തലസ്ഥാനത്തെ രോഗവ്യാപനം തടയാൻ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തലസ്ഥാനത്തെ 95 ശതമാനം കോവിഡ് കേസുകളും സമ്പർക്കം മൂലമാണ്. ആകെയുള്ള 29 ക്ലസ്റ്ററുകളിൽ 14 എണ്ണത്തിൽ നൂറിലധികം കേസുകളുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് പോലീസ് സേനയിലും രോഗവ്യാപനം വർധിക്കുകയാണ്. ചൊവ്വാഴ്ച മാത്രം 12 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജാജി നഗറിൽ ആന്റിജൻ പരിശോധന നടത്തിയ 50 പേരിൽ ആറ് പോലീസുകാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
നിലവിൽ 12,873 പേർക്കാണ് തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5370 പേർ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്. 63 പേർ ഇതുവരെ മരിച്ചു.
COMMENTS