തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ നിലച്ചതോടെ ലൈസൻസിന് കാത്തിരിക്കുന്നത് ആറുലക്ഷത്തോളം പേർ. കോവിഡ് നിയന്ത്രണം കാരണം അഞ്ചരമാസമായ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ നിലച്ചതോടെ ലൈസൻസിന് കാത്തിരിക്കുന്നത് ആറുലക്ഷത്തോളം പേർ. കോവിഡ് നിയന്ത്രണം കാരണം അഞ്ചരമാസമായി ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. മാർച്ചിനുമുൻപെടുത്ത ലേണേഴ്സ് ലൈസൻസുകളുടെ കാലാവധി സെപ്റ്റംബർ 30 വരെ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്. ഇതുകഴിഞ്ഞാൽ 150 രൂപ ഫീസടച്ച് ലേണേഴ്സ് പുതുക്കേണ്ടിവരും.
ജൂലായ് 29-ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ അൺ ലോക്ക്-മൂന്ന് ഉത്തരവിൽ പരിശീലനകേന്ദ്രങ്ങളെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു.
തമിഴ്നാട് ഉൾപ്പെടെ മറ്റു ചില സംസ്ഥാനങ്ങളിൽ ഡ്രൈവിങ് പഠനവും ടെസ്റ്റും പുനരാരംഭിച്ചു. എന്നാൽ കേരളത്തിൽ അനുമതി നൽകിയിട്ടില്ല. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണവർ.
നശിക്കുന്നത് 25000 വാഹനങ്ങൾ
ഡ്രൈവിങ് പഠനം മുടങ്ങിയതോടെ സംസ്ഥാനത്തൊട്ടാകെ ഇരുപത്തി അയ്യായിരത്തിലധികം പരിശീലന വാഹനങ്ങൾ നശിക്കുന്നു. മോട്ടോർ വാഹനവകുപ്പിന്റെ അനുമതിയോടെ അധികം ക്ലച്ചും ബ്രേക്കും ഘടിപ്പിച്ച വാഹനങ്ങൾ വിറ്റ് കൈയൊഴിയാനും കഴിയില്ല. സംസ്ഥാനത്ത് നാലായിരത്തിയഞ്ഞൂറോളം ഡ്രൈവിങ് സ്കൂളുകളുണ്ട്. ജില്ലകളിൽ 150 മുതൽ 225 വരെയും. 350 ഡ്രൈവിങ് സ്കൂളുകളുള്ള മലപ്പുറമാണ് മുന്നിൽ. ഡ്രൈവിങ് പരിശീലനം പുനരാരംഭിക്കുമ്പോൾ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിന് വലിയതുക വേണ്ടിവരും.
ദിവസവും നടക്കേണ്ടത് 4500 ടെസ്റ്റുകൾ
സംസ്ഥാനത്ത് ആർ.ടി.ഓഫീസുകളുടെയും ജോയിന്റ് ആർ.ടി.ഓഫീസുകളുടെയും പരിധിയിൽ ഒരുദിവസം നടന്നിരുന്നത് നാലായിരത്തി അഞ്ഞൂറോളം ഡ്രൈവിങ് ടെസ്റ്റ്. ബുധനാഴ്ച ഒഴികെ എല്ലായിടവും ടെസ്റ്റുകൾ നടന്നിരുന്നു. നിലവിൽ ലേണേഴ്സുള്ള ലക്ഷക്കണക്കിനാളുകളുടെ ഡ്രൈവിങ് ടെസ്റ്റുകൾ പൂർത്തിയാക്കുക മോട്ടോർവാഹനവകുപ്പിന് ഭഗീരഥയത്നമാകും.
ലേണേഴ്സ് ഓൺലൈനിൽ
ലേണേഴ്സ് ടെസ്റ്റ് ഓൺലൈനിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരുമാസംമാത്രം 2,90,644 പേരാണ് ഓൺലൈനിലൂടെ ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിച്ചത്.
COMMENTS