മന്ത്രി കെ.ടി ജലിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ കോണ്‍സുലേറ്റ് കെ.ടി.ജലീലുമായി ഇടപെട്ടതില്‍ അസ്വാഭാവികമായി ഒന്നുമ...
മന്ത്രി കെ.ടി ജലിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ കോണ്‍സുലേറ്റ് കെ.ടി.ജലീലുമായി ഇടപെട്ടതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ജലീല്‍ അങ്ങോട്ടല്ല കോണ്‍സുലേറ്റ് ജനറല്‍ ജലീലിനെ വിളിച്ചാണ് സംസാരിച്ചത്. നയതന്ത്രകാര്യങ്ങള്‍ സംസാരിക്കുകയോ സംഭാവനകള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്തിന്റെ പേരില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്രസര്ക്കാരണ്. സംസ്ഥാനം അന്വേഷിച്ചില്ലെന്ന ആരോപണം പുകമറ സൃഷ്ടിക്കാനാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇടതുപക്ഷത്തുള്ള ആരാണുള്ളത് ?. അസത്യം പ്രചരിപ്പിക്കുന്നവര്‍ ജനങ്ങളെ പുച്ഛത്തോടെ കാണുന്നു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടി നൽകവേ മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
എന്‍ഐഎ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്‍ഐഎ സത്യവാങ്മൂലത്തിന്റെ ഏതുഖണ്ഡികയിലാണ് വിമര്ശനമുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വസ്തുതകള്‍ തമസ്കരിച്ച് ചിലര്‍ ബോധപൂര്‍വം അപവാദപ്രചരണം നടത്തി. സ്വര്‍ണക്കടത്തിലോ അഴിമതിയിലോ ഉള്‍പ്പെട്ട ആരേയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇനി മുഖ്യപ്രതിപക്ഷമാകാന്‍ കഴിയുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷനേതൃപദവി പോലുമില്ലാത്ത സ്ഥിതി കേരളത്തിലും വരും. കോണ്‍ഗ്രസ് വര്‍ഗീയതയുടെ കാര്യത്തില്‍ ബിജെപിയുടെ ബി–ടീമായെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ, ജനാധിപത്യവിരുദ്ധപ്ലാറ്റ്ഫോം ഉയരുകയാണെന്ന് മുഖ്യമന്ത്രി. മുസ്ലിം ലീഗില്‍ ജമാഅത്തെ ഇസ്ലാമി വഴി ഇസ്ലാമികവല്കരണാണ്. കോണ്‍ഗ്രസില്‍ ആര്‍എസ്എസ് വഴി ഹിന്ദുത്വവല്‍കരണം. തമ്മില്‍ ചേരാത്തവരുടെ രാഷ്ട്രീയബാന്ധവത്തിന്റെ ഉല്‍പ്പന്നമാണ് അവിശ്വാസം. പുകമറ സൃഷ്ടിച്ച്, സംശയങ്ങളുടെ മറപറ്റി, രാഷ്ട്രീയആനുകൂല്യം കൈപ്പറ്റാന്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസംഗം മൂന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭാതളത്തില്‍. പ്രധാനചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മറുപടി പ്രസംഗത്തിന് മുഖ്യമന്ത്രി അധികസമയമെടുത്തെന്ന് പ്രതിപക്ഷം. സഭാനേതാവിനേയും പ്രതിപക്ഷനേതാവിനേയും നിയന്ത്രിക്കാറില്ലെന്ന് സ്പീക്കര്‍ വിശദീകരിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടരുതെന്ന് പ്രതിപക്ഷത്തോട് സ്പീക്കര്‍ അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു.
COMMENTS