ശശി തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. കത്ത് നല്‍കിയതിലെ വിയോജിപ്പാണ് രേഖപ്പെടുത്തിയതെ...
ശശി തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. കത്ത് നല്‍കിയതിലെ വിയോജിപ്പാണ് രേഖപ്പെടുത്തിയതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തരൂരിനെതിരായ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പരാമര്‍ശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ യുവനേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി.
തരൂരിനെ വ്യക്തിപരമായി ആക്ഷേപിക്കാനോ, അധിക്ഷേപിക്കാനോ, കഴിവുകള്‍ കുറച്ചുകാട്ടാനോ അല്ല ശ്രമിച്ചത്. പരാമര്‍ശത്തില്‍ വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്പര്യം മുന്‍നിര്‍ത്തി ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ നിലവിലെ നേതൃത്വത്തിനെതിരെ ശശി തരൂര്‍ ഹൈക്കമാന്‍ഡിനയച്ച കത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും കൊടുക്കുന്നില്‍ സുരേഷ് പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ശശി തരൂരിനെ പിന്തുണച്ച് യുഡി എഫ് കൺവീനർ ബെന്നി ബെഹനാൻ രംഗത്തെത്തിയിരുന്നു. കത്ത് നൽകിയതിന് ശേഷമുള്ള ഹൈക്കമാൻഡ് തീരുമാനം തരൂർ അംഗീകരിച്ചു. ഇതിന് ശേഷം വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ബെന്നി ബെഹനാന് പറഞ്ഞു.
അതിനിടെ, കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എ.ഐ.സി.സി നിര്‍ദേശം പാലിക്കണമെന്ന് പറഞ്ഞ മുല്ലപ്പള്ളി പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ടെന്നും നിലപാടെടുത്തു. ദേശീയ നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം കേരളത്തിലെ നേതാക്കളിലും വാക്പോരിന് വഴിയിട്ടതോടെയാണ് കെ.പി.സി.സി നടപടി.
COMMENTS