പിണറായി വിജയന് സര്‍ക്കാരിനെ കടന്നാക്രമിച്ച് നിയമസഭയില്‍ വി.ഡി.സതീശന്റെ അവിശ്വാസപ്രമേയം. മാര്‍ക് ആന്റണിയെ ഉദ്ധരിച്ച് തുടങ്ങിയ വി.ഡി.സതീശന്, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രി ആദരണീയന്‍ എന്നാണ് വിഡി സതീശൻ വിശേഷിപ്പിച്ചത്. പക്ഷേ ഭരണത്തെ നിയന്ത്രിക്കാനാവുന്നില്ലെന്നും ഒരു മൂന്നാംകിട കള്ളക്കടത്ത് സംഘത്തിനാണ് നിയന്ത്രണമെന്നും സതീശൻ കുറ്റപ്പെടുത്തി. പ്രശ്നം കപ്പിത്താന്റെ മുറിയിലാണെന്നും പറഞ്ഞു. എന്തറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചിരുന്നതെന്ന് സതീശന് ചോദിച്ചു.
ലൈഫ് മിഷന് കൈക്കൂലി മിഷനാണ്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ പുതിയ അഴിമതി ആരോപിച്ച് സതീശന് പറഞ്ഞു. ആകെ 9.25 കോടി കമ്മീഷന്, ഇതില്‍ ‘ബെവ്കോ’ ആപ് സഖാവിന്റെ ബന്ധം അറിയണം. കള്ളക്കടത്തിന് മന്ത്രി ജലീല്‍ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയെന്നും സതീശന്.
വിമാനത്താവളത്തിന്റെ ടെന്‍ഡര്‍ തുക അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ തുക ചോര്‍ത്തിക്കൊടുത്തു. അദാനിയുമായി മല്‍സരിച്ചവര്‍ അദാനിയുടെ അമ്മായി അച്ഛനെ കണ്‍സല്‍ട്ടന്റാക്കി.
ധനമന്ത്രിക്ക് എല്ലാം അറിയാം, പക്ഷേ മന്ത്രിസഭയുടെ ഫുട്ബോര്‍ഡിലാണ് യാത്ര, നോക്കുകുത്തിയാണെന്നും സതീശന് പരിഹസിച്ചു. കേരളത്തില്‍ നിയമന നിരോധനമാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. റീബില്‍ഡ് കേരളയും നവകേരളവും ഒക്കെ എവിടെപ്പോയി? മന്ത്രിസഭയില്‍ മന്ത്രിമാര്‍ ചോദ്യം ചോദിക്കണമെന്ന് വി.ഡി സതീശന് ആവശ്യപ്പെട്ടു. ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല, പേടിക്കേണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അതുകൊണ്ട് നിങ്ങള്‍ പേടിക്കാതെ ചോദ്യം ചോദിക്കണം– അദ്ദേഹം പറഞ്ഞു.
COMMENTS