രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന് ഇന്ന് നൂറു വയസ് തികയുന്നു. 1920 ആഗസ്ത് 18-ന് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ...
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന് ഇന്ന് നൂറു വയസ് തികയുന്നു. 1920 ആഗസ്ത് 18-ന് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണാര്‍ഥം കോഴിക്കോടു നടന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വരവ്.
റെയില്‍മാര്‍ഗം കോഴിക്കോട്ടെത്തിയ ഗാന്ധിയെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. മുത്തുക്കോയയുടെ നേതൃത്വത്തില്‍ വരവേറ്റു. 20 മണിക്കൂറാണ് ഗാന്ധിജി ആ സന്ദര്‍ശനവേളയില്‍ മലബാറിന്റെ ആസ്ഥാനമായിരുന്ന കോഴിക്കോട്ട് തങ്ങിയത്. പോര്‍ട്ട് സിഗ്നല്‍ സ്റ്റേഷനു പടിഞ്ഞാറുള്ള കടപ്പുറത്തായിരുന്നു പ്രസംഗവേദി. മൗലാനാ ഷൗക്കത്തലിയും യോഗത്തില്‍ പ്രസംഗിച്ചു. ഒന്നാം ലോക യുദ്ധത്തിന്റെ തുടര്‍ച്ചയായി തുര്‍ക്കിയിലെ മുസ്ലിങ്ങള്‍ക്കെതിരേ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ക്രൂരതകളാണ് ഗാന്ധിജി യോഗത്തില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്.
കെ. മാധവന് നായരാണ് ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. അന്ന് കോഴിക്കോട്ട് താമസിച്ച ഗാന്ധിജി പിറ്റേന്നു രാവിലെ മംഗലാപുരത്തേക്ക് പോയി. അതിനുശേഷം നാലുതവണകൂടി അദ്ദേഹം സംസ്ഥാനത്തെത്തി. ഗാന്ധിജിയുടെ കോഴിക്കോട് സന്ദര്‍ശനം ദേശാഭിമാനികളില്‍ വലിയ ആവേശമുണര്ത്തിയതായി പ്രമുഖ ഗാന്ധിയന്‍ തായാട്ട് ബാലന് പറഞ്ഞു. എന്നാല്‍ ഗാന്ധിയന്‍ ആദര്‍ശം പരിപാടിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഗാന്ധിജിയുടെ വരവ് ദേശീയ പ്രസ്ഥാനത്തിനു പുതിയ ഉണര്‍വാണ് പകർന്നത്.
COMMENTS