തൃശൂർ എംപി ടി എൻ പ്രതാപൻ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ചു

തൃശൂർ : കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ യു ഡി  എഫ് ജനപ്രതിനിധികൾ ആരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും അനുബന്ധ വിഷയങ്ങളിലും ഒന്നും ചെയ്യുന്നില്ലെന്ന് അങ്ങ് പറഞ്ഞുകണ്ടു. അത്യധികം വേദനിപ്പിക്കുന്ന ഒന്നായിരുന്നു അങ്ങയുടെ ആ പ്രസ്താവ്യം. കോവിഡ് പ്രതിരോധത്തിന്റെ വിഷയത്തിൽ യു ഡി എഫ് ജനപ്രതിനിധികൾ സ്വന്തം നിലക്ക് എന്ന രൂപത്തിൽ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന അനവധിയായ ക്ഷേമ പരിപാടികളെ കുറിച്ച് അറിയാഞ്ഞിട്ടല്ല മേൽ പറഞ്ഞ അങ്ങയുടെ പ്രസ്താവന എന്നത് കൂടുതൽ അസ്വസ്ഥപ്പെടുത്തുന്നു. 

കത്തിന്റെ പൂർണ്ണ രൂപം... 
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഒരു തുറന്ന കത്ത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ,

കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ യു ഡി  എഫ് ജനപ്രതിനിധികൾ ആരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും അനുബന്ധ വിഷയങ്ങളിലും ഒന്നും ചെയ്യുന്നില്ലെന്ന് അങ്ങ് പറഞ്ഞുകണ്ടു. അത്യധികം വേദനിപ്പിക്കുന്ന ഒന്നായിരുന്നു അങ്ങയുടെ ആ പ്രസ്താവ്യം. കോവിഡ് പ്രതിരോധത്തിന്റെ വിഷയത്തിൽ യു ഡി എഫ് ജനപ്രതിനിധികൾ സ്വന്തം നിലക്ക് എന്ന രൂപത്തിൽ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന അനവധിയായ ക്ഷേമ പരിപാടികളെ കുറിച്ച് അറിയാഞ്ഞിട്ടല്ല മേൽ പറഞ്ഞ അങ്ങയുടെ പ്രസ്താവന എന്നത് കൂടുതൽ അസ്വസ്ഥപ്പെടുത്തുന്നു. 

ഈ കത്ത് തൃശൂർ പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോകസഭാ എം പി എന്നനിലക്ക് ഞാൻ ചെയ്ത പദ്ധതികളും പരിപാടികളും ഒരിക്കൽ കൂടി അങ്ങയുടെയും അങ്ങയുടെ പാർട്ടി- സർക്കാർ സംവിധാനങ്ങളെയും ധരിപ്പിക്കുന്നതിന് വേണ്ടിയാണ്. കോവിഡ് രോഗ ഭീതി നമ്മുടെ രാജ്യത്തെ അത്ര ആഴത്തിൽ ഗ്രസിക്കുന്നതിനുമുന്പേ നമ്മുടെ സംസ്ഥാനത്തായിരുന്നല്ലോ രോഗം സ്ഥിതീകരിക്കപ്പെട്ടത്. ഇതൊരു അപകടകരമായ പകർച്ചവ്യാധിയാണെന്നും ഇതിന്റെ പ്രത്യാഘാതം സർവ്വ മേഖലകളിലും ദൃശ്യമാകുമെന്നും നിരീക്ഷിച്ച് അത് പാർലമെന്റിൽ അവതരിപ്പിച്ച ആദ്യത്തെ എം പി ഒരു പക്ഷെ ഞാനായിരിക്കും. കൂടാതെ തൃശൂരിലെ വയറോളജി ലാബിന് അനുമതി നൽകുന്ന കാര്യം ത്വരിതപ്പെടുത്താൻ ഞാനും കുമാരി രമ്യ ഹരിദാസും നിരന്തരം കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവർധനെയും ഐ സി എം ആർ ഡയറ്കടറെയും ബന്ധപ്പെടുകയും ആവശ്യകത മനസ്സിലാക്കിപ്പിക്കുകയും ചെയ്തിരുന്നു. 

തുടർന്ന് തൃശൂർ ജില്ലയിൽ എന്റെ മണ്ഡലത്തിൽ വരുന്ന താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ തുടങ്ങിയവക്ക് വെന്റിലേറ്റർ സൗകര്യപ്പെടുത്താനുള്ള തുക എം പി ഫണ്ടിൽ നിന്നും അനുവദിച്ച് ഭരണാനുമതി നൽകിയിരുന്നു. ഇതൊന്നും പോരാതെ എന്റെ മണ്ഡലത്തിൽ അല്ലാതിരിന്നിട്ടുകൂടി തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡിന് മാത്രമായി വെന്റിലേറ്റർ ഐ സി യു തയ്യാറാക്കുകയും ചെയ്തു. എം പി ഫണ്ടിന്റെ സംവരണം ഒഴിച്ച് ബാക്കിയുള്ള മുഴുവൻ തുകയും കോവിഡ് പ്രതിരോധത്തിനായി മാറ്റിവെച്ച കാര്യം ഒരിക്കൽ പത്രസമ്മേളനത്തിൽ അങ്ങുതന്നെ എന്നെ പേരെടുത്ത് പ്രശംസിച്ച് നാട്ടുകാരെ അറിയിച്ചതാണ്. ഒരു ചാനൽ ചർച്ചയിലോ മറ്റോ ബഹു. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും ഇത് പറഞ്ഞിരുന്നു. പിന്നെ ഇപ്പോഴെങ്ങനെയാണ് പെട്ടെന്ന് ഒരു മറവി അങ്ങയെ ബാധിച്ചത്? അതോ, ഇപ്പോഴുള്ള രോഗവ്യാപനത്തിന്റെ കാരണക്കാർ യു ഡി എഫുകാരാണെന്ന് വരുത്തിത്തീർക്കാനുള്ള ഹീനമായ അജണ്ടയുടെ ഭാഗമാണോ ഇത്?

കോവിഡ് ലോക്‌ഡോൺ ജനജീവിതം അപ്രതീക്ഷിതമാംവിധം ബാധിക്കുകയും രോഗികളടക്കമുള്ള പാവങ്ങൾ ദുരിതത്തിലാവുകയും ചെയ്തപ്പോൾ അതിജീവനം എന്ന പേരിൽ ജീവൻ രക്ഷാ മരുന്നുകൾ വിതരണം ചെയ്യാൻ തീരുമാനിക്കുകയും തുടർന്ന് നാല്പത് ലക്ഷം രൂപയുടെ മരുന്ന് ആവശ്യക്കാരായ അർഹർക്ക് സൗജന്യമായി നൽകുകയും ചെയ്തു. ഈ പദ്ധതിയുടെ ഉദ്‌ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറാണ് നിർവ്വഹിച്ചത്. കൂടാതെ, ഗൾഫിലുള്ള പ്രവാസികൾക്ക് ആവശ്യമരുന്നുകൾ എത്തിക്കാൻ എസ് വൈ എസ് സാന്ത്വനം പദ്ധതിയുമായി ചേർന്ന് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.

പിന്നീട്, ഭക്ഷ്യ സുരക്ഷയുടെ മേഖലയിൽ ഈ മഹാമാരിക്കാലത്ത് ശ്ലാഖനീയമായ ഒരു ചുവടുവെപ്പെന്നോണം അതിജീവനം ഹരിതം പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. ഈ മാതൃകാ പദ്ധതിക്ക് തൃശൂർ മണ്ഡലത്തിൽ നിന്ന് നൂറുകണക്കിന് ഏക്കർ ആണ് കൃഷിക്കായി രെജിസ്റ്റർ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ സമാനമായ പദ്ധതി ജില്ലയിൽ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നറിയാൻ താല്പര്യമുണ്ട്. സർക്കാർ  ഇങ്ങനെയൊരു യജ്ഞം പ്രഖ്യാപിച്ച സാഹചര്യത്തിലും കാർഷിക സർവകലാശാലയിൽ നിന്നും പഴം പച്ചക്കറി ഗവേഷണ കേന്ദ്രത്തിൽ നിന്നുമൊക്കെ വിത്ത് വാങ്ങിച്ചത് സ്വന്തം കീശയിൽ നിന്ന് കാശുമുടക്കിയാണ്. ഇവിടെയും തീർന്നിട്ടില്ല.

നമ്മുടെ പാവം പ്രവാസികൾക്ക് നാട്ടിലേക്ക് വരാൻ വേണ്ടി പ്രവാസി കെയർ എന്നൊരു പദ്ധതിയും എന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചു. നിരവധി ചാർട്ടേഡ് വിമാനങ്ങൾ ഈ ഉദ്യമത്തിന്റെ ഭാഗമായി കേരളത്തിൽ പറന്നിറങ്ങി. പലർക്കും ടിക്കറ്റ് സൗജന്യമായി നൽകി. പ്രവാസികൾ ഇങ്ങോട്ട് വരാതിരിക്കാൻ സർക്കാരുകൾ പഠിച്ച പണി പതിനെട്ടും നോക്കിയെന്നു പറയും പോലെയുളള സാഹചര്യത്തിലും സുപ്രീം കോടതി വരെ കയറിയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചും കഴിയും വിധം വഴികളൊരുക്കിയും ജന്മനാട്ടിലേക്കെത്താൻ പ്രവാസികളോടൊപ്പം ഞാൻ നിലനിന്നു. ഇതേ നിലപാട് യു ഡി എഫിന്റെ മുഴുവൻ ജനപ്രതിനിധികളും എടുത്തു; കഠിനാധ്വാനം ചെയ്തു.

ലോക്‌ഡോൺ കാലത്തെ പഠനം ഓൺലൈൻ ആക്കിയ സർക്കാരിന്റെ നടപടി വീണ്ടുവിചാരമില്ലാതെയായിരുന്നെന്ന് പിന്നീട് സർക്കാർ തന്നെ സമ്മതിച്ചു. അതുകൊണ്ടാണല്ലോ നാലു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് സർക്കാർ പിന്നീട് കണ്ടെത്തിയത്. അപ്പോഴേക്കും ഒരു മിടുക്കി വളാഞ്ചേരിയിൽ നമ്മെ വിട്ട് പോയിരുന്നു. ആ സംഭവം സഹജീവി സ്നേഹവും മനുഷ്യത്വവുമുള്ള എല്ലാവരെയും പോലെ എന്നെയും വല്ലാതെ ഉലച്ചുകളഞ്ഞു. പതിനായിരത്തി പതിനാറ് വിദ്യാർത്ഥികൾ തൃശൂർ ജില്ലയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെയുണ്ടെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. അത്തരം വിദ്യാർത്ഥികൾക്ക് ഞാൻ ഇതുവരെ 1075 ടി വി വിതരണം ചെയ്തു. അതിജീവനം എഡ്യുകെയർ എന്നാണ് പദ്ധതിയുടെ പേര്. പ്രശസ്ത സിനിമാനടൻ ടോവിനോ തോമസാണ് ബ്രാൻഡ് അംബാസഡർ. പല സുമനസ്സുകളും ഈ ഉദ്യമത്തിന്റെ ഭാഗമായി. 

മേല്പറഞ്ഞ പദ്ധതികളിൽ പലതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പദ്ധതികൾക്ക് പുറമെയാണ് ഓരോ ജനപ്രതിനിധികളും നൂതനവും അനുമോദനാർഹവുമായ ഒട്ടേറെ പദ്ധതികൾ ഇതുപോലെ നടപ്പിലാക്കി വരുന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുതെന്നാണ് അപേക്ഷ. ഇനി കണ്ടില്ലെന്ന് നടിച്ചാൽ തന്നെ അതിങ്ങനെ പരസ്യമാക്കരുത്. കാരണം, നാട്ടുകാർ ഞങ്ങളുടെ വിവിധങ്ങളായ പദ്ധതികളുടെ ഗുണം ഒരുമിച്ചനുഭവിക്കുകയും ഞങ്ങൾ ജനങ്ങൾ ഒരുമിച്ച് മുന്നേറുകയും ചെയ്യുന്നത് അങ്ങ് തിരക്കുകൾക്കിടയിലും കാണുന്നുണ്ടാകുമല്ലോ. അപ്പോൾ ആളുകൾ നിങ്ങളെ വിലയിരുത്തും എന്ന് ഓർമ്മിപ്പിക്കട്ടെ.

പിന്നെ, ഞങ്ങൾ യു ഡി എഫ് ജനപ്രതിനിധികൾ വാളയാറിൽ പോയത് ഇപ്പോഴും വലിയ വിഷയമാക്കുകയാണല്ലോ താങ്കളുടെ പക്ഷക്കാർ. ചില മന്ത്രിമാരും ഈ പ്രോപഗണ്ടയുടെ മുന്നിലും പിന്നിലും സജീവമാണ്. എന്നാൽ അന്നും ഇന്നും ഞങ്ങൾ ആവർത്തിക്കുന്നത് ഞങ്ങൾ കുറ്റകരമായി ഒന്നും ചെയ്തിട്ടില്ല എന്നുതന്നെയാണ്. സ്വന്തം നാട്ടിലേക്ക് മടങ്ങി വരുന്ന മലയാളികൾക്ക് പാസ്സ് അനുവദിക്കാതെ സർവർ ഓഫ് ചെയ്‌തിട്ടാതായിരുന്നു അന്ന് സർക്കാർ. ഇത് തൃശൂർ കലക്ടറേറ്റിന് മുന്നിലെ ഞങ്ങളുടെ പ്രതിഷേധം അനുനയിപ്പിക്കാൻ വന്ന കളക്ടർ തന്നെ സമ്മതിച്ചതാണ്. ഇതോടെ അതിർത്തിയിൽ കുടുങ്ങിപ്പോയ മലയാളി സഹോദരങ്ങൾ തമിഴ്‌നാട് പോലീസിന്റെയും കേരളാ പോലീസിന്റെയും ലാത്തി പ്രയോഗങ്ങൾക്കിടയിൽ കുടുങ്ങിപ്പോയെന്ന വാർത്തകൾ കേട്ടാണ് അവർക്ക് വെള്ളവും ഭക്ഷണവുമായി ഞങ്ങൾ അവിടെ ചെല്ലുന്നത്. പാസില്ലാതെ അതിർത്തി കടക്കാൻ കഴിയില്ലെന്ന സാങ്കേതിക തടസ്സം നിലവിലെ സാഹചര്യം ഉൾക്കൊണ്ട് ഞങ്ങൾ അംഗീകരിക്കുകയും എന്നാൽ റോട്ടിൽ നിർത്തി വലയാൻ വിടാതെ ഇൻസ്റ്റിറ്റിയൂഷണൽ കോറന്റൈൻ ഒരുക്കിക്കൊടുക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. പാലക്കാട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എ കെ ബാലനോടും കെ കൃഷ്ണൻകുട്ടിയോടും ഫോണിൽ ബന്ധപ്പെട്ടപ്പോഴെല്ലാം ഞങ്ങൾ ഇതുതന്നെയാണ് പറഞ്ഞത്. അല്ലാതെ ആരെയും വെറുതെ കടത്തിവിടണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ വാളയാറിൽ ഞങ്ങൾ സാന്ത്വനം നല്കുകയാണ് ചെയ്തത്. എന്നാൽ ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് യു ഡി എഫ് ജനപ്രതിനിധികളെ അവഹേളിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഒരുങ്ങി സാധാരണ സൈബർ പോരാളിയുടെ നിലവാരത്തിലേക്ക് തരംതാഴരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

യു ഡി എഫ് ജനപ്രതിനിധികൾ ഇതുവരെ ചെയ്ത ക്ഷേമ പരിപാടികൾ അങ്ങയുടെ സംവിധാനങ്ങൾ ഉപയോഗിച്ച് പഠിക്കാനും പകർത്താനും അങ്ങ് ശ്രമിക്കുമെന്ന പ്രതീക്ഷയിൽ വിശ്വസ്തതയോടെ,
സ്നേഹപ്പൂർവ്വം,
ടി എൻ പ്രതാപൻ എം പി
Source: facebook/T N Prathapan

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget