ഒഡീഷ ദേന്കനാല് ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലെ 40 ദലിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്. രണ്ടാഴ്ച മുമ്പാണ് ഈ കുടുംബങ്ങളെയാകെ ഊരുവിലക്...
ഒഡീഷ ദേന്കനാല് ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലെ 40 ദലിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്. രണ്ടാഴ്ച മുമ്പാണ് ഈ കുടുംബങ്ങളെയാകെ ഊരുവിലക്കിയിരിക്കുന്നത്. ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍നിന്ന് പതിനഞ്ചുകാരിയായ ദലിത് പെണ്‍കുട്ടി പൂ പറിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രണ്ടുമാസം മുമ്പായിരുന്നു പെണ്‍കുട്ടി പൂ പറിച്ചത്.
തങ്ങളുടെ വീട്ടില്‍ വളരുന്ന പൂവ് കട്ട് പറിച്ചതായി വീട്ടുകാര്‍ പരാതിയുമായെത്തിയതോടെയാണ് വിഷയം ഗ്രാമത്തിലെ രണ്ട് ജാതികള്‍ തമ്മിലുള്ള ഏറ്റമുട്ടലിലേക്ക് നീങ്ങിയത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 40 കുടുംബങ്ങള്‍ക്ക് ഊരുവിലക്കെന്ന സംഭവത്തിലെത്തിയത്.
മകള്‍ തെറ്റ് ചെയ്ത വിവരം അറിഞ്ഞപ്പോള്‍തന്നെ തങ്ങള്‍ ആ വീട്ടുകാരോട് മാപ്പ് ചോദിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന് നിരഞ്ജന് നായിക് പറഞ്ഞു. പക്ഷേ, ഗ്രാമത്തിലെ ഒരു വിഭാഗം അപ്പോഴേക്കും പലതവണ യോഗം ചേര്‍ന്ന് തങ്ങളെ ഒന്നാകെ ഊരുവിലക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തങ്ങളോട് സംസാരിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഗ്രാമത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
800 കുടുംബങ്ങളാണ് ഗ്രാമത്തില്‍ മൊത്തം താമസം. ഇതില്‍ 40 കുടുംബങ്ങള്‍ പട്ടികജാതിയില്‍ പെട്ട നായിക് സമുദായക്കാരാണ്. നായിക് സമുദായ അംഗങ്ങളെല്ലാം ചേര്‍ന്ന് തങ്ങളെ ഊരുവിലക്കിയതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിനും പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 17 നാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്കിയ ശേഷം രണ്ട് പ്രാവശ്യം സമാധാനയോഗങ്ങള്‍ ഉണ്ടായെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.
40 കുടുംബങ്ങള്‍ക്കും ഗ്രാമത്തിലെ പൊതുനിരത്തുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇവരുടെ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. സമുദായത്തില്‍പെട്ട അധ്യാപകരോട് മറ്റെവിടേക്കെങ്കിലും ജോലി തേടി പോകാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. സമുദായത്തിലെ ഭൂരിഭാഗവും കര്‍ഷകരാണ്. വയലുകളില്‍ ജോലി ചെയ്യാനും ഇവര്‍ക്ക് വിലക്കുണ്ട്. ഇവരില്‍ പലരും നിരക്ഷരരോ, വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവരോ ആണ്. വിവാഹങ്ങളിലോ മരണാനന്തര ചടങ്ങുകളിലോ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. ഗ്രാമത്തിലെ റേഷന്‍ കടകളിലും പലചരക്ക് കടകളിലും ചെന്ന് സാധനങ്ങള്‍ വാങ്ങുന്നതിനും വിലക്കുണ്ട്. അഞ്ചു കിലോമീറ്റര്‍ അകലേക്ക് പോലും സാധനം വാങ്ങാനായി പോകാന്‍ പാടില്ല. ഞങ്ങളോട് ഗ്രാമവാസികളൊന്നും മിണ്ടാറുമില്ല... എന്ന് പറയുന്നു ഗ്രാമവാസികളിലൊരാളായ ജ്യോതി നായിക്.
COMMENTS