പി പി ഇ കിറ്റുകൾക്ക് രാജ്യത്തിനകത്തും പുറത്തും ക്ഷാമം നേരിടുമ്പോൾ അതിന് പ്രതിവിധിയുമായി എത്തിയിരിക്കുന്നത് എറണാകുളം കിഴക്കമ്പലത്തുള്ള വ്യവ...
പി പി ഇ കിറ്റുകൾക്ക് രാജ്യത്തിനകത്തും പുറത്തും ക്ഷാമം നേരിടുമ്പോൾ അതിന് പ്രതിവിധിയുമായി എത്തിയിരിക്കുന്നത് എറണാകുളം കിഴക്കമ്പലത്തുള്ള വ്യവസായ ഗ്രൂപ്പായ കിറ്റക്സ് ആണ്. ദിവസം 35000 പി പി ഇ കിറ്റുകൾ ഉല്പാദിപ്പിക്കുന്നതിലൂടെ ഇന്ത്യക്ക് മാത്രമല്ല ലോകത്ത് കോവിഡ് പടരുന്ന വിവിധ രാജ്യങ്ങൾക്കാണ് വലിയൊരു ആശ്വാസമാകുന്നത്. രോഗികളെ ചികിൽസിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഏറ്റവും അത്യാവശ്യമായ പിപിഇ കിറ്റുകൾ ഇത്രയധികം എണ്ണം ഉല്പാദിപ്പിക്കുന്നതിലൂടെ വലിയൊരു മുന്നേറ്റമാണ് കിറ്റക്സ് വ്യവസായ ഗ്രൂപ്പിലൂടെ ലോകത്താകമാനം കോവിഡ് പ്രതിരോധരംഗത്തുണ്ടാകാൻ പോകുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് കുഞ്ഞുങ്ങൾക്കുള്ള ഉടുപ്പുകൾ കയറ്റുമതി ചെയ്തിരുന്ന കിറ്റക്സ് ഗാര്‍മന്റ്സ് ലിമിറ്റഡിന്റെ കിഴക്കമ്പലത്തുള്ള യൂണിറ്റില്‍ ഇപ്പോള്‍ അതിന് പകരം ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പിപിഇ കിറ്റുകളുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. 8000ത്തോളം ജീവനക്കാരെ ക്വാറന്റൈനില്‍ താമസിപ്പിച്ചാണ് ഇവിടെ ഇതിന്റെ ഉത്പാദനം നടക്കുന്നത്. 35000 കിറ്റുകൾ എന്നത് 50000 ആക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇതോടെ മാസം 15 ലക്ഷം കിറ്റുകള്‍ ലഭ്യമാക്കാനാകും.
ലോകത്ത് പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഗവണ്മെന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവയുടെ ഉല്‍പ്പാദനം ആരംഭിച്ചതെന്നും ഇപ്പോള്‍ ഇന്ത്യക്കു പുറമെ പല വിദേശ രാജ്യങ്ങളില്‍ നിന്നും ഓർഡർ വരുന്നുണ്ടെന്നും കിറ്റക്സ് ഗാര്‍മെന്റ്സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബ് പറയുന്നു.
കേരളത്തിലേക്ക് ആവശ്യമുള്ള കിറ്റുകളാണ് ആദ്യം നൽകുന്നത്. പിന്നീട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും മറ്റു രാജ്യങ്ങൾക്കും ആദ്യം ഓർഡർ വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ നൽകും. കിറ്റക്സ് ബ്രാന്‍ഡിൽ തന്നെ പുറത്തിറക്കുന്ന പൂര്‍ണ്ണമായും സ്റ്റെറിലൈസ് ചെയ്ത ഓരോ പിപിഇ കിറ്റിലും ഗൗണ്‍, ഷൂ കവര്‍, 3 ലെയര്‍ മാസ്ക്, ഗ്ലൗസ്, ഗൂഗിള്‍സ്, ഫേസ് ഷീല്‍ഡ് എന്നീ ആറ് ഉല്പ്പന്നങ്ങളാണുള്ളത്.
കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 8000 ത്തോളം തൊഴിലാളികളും പുറത്തേക്ക് പോകാതെ ഇവിടെത്തന്നെ താമസിച്ചാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഇവര്‍ ഒരുമിച്ചല്ല, പല ബ്ലോക്കുകളിലായി 40 സോണുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. കുഞ്ഞുടുപ്പുകൾ നിർമിക്കുമ്പോഴും ഏറ്റവും സുരക്ഷിതമായും മാസ്കും സാനിറ്റയ്സറും ഉപയോഗിച്ചും തന്നെയാണ് ഇവിടെ ജോലികൾ നടന്നു വന്നിരുന്നത്. ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തോടൊപ്പം നിർമാണ വേളകളിൽ പോലും പുലർത്തുന്ന ഇത്തരത്തിലുള്ള ലോകോത്തര സുരക്ഷാ ക്രമീകരണങ്ങളാണ് കിറ്റക്സ് ബ്രാൻഡിന് ലോകത്തെ വിവിധരാജ്യങ്ങളിൽ വൻ ഡിമാൻഡ് നൽകിയിരുന്നത്. ഇപ്പോള്‍ എല്ലാവർക്കും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപും ശേഷവും ടെമ്പറേച്ചര്‍ ടെസ്റ്റിംഗും നടത്തുന്നുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിച്ചും എല്ലാ വിധ മുൻകരുതലോടുകൂടിയും പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന പി പി ഇ കിറ്റുകൾ ഇന്ത്യയിലും വിദേശത്തും കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ശ്രദ്ധേയമായ പങ്കു വഹിക്കുമെന്നതിൽ തർക്കമില്ല.
ഇത് കൂടാതെ മികച്ച ഗുണമേന്മയുള്ള വിവിധയിനം കോട്ടൺ മാസ്കുകളും പൊതുജനങ്ങളുടെ ഉപയോഗത്തിനായി തയ്യാറായിക്കഴിഞ്ഞു. വിവിധ കളറുകളിലും മോഡലുകളിലുമുള്ള മാസ്ക്കുകൾ തെരഞ്ഞെടുക്കാനും കഴിയും. ഏതായാലും കോവിഡ് കാലത്ത് വ്യത്യസ്തമായ ആശയങ്ങളുമായാണ് കിറ്റക്സ് ഗ്രൂപ്പ് സജ്ജീവമാകുന്നത്.
COMMENTS