1995 ൽ പണിത ഒരുനില വീടിനെ പൂർണമായും പൊളിച്ചുനീക്കാതെ, ചെറിയ പരിവർത്തനങ്ങളിലൂടെ പുതുപുത്തനാക്കിയ കഥയാണിത്. അടിത്തറയും ഭിത്തികളും നല്ല കെട്ടുറ...
1995 ൽ പണിത ഒരുനില വീടിനെ പൂർണമായും പൊളിച്ചുനീക്കാതെ, ചെറിയ പരിവർത്തനങ്ങളിലൂടെ പുതുപുത്തനാക്കിയ കഥയാണിത്. അടിത്തറയും ഭിത്തികളും നല്ല കെട്ടുറപ്പുള്ളതായതിനാലാണ് പൊളിച്ചു നീക്കാഞ്ഞത്.
മോഡേൺ ശൈലിയിലേക്ക് മാറ്റിയെടുത്ത എലിവേഷനിൽ പുതുതായി കാർപോർച്ച് കൂട്ടിയെടുത്തു. പുറംകാഴ്ചയിലെ ഹൈലൈറ്റാണിത്. പോർച്ചിനു മുകളിൽ സിറ്റിങ് സ്പേസും ഗാർഡനും ക്രമീകരിച്ചു. ചെറിയൊരു പാർട്ടി സ്പേസായി ഉപയോഗിക്കാനുള്ള ക്രമീകരണങ്ങളും ഇവിടെ നൽകി. ഷോ വാളും സിറ്റൗട്ടിലെ ഗ്ലാസ് റൂഫിങ്ങും കടപ്പ സ്റ്റോണും ബ്രിക്ക് ക്ലാഡിങ്ങും സിമന്റ് ടെക്സ്ചർ വർക്കുമെല്ലാം എലിവേഷന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.
പഴയ വീടിനോട് ചേർന്നുനിന്നിരുന്ന ആര്യവേപ്പും മറ്റും ചെടികളും സംരക്ഷിച്ചാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. വീട്ടിലേക്ക് കയറുന്നതിനായി മൂന്നു സ്റ്റെപ്പുകൾ കൂട്ടിച്ചേർത്തു. പഴയ സിറ്റൗട്ട് എക്റ്റെൻഡ് ചെയ്ത സ്പേഷ്യസാക്കി.
പഴയ വീട്ടിലെ ചെറിയ ഹാളും വിശാലമാക്കി. ഓപ്പൺ നയത്തിൽ ലിവിങ്- ഡൈനിങ് ഒരുക്കി. പഴയ മാസ്റ്റർ ബെഡ്റൂം, യൂട്ടിലിറ്റി സ്പേസ് എന്നിവ അതേപടി നിലനിർത്തി പുതുക്കിയെടുത്തു. ഫാമിലി ലിവിങ്, ഷോ കിച്ചൻ, വർക്കേരിയ, കിഡ്സ് ബെഡ്റൂം എന്നിവ പുതുതായി കൂട്ടിയെടുത്ത ഇടങ്ങളാണ്.
ഏറ്റവും പുതിയ ഗുണനിലവാരമുള്ള മെറ്റീരിയലുകളാണ് അകത്തളത്തിന് ആഢ്യത്വം പകരുന്നത്. ടീക്+ വെനീർ കോംബിനേഷന്റെ ചന്തവും സ്പോട് ലൈറ്റുകളും എല്ലാം അകത്തളം കമനീയമാക്കുന്നു.
ഡൈനിങ് ഹാളിലാണ് സ്റ്റെയർ. സ്റ്റെയറിനടിയിൽ ഫാമിലി ലിവിങ് നൽകി സ്ഥലം ഉപയുക്തമാക്കി. ഇവിടെ നൽകിയ ടിവി വോൾ പാർടീഷനായും വർത്തിക്കുന്നു. ഇതിൽ ക്യൂരിയോസ് ഷെൽഫും നൽകി. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് കൈവരികൾ.
ഡൈനിങ് കം ഓപ്പൺ കിച്ചനാണ്. മൾട്ടിവുഡ്+ വെനീർ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. മുകൾനിലയിൽ എന്റർടെയിൻമെൻറ് റൂമും യൂട്ടിലിറ്റി ഏരിയയുമാണുള്ളത്.
മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകി. വാൾ പേപ്പറും സീലിങ് പാറ്റേണുമെല്ലാം ബെഡ്റൂമുകൾക്ക് ചന്തം പകരുന്നു. സൈഡ് ടേബിളും സിറ്റിങ് സ്പേസും മുറികളെ ഉപയുക്തമാക്കുന്നു.
ചുരുക്കത്തിൽ മികച്ച ആസൂത്രണത്തോടെ പുതുക്കിപ്പണിയെ സമീപിച്ചതിനാൽ, പുറമെ കാണുമ്പോൾ ഇത് പഴയ വീട് പുതുക്കിപ്പണിതതാണെന്നു പറയുകയേയില്ല.
COMMENTS