കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ ഔദ്യോഗിക മരണ സംഖ്യ 200 കടന്നു. ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത് 64 മരണങ്ങളാണ്. ഒരേസമയം ചി...
കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ ഔദ്യോഗിക മരണ സംഖ്യ 200 കടന്നു. ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത് 64 മരണങ്ങളാണ്. ഒരേസമയം ചികിൽസയിലുള്ളവരുടെ എണ്ണം 35,000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ വിലയിരുത്തൽ.
കോവിഡ് മരണ സംഖ്യ ഉയരുകയാണ്. 203 മരണങ്ങളിൽ 132 പേരും അറുപതു വയസിനു മുകളിലുള്ളവരാണെന്നത് റിവേഴ്സ് ക്വാറന്റീൻ ശക്തിപ്പെടുത്തണമെന്നാണ് സൂചിപ്പിക്കുന്നത്. 7 പേർ 18 - 40 നുമിടയിൽ പ്രായമുളളവരും 52 പേർ 41 നും 59 നുമിടയിലുള്ള വരുമാണ്. 24.63 % പേർക്കും രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. 64.53% പേർക്ക് പ്രാദേശിക സമ്പക്കർത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. പുറത്തു നിന്നുവന്ന വർ 10 ശതമാനം മാത്രമേയുള്ളു. ഔദ്യോഗിക കണക്കുകൾ ഇതാണെങ്കിലും മരണശേഷമോ മുമ്പോ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 350 കടന്നു
എല്ലാ ദിവസവും 1500 നു മുകളിൽ പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്ത ഒരാഴ്ച കൊണ്ട് മാത്രം 12905 പുതിയ രോഗികളുണ്ടായി. അതേസമയം ഗുരുതരാവസ്ഥയിലുള്ളവർ ആകെ രോഗബാധിതരുടെ ഒരു ശതമാനം മാത്രമാണെന്നതാണ് ആശ്വാസം. മാസാവസാനം പ്രതിദിന രോഗബാധ 3500ലേയ്ക്കെത്തുമെന്നും സെപ്റ്റംബറോടെ പരമാവധി 5000 വരെയാകുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടൽ. ഓണാഘോഷം അതിരുവിട്ടാൽ കാര്യങ്ങൾ സങ്കീർണമാകുമോ എന്ന ആശങ്കയും ആരോഗ്യ വകുപ്പിനുണ്ട്. അതുകൊണ്ടു തന്നെ സെപ്റ്റംബർ രണ്ടാം വാരത്തോടെയേ കേരളത്തിന്റെ കോവിഡ് വ്യാപനം എത്രവരെ പോകുമെന്ന് കൃത്യമായി നിർണയിക്കാനാകുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ .
COMMENTS