ഹൈദരാബാദ്: യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ ഉൾപ്പെടെ 139 പേർക്കെതിരെ ലൈംഗിക പീഡന കേസെടുത്ത് പൊലീസ്. ഹൈദരാബാദിലെ പഞ്ചഗുട്ട് പൊലീസ് ...
ഹൈദരാബാദ്: യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ ഉൾപ്പെടെ 139 പേർക്കെതിരെ ലൈംഗിക പീഡന കേസെടുത്ത് പൊലീസ്. ഹൈദരാബാദിലെ പഞ്ചഗുട്ട് പൊലീസ് സ്റ്റേഷനിലാണ് 25കാരി പരാതിയുമായെത്തിയത്. രാഷ്ട്രീയ നേതാക്കളും ഡോക്ടർമാരും സിനിമ-മാധ്യമ രംഗത്തെ ആളുകളും ഉൾപ്പെടെയുള്ളവർ യുവതിയുടെ മൊഴി അനുസരിച്ച് എഫ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ട്. പീഡിപ്പിച്ച ആളുകളിൽ പലരുടെയും പേരുകൾ പോലും അറിയില്ലെന്നാണ് യുവതി പറയുന്നത്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 42 പേജുള്ള എഫ്ഐആര് ആണ് പൊലീസ് തയ്യാറാക്കിയത്.
മിര്യാല്ഗുഡയിലെ ഒരാളുമായി ജൂൺ 2009 ലായിരുന്നു യുവതിയുടെ വിവാഹം. ഇതിനു ശേഷമാണ് പീഡനപരമ്പര ആരംഭിച്ചതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഭർത്താവിന്റെ കുടുംബാംഗങ്ങളിൽ നിന്നാണ് ആദ്യമായി ലൈംഗിക പീഡനം നേരിടേണ്ടി വന്നത്. പീഡനം സഹിക്കവയ്യാതെ ആയതോടെ 2010 ഡിസംബറിൽ വിവാഹമോചനം നേടി തുടർ പഠനത്തിനായി കോളജിൽ ചേർന്നു. തുടർന്നും പല തവണ പീഡനത്തിനിരയായി. പത്ത് വർഷക്കാലത്തിനിടെ അയ്യായിരത്തോളം പ്രാവശ്യം ബലാത്സംഗത്തിനും കൂട്ട ബലാത്സംഗത്തിനും ഇരയായെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ഇക്കൂട്ടത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും സ്വദേശികളും വിദേശത്തു നിന്നടക്കം ഉള്ളവരും ഉണ്ടായിരുന്നുവെന്നും ആരോപിപ്പിക്കുന്നു. പീഡനദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പോണോഗ്രഫി ഉള്ളടക്കം ആയി ഉപയോഗിച്ചുവെന്നും പറയപ്പെടുന്നു. ജാതി അധിക്ഷേപത്തിന് പുറമെ നേരിടേണ്ടി വന്ന നിന്ദ്യമായ പല പ്രവർത്തികളെ കുറിച്ചും ഇവർ പരാതിയിൽ വിവരിച്ചിട്ടുണ്ട്.
ലൈംഗിക അതിക്രമത്തിന് പുറമെ ക്രൂരമായ ശാരീരിക പീഡനങ്ങളും മരണഭീഷണി വരെയും നേരിടേണ്ടി വന്നുവെന്നും യുവതി ആരോപിക്കുന്നു. ആസിഡും ഒഴിക്കുമെന്നും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നുമായിരുന്നു ഭീഷണി. ഓൺലൈൻ സെക്സ് റാക്കറ്റിലെ കണ്ണികളാണ് ഇത്തരം അതിക്രമങ്ങൾക്ക് പിന്നിലെന്നും നിരവധി പെൺകുട്ടികൾ ഇവരുടെ ചതിക്ക് ഇരയായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഭീഷണി ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്നും ഇവർ പറയുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ബലാത്സംഗം, ലൈംഗിക അതിക്രമം, പട്ടിക ജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ. സ്ത്രീയുടെ മൊഴികൾ പരിശോധിച്ച് വരികയാണെന്നും ഇതിനു ശേഷം മെഡിക്കൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇവർ പറയുന്ന കാര്യങ്ങൾ കൃത്യമാണോയെന്ന് സ്ഥിരീകരിച്ച് വരികയാണെന്നും പഞ്ചഗുട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.
COMMENTS