സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള ഫാക്ട് ചെക്കിനായി ചെലവഴിക്കുന്നത് പതിമൂന്ന് ലക്ഷത്തിലേറെ രൂപ. മൂന്ന...
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള ഫാക്ട് ചെക്കിനായി ചെലവഴിക്കുന്നത് പതിമൂന്ന് ലക്ഷത്തിലേറെ രൂപ. മൂന്ന് ജീവനക്കാരെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പി.ആര്.ഡിയുടെ നേതൃത്വത്തില്‍ തുടങ്ങിയ പുതിയ പരിപാടിയാണ് ഫാക്ട് ചെക്ക്. വ്യാജവാര്‍ത്ത കണ്ടെത്തി വെബ്സൈറ്റിലും ഫേസ്ബുക്കിലും പ്രസദ്ധീകരിക്കും. കോവിഡ് കാലത്തെ വ്യാജപ്രചാരണത്തിന് തടയിടുകയാണ് ലക്ഷ്യമെന്ന് പറയുന്നെങ്കിലും പരിശോധിക്കുന്നതിലേറെയും മാധ്യമങ്ങളിലെ വാര്‍ത്തകളാണെന്ന് ഇതുവരെയുള്ള പ്രസിദ്ധീകരണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇനി ഈ പ്രതിസന്ധികാലത്ത് ഇതിനുള്ള ചെലവ് നോക്കാം. 13,04,280 രൂപ. ഒരു ഗ്രാഫിക് ഡിസൈനര്‍ക്കും രണ്ട് സമൂഹമാധ്യമ എഡിറ്റര്‍മാര്‍ക്കും ശമ്പളം നല്‍കാനാണ് ഇത്രയും തുക.
ലക്ഷങ്ങള്‍ ശമ്പളം വാങ്ങിക്കുന്നവര്‍ വ്യാജവാര്‍ത്തയെന്ന് കണ്ടെത്തിയത് കയ്യോടെ പൊളിഞ്ഞുപോയ ഉദാഹരണങ്ങളും ഈ ചുരുങ്ങിയ ദിവസത്തിനുള്ളിലുണ്ടായി. സര്‍ക്കാര്‍ പ്രസില്‍ നിന്ന് രഹസ്യവിവരങ്ങളടങ്ങിയ ഫയല്‍ നഷ്ടമായെന്ന വാര്‍ത്ത വ്യാജം എന്നായിരുന്നു പി.ആര്.ഡിയുടെ കണ്ടെത്തല്‍. എന്നാല്‍ അച്ചടിവകുപ്പ് ഡയറക്ടര്‍ തന്നെ ഫയല്‍ നഷ്ടമായെന്ന് പൊലീസിന് പരാതി നല്‍കിയതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്തല്‍ പിന്‍വലിച്ച് പി.ആര്.ഡിക്ക് തടിതപ്പേണ്ടിവന്നു. വാര്‍ത്ത നല്കിയ മാധ്യമങ്ങളോട് വിശദീകരണം പോലും ചോദിക്കാതയാണ് വ്യാജം എന്ന് ഫാക്ട് ചെക്ക് സംഘം നിശ്ചയിക്കുന്നത്. ഇത് ഉന്നതരുടെ നിര്‍ദേശപ്രകാരമെന്നാണ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നത്.
COMMENTS