മട്ടാഞ്ചേരി: രാജ്യത്തു നടമാടുന്ന മഹാമാരി മൂലം സ്കൂളുകൾ എന്ന് തുറക്കുമെന്ന...
മട്ടാഞ്ചേരി: രാജ്യത്തു നടമാടുന്ന മഹാമാരി മൂലം സ്കൂളുകൾ എന്ന് തുറക്കുമെന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ കുട്ടികളിൽ നിന്ന് എല്ലാ വർഷവും സ്റ്റാംപിനത്തിൽ പിരിച്ചെടുക്കുന്ന പണം ഇത്തവണയും വേണമെന്ന് സ്കൂളുകൾക്ക് വിദ്യഭ്യാസ വകുപ്പിന്റെ സർക്കുലർ.ശിശുദിന സ്റ്റാംപിനത്തിൽ ഒരു കുട്ടിക്ക് പത്ത് രൂപ വീതം അടക്കണമെന്നാണ് നിർദേശം.
സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഈ തുക എങ്ങനെ പിരിക്കണമെന്നത് സംബന്ധിച്ചു നിർദേശമൊന്നും നൽകിയിട്ടില്ലെങ്കിലും തുക അടക്കണമെന്നാണ് പ്രധാനാധ്യാപകർക്ക് നൽകിയ സർക്കുലറിൽ പറയുന്നത്. എഇഒമാരാണ് അതാത് ഉപജില്ലയുടെ കീഴിലുള്ള സ്കൂളുകൾക്ക് സർക്കുലർ അയച്ചത്. ഓരോ സ്കൂളുകൾക്കും പണം അടക്കുന്നതിന് പ്രത്യേകമായി ദിവസവും നൽകിയിട്ടുണ്ട്. കുട്ടികൾ സ്കൂളിൽ വരാത്ത സാഹചര്യത്തിൽ ഈ പണം പ്രധാനധ്യാപകർ അടക്കേണ്ടി വരും.
സ്കൂൾ തുറന്ന് കഴിഞ്ഞാലും പണം പിരിക്കുക ബുദ്ധിമുട്ടാകും.തുക പ്രധാനധ്യാപകർ വഹിക്കേണ്ടി വരും. കുറഞ്ഞ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്ക് ഇത് വലിയ ബാധ്യതയാകില്ലെങ്കിലും ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന നിരവധി സ്കൂളുകൾക്ക് ഇത് വലിയ ബാധ്യതയായി തീരും.കൊവിഡ് കാലത്തെ ഈ തീരുമാനത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നാണ് ആവശ്യം.
COMMENTS