മുംബൈ∙ ജീവനൊടുക്കിയ നടൻ സുശാന്ത് സിങ്ങിന്റെ കാമുകി, നടി റിയ ചക്രവർത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നു സമൂഹമാധ്യമങ്ങളിൽ ഭീഷണി മുഴക്കിയ 2 ...
മുംബൈ∙ ജീവനൊടുക്കിയ നടൻ സുശാന്ത് സിങ്ങിന്റെ കാമുകി, നടി റിയ ചക്രവർത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നു സമൂഹമാധ്യമങ്ങളിൽ ഭീഷണി മുഴക്കിയ 2 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. നടന്റെ ആത്മഹത്യയ്ക്കു പിന്നിൽ റിയ ചക്രവർത്തിക്കു പങ്കുണ്ടെന്ന് ആരോപിച്ചാണ് നടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഭീഷണിയും പ്രചാരണവും. ഇൻസ്റ്റഗ്രാം വഴി ഭീഷണി മുഴക്കിയ 2 പേർക്ക് എതിരെയാണു നടപടി.
സുശാന്തിന്റെ മരണം: സംവിധായകൻ ആദിത്യ ചോപ്രയെ ചോദ്യം ചെയ്തതു നാലു മണിക്കൂർ
പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും മഹാരാഷ്ട്ര സൈബർ സെൽ അറിയിച്ചു. വരുംദിവസങ്ങളിൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും കൂട്ടിച്ചേർത്തു. അശ്ലീല, ഭീഷണി സന്ദേശങ്ങളോടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന കമന്റുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റിയ ചക്രവർത്തി സംഭവം അന്വേഷിക്കണമെന്നു സൈബർ പൊലീസിനോട് അഭ്യർഥിച്ചിരുന്നു. പിന്നാലെയാണു നടപടി.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്കു കൈമാറണമെന്നും റിയ ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കേസ് അന്വേഷിക്കാൻ മുംബൈ പൊലീസ് പ്രാപ്തരാണെന്നു സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പ്രതികരിച്ചു. സുശാന്തിന്റെ മരണം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും തുമ്പുണ്ടാക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. 35 പേരെ ചോദ്യം ചെയ്ത പൊലീസ്, ഫൊറൻസിക് റിപ്പോർട്ടിനു കാത്തിരിക്കുകയാണ്.
COMMENTS