കോവിഡ് വാക്സിൻ ഉല്‍പ്പാദിപ്പിക്കാനുള്ള അമേരിക്കന്‍ കമ്പനിയുടെ നീക്കം വിജയവഴിയില്‍. മോഡേണ കമ്പനിയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്ന് വാക്സിന് വികസിപ്പിച്ചത്. മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകള്‍ കൂടി തുടര്ന്നശേഷമെ മരുന്നിന് സര്‍ക്കാര്‍ അംഗീകാരം നല്കു. ഈ വര്‍ഷം തന്നെ വാക്സിന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
മോഡേണയുടെ വാക്സിന് പരീക്ഷണം 90 ശതമാനവും വിജയകരമാണ് എന്നതാണ് ലോകത്തിന് പ്രതീക്ഷയേകുന്നത്. രോഗപ്രതിരോധശേഷി കൂട്ടുന്നതാണ് വാക്സിന്. വാക്സിന് ഉപയോഗിച്ചവരില്‍ കോവിഡിനെ പ്രതിരോധിക്കുന്ന ആന്റി ബോഡിയുടെ ഉല്പാദനം ഇരട്ടിയായി. ചെറിയ പാര്‍ശ്വഫലങ്ങള്‍ കാണുന്നു എന്നതാണ് ഒന്നാംഘട്ട പരീക്ഷണം നേരിടുന്ന വെല്ലുവിളി. ക്ഷീണം, വിറയല്‍, തലവേദന, പേശിവേദന തുടങ്ങിയവയാണ് പൊതുവായ പാര്‍ശ്വഫലങ്ങളെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലെ ലേഖനം വ്യക്തമാക്കുന്നു. പതിനെട്ടിനും 55 നും ഇടയില്‍ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്സിന് പരീക്ഷിച്ചത്.
കൂടുതല്‍ ആളുകളില്‍ പരീക്ഷണം നടത്തിയാലെ പൂര്‍ണ വിജയമെന്ന് പറയാനാകൂ. അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനം തുടങ്ങാനാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. വിജയകരമാണെങ്കില്‍ ഈ വര്‍ഷം 50കോടി വാക്സിന് ഉല്‍പ്പാദിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 2021 ഓടെ ഇത് ഇരട്ടിയാക്കാനാവും.
COMMENTS