ന്യൂഡൽഹി ∙ വായുവിൽ തങ്ങി നിൽക്കുന്ന ചെറു കണികകളിലൂടെ സാർസ് കോവ് 2 വൈറസ് വ്യാപിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനു പിന്നാലെ പൊതുസ...
ന്യൂഡൽഹി ∙ വായുവിൽ തങ്ങി നിൽക്കുന്ന ചെറു കണികകളിലൂടെ സാർസ് കോവ് 2 വൈറസ് വ്യാപിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനു പിന്നാലെ പൊതുസ്ഥലങ്ങളിൽ മാത്രമല്ല അടച്ചിട്ട ഇടങ്ങളിലും മാസ്ക് നിർബന്ധമാക്കണമെന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സിഎസ്ഐആർ). വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചെറു കണികകളിലൂടെ വ്യാപിച്ചേക്കാമെന്നും സിഎസ്ഐആർ ഡയറക്ടർ ജനറൽ ശേഖർ മാണ്ഡെ പറഞ്ഞു.
വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളേക്കാൾ തുറന്നയിടങ്ങൾ തിരഞ്ഞെടുക്കുക. ജോലിസ്ഥലങ്ങളിലും കൂടുതൽ ഇടപഴകുന്ന സ്ഥലങ്ങളിലും മതിയായ വായുസഞ്ചാരം ഉണ്ടെന്നു ഉറപ്പു വരുത്തുക. എല്ലായ്പ്പോഴും മാസ്ക് ധരിക്കുക, ധരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക തുടങ്ങിയവ വൈറസ് വ്യാപനം തടയാനുള്ള വഴികളാണ്. പൊതു ഇടങ്ങളിൽ, പ്രത്യേകിച്ച് തിരക്കുള്ളതും അടച്ചിട്ടതും വായുസഞ്ചാരം ഇല്ലാത്തതുമായ സ്ഥലങ്ങളിലാണ് പകർച്ചാസാധ്യത കൂടുതൽ. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്നും ശേഖർ മാണ്ഡെ പറഞ്ഞു.
കീം എന്‍ട്രന്‍സ് എഴുതിയ 2 വിദ്യാർഥികൾക്ക് കോവിഡ്; ഒപ്പമെഴുതിയവർ നിരീക്ഷണത്തിൽ
രോഗം ബാധിച്ച ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തെറിക്കുന്ന സ്രവങ്ങളിലൂടെ മാത്രമാണ് വൈറസ് പകരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞർ അടങ്ങിയ സംഘമാണ് വൈറസ് വായുവിലൂടെ പകരാൻ സാധ്യത ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. വൈറസ് അടങ്ങുന്ന കണങ്ങള്‍ക്ക് ഒരു മണിക്കൂറിലധികം വായുവില്‍ തങ്ങിനിന്ന് രോഗം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് സിഎസ്ഐആർ ചൂണ്ടിക്കാട്ടുന്നു.
കൊറോണ വൈറസ് പരക്കാതിരിക്കാന്‍ മുറികളിലെ വായു ഇടയ്ക്ക് മാറ്റേണ്ടത് അത്യാവശ്യമാണെന്നും മുറിയിലെ വായു വീണ്ടുംവീണ്ടും ചുറ്റിത്തിരിയാൻ അവസരമൊരുക്കുന്ന എസി പോലുള്ള ഉപകരണങ്ങള്‍ കാര്യങ്ങള്‍ വഷളാക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു.
COMMENTS