തൃശ്ശൂർ: അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റിൽ സതീശനെ കൊലപ്പെടുത്തിയത് പട്ടിണിക്കിട്ടും ഇഞ്ചിഞ്ചായി തല്ലിച്ചതച്ചും. രണ്ട് ദിവസം വെള്ളംപോലും നൽകാതെ ക...
തൃശ്ശൂർ: അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റിൽ സതീശനെ കൊലപ്പെടുത്തിയത് പട്ടിണിക്കിട്ടും ഇഞ്ചിഞ്ചായി തല്ലിച്ചതച്ചും. രണ്ട് ദിവസം വെള്ളംപോലും നൽകാതെ കക്കൂസിൽ പൂട്ടിയിട്ടു. വിശന്ന് കരഞ്ഞപ്പോൾ വസ്ത്രങ്ങൾ ഊരിയെടുത്ത് വീണ്ടും പൂട്ടി. വെള്ളം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മൂത്രം കുടിപ്പിച്ചു. ഇത് നിരസിച്ചപ്പോൾ കല്ലുകൊണ്ട് ഇടിച്ചു; ബേസ്ബോൾ സ്റ്റിക്കുകൊണ്ട് തല്ലിച്ചതച്ചു. രണ്ട് ദിവസം നീണ്ട മർദനത്തിൽ അവശനായ സതീശന്റെ ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ താഴ്ന്ന നിലയിലായിരുന്നത് മരണത്തിലേക്ക് നയിച്ചു.
മൃതദേഹത്തിൽ 12 വലിയ ചതവുകളും എല്ലുകളിൽ പൊട്ടലുമുണ്ടായിരുന്നു. സതീശൻ നേരിടേണ്ടിവന്നത് പ്രാകൃതവും ക്രൂരവുമായ മർദനമായിരുന്നെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ രേഖകളിലുണ്ട്.
ഒന്നാംപ്രതി കൃഷ്ണപ്രസാദാണ് കല്ലുകൊണ്ടിടിച്ചതെന്നാണ് പ്രോസിക്യൂഷൻ തെളിയിച്ചത്. റഷീദും ശാശ്വതിയും ബേസ്ബോൾ സ്റ്റിക്കുകൊണ്ട് മർദിച്ചു. ഭക്ഷണം ഇല്ലായിരുന്നെങ്കിലും സതീശന്റെ ശരീരത്തിൽ മദ്യത്തിന്റെ അളവ് വലിയതോതിൽ കണ്ടെത്തിയിരുന്നു. ഇതു ബലമായി കുടിപ്പിച്ചതാണെന്നാണ് വിലയിരുത്തൽ. അമിത മദ്യപാനം മൂലം മരണം സംഭവിച്ചതാണെന്നു വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. മദ്യത്തിന്റെ അംശം സംബന്ധിച്ച് മെഡിക്കൽ രേഖകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയെങ്കിലും കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയുള്ള മർദനം എന്ന പ്രോസിക്യൂഷൻ വാദമാണ് കോടതി പരിഗണിച്ചത്.
*കൂടെക്കൂട്ടി, കൊന്നുകളഞ്ഞു*
ഷൊർണൂരിൽ ബസ് ഡ്രൈവറായിരുന്ന സതീശൻ നല്ല ജോലിതേടിയും വിദേശത്തേക്ക് പോകാമെന്ന് പ്രതീക്ഷിച്ചുമാണ് ഒരു സുഹൃത്ത് മുഖേന കൊടൈക്കനാലിലെത്തിയത്. അവിടെ റിസോർട്ടിൽ ഡ്രൈവറായി ജോലികിട്ടി.
ഇവിടെനിന്നാണ് മദ്യസത്കാര പാർട്ടിയിൽ പങ്കെടുത്ത റഷീദിനെയും ശാശ്വതിയേയും തൃശ്ശൂരിലെ ഫ്ലാറ്റിലേക്ക് സതീശൻ തിരിച്ചെത്തിക്കുന്നത്. കൂടെ നിന്നാൽ ബാങ്കിൽ ജോലി വാങ്ങിത്തരാമെന്ന് സതീശന് റഷീദ് ഉറപ്പ് നൽകി. ആ ഉറപ്പിന്മേൽ അവിടെ തങ്ങിയ സതീശന് പിന്നീടാണ് റഷീദ് കുഴൽപ്പണ ഇടപാടുകാരനാണെന്ന് മനസ്സിലായത്. ഇക്കാര്യം ഒരു കൂട്ടുകാരനോട് സതീശൻ പറഞ്ഞുവെന്ന സംശയമാണ് ക്രൂരമായ മർദനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.
കുരുക്ക് മുറുക്കി അഞ്ചുവയസ്സുകാരിയുടെ മൊഴി
കേസിൽ പ്രധാന തെളിവായത് മുഖ്യപ്രതികളിലൊരാളായ ശാശ്വതിയുടെ മകളുടെ മൊഴി. അഞ്ചുവയസ്സുള്ള മകൾ സംഭവസമയത്ത് ഫ്ലാറ്റിൽ ടിവി കണ്ടിരിക്കുന്നുണ്ടായിരുന്നു. അടച്ചിട്ട മുറിയിലെ ബഹളം കേട്ട് താക്കോൽപഴുതിലൂടെ നോക്കിയപ്പോൾ ക്രൂരമർദനം നടക്കുന്നതു കണ്ടതായി കുട്ടി പോലീസിനു മൊഴി നൽകിയിരുന്നു. ആരൊക്കെ മർദിച്ചുവെന്നതിന്റെ വിവരങ്ങൾ കുട്ടിക്കു വെളിപ്പെടുത്താനായില്ല.
*മൂന്ന് പ്രതികൾക്ക് ജീവപര്യന്തം*
തൃശ്ശൂർ: കോൺഗ്രസ് നേതാക്കൾ മുഖ്യപ്രതികളായ പഞ്ചിക്കൽ ഫ്ലാറ്റ് കൊലപാതകക്കേസിൽ ആദ്യ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ഷൊർണൂർ ലതാ നിവാസിൽ ബാലസുബ്രഹ്മണ്യന്റ മകൻ സതീശനെ(മണി-28) കൊലപ്പെടുത്തിയ കേസിലാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.ആർ. മധുകുമാർ ശിക്ഷവിധിച്ചത്. ആദ്യ മൂന്നു പ്രതികളും ചേർന്ന് 9.25 ലക്ഷം രൂപ പിഴയായും അടയ്ക്കണം. മൂന്നുമാസം കൊണ്ട് പിഴ ഒടുക്കിയില്ലെങ്കിൽ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടും. ഒന്നാംപ്രതി വാസുപുരം മാങ്ങാറിൽ വീട്ടിൽ കൃഷ്ണപ്രസാദ്(36), രണ്ടാംപ്രതി മറ്റത്തൂർ വെട്ടിക്കൽ വീട്ടിൽ റഷീദ്(40), മൂന്നാം പ്രതി ഗുരുവായൂർ തൈക്കാട് വീട്ടിൽ ശാശ്വതി(32) എന്നിവർക്കാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
നാലാംപ്രതി കനകമല കാണിയത്ത് വീട്ടിൽ രതീഷി(36)ന് ഒന്നരവർഷവും എട്ടാംപ്രതി ഒലവക്കോട് ഇരുപ്പാശ്ശേരി വീട്ടിൽ സുജീഷി(28)ന് ഒരുവർഷവും തടവുശിക്ഷ വിധിച്ചു. ഇവർ രണ്ടുപേരും ആയിരം രൂപ വീതം പിഴയടയ്ക്കണം. പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കിയെന്നതാണ് നാല്, എട്ട് പ്രതികൾക്കുമേൽ ചുമത്തിയിരുന്ന കുറ്റം. മൂന്നുപേരെ കുറ്റവിമുക്തരാക്കിയിരുന്നു.
2016 മാർച്ച് മൂന്നിന് അയ്യന്തോൾ പഞ്ചിക്കൽ പിനാക്കിൾ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. ജോലി വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടിയ സതീശനെ തന്റെ രഹസ്യങ്ങൾ കൂട്ടുകാരനോട് വെളിപ്പെടുത്തിയെന്നാരോപിച്ച് റഷീദിന്റെ നേതൃത്വത്തിൽ ശാശ്വതിയും കൃഷ്ണപ്രസാദും ചേർന്ന് ആദ്യം പട്ടിണിക്കിടുകയും പിന്നീട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.അന്നത്തെ വെസ്റ്റ് പോലീസ് സി.ഐ.വി.കെ. രാജുവാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിനു വർഗീസ് കാച്ചപ്പിള്ളി, അഡ്വക്കേറ്റുമാരായ സജി ഫ്രാൻസിസ് ചുങ്കത്ത്, ജോഷി പുതുശ്ശേരി എന്നിവർ ഹാജരായി.
സതീശന്റെ അച്ഛൻ ബാലസുബ്രഹ്മണ്യവും സഹോദരി ബബിതയും വിധി കേൾക്കാനെത്തിയിരുന്നു.
COMMENTS