കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് വടക്കൻ കേരളത്തിലെ ജ്വല്ലറികൾക്കുവേണ്...
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് വടക്കൻ കേരളത്തിലെ ജ്വല്ലറികൾക്കുവേണ്ടിയാണെന്ന് കസ്റ്റംസ് അന്വേഷണസംഘം.
ജൂലൈ അഞ്ചിലടക്കം നയതന്ത്ര ചാനൽ വഴി നികുതി വെട്ടിച്ച് സ്വർണമെത്തിച്ചത് വടക്കൻ കേരളത്തിലെ ജ്വല്ലറികൾക്കുവേണ്ടിയാണെന്നാണ് അന്വേഷണത്തിൽ കസ്റ്റംസ് സ്ഥിരീകരിച്ചത്.
സ്വർണം വാങ്ങിയ അവസാന കണ്ണികളെവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അടുത്തദിവസം കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ സെപ്റ്റംബർ മുതൽ നയതന്ത്ര ചാനൽ വഴിയും കാരിയർമാരെ ഉപയോഗിച്ചും ഈ സംഘം 150 കിലോ സ്വർണം സംസ്ഥാനത്തേക്ക് എത്തിച്ചതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
സ്വർണം കൊണ്ടുവന്നത് തീവ്രവാദ പ്രവർത്തനത്തിനാണെന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നിലപാടിന് വിരുദ്ധമാണ് കസ്റ്റംസിെൻറ കണ്ടെത്തൽ. സ്വർണം വാങ്ങിയ ജ്വല്ലറി ഉടമകളെ കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് കസ്റ്റംസ്.
ഈ ജ്വല്ലറി ഉടമകൾക്കോ ഇവരുടെ ഏജൻറുമാർക്കോ ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യം എൻ.ഐ.എ പരിശോധിക്കുമെന്ന നിലപാടിലാണ് കസ്റ്റംസ്.
സ്വർണമെത്തിച്ചിരുന്നത് പ്രധാനമായും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജ്വല്ലറികൾക്കുവേണ്ടിയാണെന്ന് കണ്ടെത്തിയ കസ്റ്റംസ് സംഘം, ബുധനാഴ്ച ഇവിടങ്ങളിലെ ഏതാനും ജ്വല്ലറികളിൽ റെയ്ഡ് നടത്തി. ഇതിൽ നാല് ജ്വല്ലറികൾ സ്വർണം വാങ്ങിയതിെൻറ കൃത്യമായ വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. റെയ്ഡിന് പിന്നാലെ സ്വർണം വാങ്ങാൻ പണമിറക്കിയ ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്വർണ ഇടപാടിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസും എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള സന്ദീപ് നായരുമാണെന്നാണ് അന്വേഷണത്തിൽനിന്ന് വ്യക്തമായത്. സന്ദീപ് നായർ, സ്വപ്ന സുരേഷിനെയും സരിത്തിനെയും ഇതിന് ഉപയോഗപ്പെടുത്തുകയായിരുന്നു.
സന്ദീപിെൻറ നിർദേശപ്രകാരമാണ് ഇരുവരും കോൺസുലേറ്റിലെ ജോലി രാജിവെച്ച് സ്വർണക്കടത്തിനിറങ്ങിയതെന്ന് കസ്റ്റംസ് പറയുന്നു.
COMMENTS