തിരുവനന്തപുരം : കൊവിഡ് ഭീതി മൂലം മാറ്റി വെച്ച കായിക ക്ഷമതാ പരീക്ഷകൾ പി.എസ്.സി പുനരാരംഭിക്കുന്നു. കോവിഡിൻ്റെ സമൂഹ...
തിരുവനന്തപുരം : കൊവിഡ് ഭീതി മൂലം മാറ്റി വെച്ച കായിക ക്ഷമതാ പരീക്ഷകൾ പി.എസ്.സി പുനരാരംഭിക്കുന്നു. കോവിഡിൻ്റെ സമൂഹവ്യാപന സാധ്യത മുന്നിൽ നിൽക്കെ എങ്ങനെ സുരക്ഷിതമായി കായിക പരീക്ഷ നടത്താമെന്നാരാഞ്ഞ് പി.എസ്.സി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി. ലോക്ഡൗണിനെ തുടർന്ന് മാർച്ച് 23 ഓടെ നിർത്തി വെച്ച കായികക്ഷമത പരീക്ഷകൾ ജൂലൈ പകുതിയോടെയെങ്കിലും ആരംഭിക്കാനാണ് കമ്മീഷൻ തീരുമാനം.
വനിത സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കുള്ള കായികപരീക്ഷയാണ് ആദ്യം നടത്തുക. ഇൗ തസ്തികയിലേക്ക് നേരത്തേ കായികപരീക്ഷ പൂർത്തിയാക്കിയെങ്കിലും ഗർഭാവസ്ഥ, പ്രസവം എന്നിവ മൂലം 21 പേർക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. സാവകാശം തേടി ഇവർ കത്ത് നൽകിയെങ്കിലും പി.എസ്.സി തള്ളി. തുടർന്ന് രണ്ടു പേർ കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടി. ഇതോടെ സമാനപരാതിക്കാരായ 19 പേരെക്കൂടി ഉൾപ്പെടുത്തി മാർച്ച് 23ന് കായികപരീക്ഷ നടത്താൻ നിശ്ചയിച്ചെങ്കിലും ലോക്ഡൗൺ കാരണം നീട്ടി. 21 പേരുടെ കായിക പരീക്ഷ നടത്താൻ സാധിക്കാത്തതിനാൽ ഇൗ തസ്തികയിൽ നിയമനം നിലച്ചിട്ട് മൂന്നുവർഷത്തോളമായി.
കൊവിഡ് മാനദണ്ഡ പ്രകാരം കായികക്ഷമത പരീക്ഷക്ക് ഹാജരാകുന്നയാൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. എന്നാൽ പരീക്ഷക്ക് എത്തുന്നതിന് എത്ര മണിക്കൂർ മുമ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതിൽ അവ്യക്തതയുണ്ട്. ലിസ്റ്റിൽ കയറിപ്പറ്റാൻ എട്ട് ഇനങ്ങളിൽ അഞ്ചെണ്ണമെങ്കിലും പാസാകണം. ബാൾ ത്രോ, ഷോട്ട്പുട്ട്, ലോങ്ജംപ്, ഹൈജംപ് എന്നിവയും പുരുഷന്മാർക്ക് മാത്രമുള്ള ചിന്നിങ് റോപ്പ്, ക്ലയിമ്പിങ് എന്നിവയും രോഗസാധ്യതക്ക് ഇടയാക്കിയേക്കുമെന്ന് ആശങ്കയുണ്ട്. കായിക ഇനങ്ങൾ മാറ്റാൻ പി.എസ്.സിക്ക് അധികാരം ഇല്ലാത്തതിനാൽ ഇവ എങ്ങനെ സുരക്ഷിതമായി നടത്താമെന്ന മാർഗനിർദ്ദേശമാണ് കമ്മീഷൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്
COMMENTS