ജൂലൈ 21ന് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു കാസർകോട് പാണത്തൂർ വട്ടക്കയത്ത് നിസ്സഹായതയുടെ ആ കരച്ചിൽ നിറഞ്ഞത്. കരച്ചിൽ എല്ലാവരെയും ഞെട്ടിച്...
ജൂലൈ 21ന് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു കാസർകോട് പാണത്തൂർ വട്ടക്കയത്ത് നിസ്സഹായതയുടെ ആ കരച്ചിൽ നിറഞ്ഞത്. കരച്ചിൽ എല്ലാവരെയും ഞെട്ടിച്ചെങ്കിലും അതിന്റെ ഉറവിടത്തിലേക്കു പോകാൻ പലരുമൊന്നു മടിച്ചു. ബിഹാറിൽനിന്ന് വട്ടക്കയത്തെ വീട്ടിലെത്തി ജൂലൈ 16 മുതൽ കോവിഡ് ക്വാറന്റീനിൽ കഴിയുന്ന അധ്യാപക ദമ്പതികളുടെ താമസസ്ഥലത്തുനിന്നായിരുന്നു നിലവിളി. തൊട്ടപ്പുറത്തായിരുന്നു കീച്ചിറ വീട്ടിൽ ജിനിൽ മാത്യു താമസിച്ചിരുന്നത്. സിപിഎം വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയും ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ പാണത്തൂർ യൂണിറ്റ് കൺവീനറുമായ ജിനിലായിരുന്നു ദമ്പതിമാര്ക്കും ഒന്നര വയസ്സുള്ള കുട്ടിക്കും താമസിക്കാനുള്ള വീടുൾപ്പെടെ ശരിയാക്കിക്കൊടുത്തത്.
ക്വാറന്റീനിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു; കുട്ടി കോവിഡ് പോസിറ്റീവ്
കരച്ചിൽ കേട്ട് ചിലരൊക്കെ പുറത്തേക്കിറങ്ങിയെങ്കിലും ആരും വീട്ടിലേക്കു കടക്കാൻ തയാറായില്ല. എന്നാൽ ഓടിയെത്തിയ ജിനിൽ വേലിക്കു സമീപം നിന്ന് എന്താണു കാര്യമെന്നു ചോദിച്ചു. കുഞ്ഞിനെ പാമ്പു കടിച്ചെന്നു കേട്ടതോടെ വേറൊന്നും ആലോചിച്ചില്ല, നേരെ വീട്ടിലേക്കു കയറി. മുറിയുടെ ജനലിൽ അപ്പോഴും ചുറ്റിക്കിടപ്പുണ്ടായിരുന്നു പാമ്പ്. കാലിന്റെ പെരുവിരലോളം വലുപ്പമുള്ള തലയുമായി ചുറ്റിനിന്ന പാമ്പിനെ അപ്പോൾത്തന്നെ തല്ലിക്കൊന്നു. ജനലിനോടു ചേർന്നുവച്ചിരുന്ന വിറക് വഴിയായിരിക്കാം പാമ്പ് കയറിയതെന്നാണു കരുതുന്നത്. ചത്ത പാമ്പിനെ ഒരു കവറിലെടുത്തു, ആകെ പകച്ചുനിന്ന കുഞ്ഞിനെയും വാരിയെടുത്ത് ജിനിൽ പുറത്തേക്കിറങ്ങി.
ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് ബിനുവിനെ അതിനിടെ വിളിച്ചിരുന്നു. കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ടൗണിൽ തന്നെയുണ്ടായിരുന്ന ബിനു നിമിഷങ്ങൾക്കകം പാഞ്ഞെത്തി. കുഞ്ഞുമായി പുറത്തേക്കിറങ്ങുമ്പോഴേക്കും ആംബുലൻസ് എത്തിയിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു വട്ടക്കയത്തുനിന്ന് 44 കിലോമീറ്ററാണ് ദൂരം. ആംബുലൻസ് പാഞ്ഞു പോകുന്നതിനിടെ മെഡിക്കൽ ഓഫിസർ ആസിഫിനെയും പഞ്ചായത്ത് പ്രതിനിധിയെയും വിളിച്ചു കാര്യം പറഞ്ഞു. ഇടയ്ക്ക് കുഞ്ഞിന്റെ മാതാപിതാക്കളും വിളിക്കുന്നുണ്ടായിരുന്നു. കടിച്ചത് അണലിയാണെന്നറിഞ്ഞതോടെ എല്ലാവരും പേടിച്ചുവിറച്ചിരുന്നു.
പക്ഷേ ഈ ബഹളങ്ങൾക്കിടയിൽ യാതൊരു കുഴപ്പവുമില്ലാതെ ആ കുഞ്ഞ് ജിനിലിനോട് ചേർന്നിരുന്നു, ഒന്നു കരഞ്ഞതു പോലുമില്ല. അപ്പോഴേക്കും കുഞ്ഞിന്റെ കൈ നീരുവച്ചു വീർക്കാൻ തുടങ്ങിയിരുന്നു. അര മണിക്കൂറാകുമ്പോഴേക്കും ആശുപത്രിയിലെത്തി. വന്നിറങ്ങുമ്പോഴേക്കും ഡോക്ടറും നഴ്സുമാരുമുൾപ്പെടെ കാത്തു നിൽപ്പുണ്ടായിരുന്നു. ജനപ്രതിനിധികളും മെഡിക്കൽ ഓഫിസറും ഉൾപ്പെടെ ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലം. പാമ്പിനെ കണ്ട ഡോക്ടർ പറഞ്ഞു–ഉഗ്ര വിഷമുള്ള ഇനമാണ്. ഐസിയുവിൽ പ്രവേശിപ്പിക്കണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കൊറോണ ഐസിയു ഉണ്ടായിരുന്നില്ല. ഇനി രക്ഷ പരിയാരം മെഡിക്കൽ കോളജാണ്. ആംബുലൻസ് പാഞ്ഞു. അപ്പോഴും കുട്ടി നിഷ്കളങ്കമായി ജിനിലിന്റെ മടിയിലിരുന്ന് ചിരിച്ചു. ആദ്യമായിട്ടാണ് കുട്ടി ജിനിലിനെ കാണുന്നതു പോലുമെന്നോർക്കണം!
COMMENTS