ലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണവൈറസ് വാക്സിൻ സംബന്ധിച്ചുള്ള വലിയ പ്രഖ്യാപനം വന്നു. ഓക്സ്ഫഡിൽ നിന്നുള്ള കൊറോണ വൈറസ് വാക...
ലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണവൈറസ് വാക്സിൻ സംബന്ധിച്ചുള്ള വലിയ പ്രഖ്യാപനം വന്നു. ഓക്സ്ഫഡിൽ നിന്നുള്ള കൊറോണ വൈറസ് വാക്സിനെക്കുറിച്ചുള്ള വലിയൊരു പോസിറ്റീവ് വാർത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ഓക്സ്ഫഡ് കോവിഡ്-19 വാക്സിൻ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധശേഷി ഉയർത്താൻ സഹായിക്കുന്നതുമാണെന്നാണ്. മെഡിക്കൽ ജേണൽ ദി ലാൻസെറ്റിന്റെ ചീഫ് എഡിറ്റർ പ്രതികരിച്ചത്. പെഡ്രോ ഫൊലെഗാട്ടിക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഈ ഫലങ്ങൾ അങ്ങേയറ്റം പ്രോത്സാഹജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഗവേഷകർക്കൊപ്പം അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കൽ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനെക്കുറിച്ച് ലാൻസെറ്റ് മെഡിക്കൽ ജേണലിൽ വിശദമായ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലെ പരീക്ഷണങ്ങൾ പ്രതീക്ഷ ഉണർത്തുന്നതാണെങ്കിലും കൂടുതൽ പരീക്ഷണങ്ങൾ അനിവാര്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആന്റിബോഡിക്കൊപ്പം കില്ലര്‍ ടി സെല്ലും; ഇരട്ട സുരക്ഷ: വാക്സിന് സെപ്റ്റംബറില്‍?
ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരിൽ കോവിഡ് വാക്സിനിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞ മാസം ബ്രസീലിൽ ആരംഭിച്ചിരുന്നു. അസ്ട്രാസെനേക്കയുടെ പിന്തുണയുള്ള ഓക്സ്ഫഡ് കോവിഡ് -19 വാക്സിന്റെ പ്രാഥമിക പരീക്ഷണങ്ങളെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വാക്സിൻ ഗവേഷകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ആന്റിബോഡി, ടി-സെൽ (കില്ലർ സെൽ) പ്രതികരണമാണ് സൃഷ്ടിക്കുന്നതെന്നാണ് ആദ്യ റിപ്പോർട്ടുകൾ പറയുന്നത്.
ChAdOx1 nCoV-19 എന്നു പേരിട്ടിരിക്കുന്ന വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞാൽ, സെപ്റ്റംബർ മാസത്തോടെ തന്നെ ഇത് വൻതോതിലുള്ള ഉൽപാദനത്തിലേക്ക് പോകാം.
ബ്രിട്ടൻ, ചൈന, ഇന്ത്യ, യുഎസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒരു ഡസനിലധികം വ്യത്യസ്ത വാക്സിനുകൾ ഇപ്പോൾ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. ഒരു കൂട്ടം സന്നദ്ധപ്രവർത്തകരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ ‘സുരക്ഷിത’ കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ഗുരുതരമായ പ്രതികൂല സംഭവങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ സങ്കീർണതകളോ പാർശ്വഫലങ്ങളോ ഇല്ലാതെ 18 പേരിൽ വാക്സിൻ വിജയിച്ചതായും മന്ത്രാലയം അറിയിച്ചു.
COMMENTS