ഇന്ത്യ- ചൈന അതിർത്തി തർക്കം തുടരുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ വൻസൈനിക വിന്യാസം. തന്ത്രപ്രധാനമായ മലാക്കാ കടലിടുക്കിന് സമീപത്താണ് ഇന്ത്യ നാവിക സേനയെ പൂർണ സജ്ജമാക്കിയത്. കിഴക്കൻ, പടിഞ്ഞാറൻ നാവിക കമാൻഡുകളുടെ അധീനതയിലുള്ള എല്ലാ യുദ്ധകപ്പൽ വ്യൂഹങ്ങളും അന്തർവാഹിനികളും ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഇപ്പോഴത്തെ യുദ്ധകപ്പൽ വിന്യാസം. ഗൽവാൻ അതിർത്തിയിലെ സംഘർഷത്തിന് ശേഷം മൂന്ന് സേനാ തലവൻമാരും നിരന്തരം യോഗം ചേർന്ന് സൈനിക തന്ത്രങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി മുന്നിൽക്കണ്ടുള്ള സൈനിക നീക്കങ്ങളാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഗൽവാൻ അതിർത്തിയിൽ 20 സൈനികർ കൊല്ലപ്പെട്ട ശേഷം ചൈനയെ എല്ലാ മേഖലയിലും എതിർക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമം അംഗീകരിക്കാൻ കഴിയില്ല. ഇതേ തുടർന്നാണ് കര‑നാവിക- വ്യോമ സേനകളുടെ തയ്യാറെടുപ്പുകൾ. ചൈന നയതന്ത്ര തലത്തിൽ ഇപ്പോൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സാമ്പത്തികമായി ചൈനയെ തകർക്കുന്നതിനായി ഇന്ത്യ നിരവധി കരാറുകൾ റദ്ദാക്കി. ചൈനീസ് മൊബൈൽ ആപ്പുകളും നിരോധിച്ചു. ഏറ്റവും ഒടുവിൽ ഇന്നലെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ യുദ്ധക്കപ്പലുകൾ സജ്ജമാക്കിയത്.
മലാക്കാ കടലിടുക്കിൽ ഇന്ത്യയുടെ സൈനിക വിന്യാസം ചൈനയെ സാമ്പത്തികമായി ഏറെ ബാധിക്കും. ചൈനയിൽ നിന്നുള്ളതും ചൈനയിലേക്കുള്ളതുമായ ചരക്ക് നീക്കത്തിന്റെ 80 ശതമാനവും നടക്കുന്നത് മലാക്കാ കടലിടുക്കിലൂടെയാണ്. എല്ലായ്പ്പോഴും 12 മുതൽ 15 കപ്പലുകൾവരെ സമുദ്രത്തിൽ നിരീക്ഷണം നടത്തുന്നുണ്ട്. ഇന്നലെ കിഴക്കൻ, പടിഞ്ഞാറൻ നാവിക കമാൻഡുകളുടെ അധീനതയിലുള്ള എല്ലാ യുദ്ധകപ്പൽ വ്യൂഹങ്ങളും ഇന്ത്യൻ മഹാ സമുദ്രത്തിലെത്തി.
വിമാനവാഹിനി കപ്പലായ വിക്രമാദിത്യ, തദ്ദേശീയമായി വികസിപ്പിച്ച അരിഹന്ദ്, മറ്റ് അന്തർവാഹിനികൾ എന്നിവയും ഇന്ത്യ വിന്യസിച്ചു. ചൈനക്കെതിരായ സൈനിക നീക്കത്തിൽ ആൻഡമാൻ നിക്കോബാർ കമാൻഡ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. കാർ നിക്കോബാർ വ്യോമത്താവളത്തിൽ ഇന്ത്യൻ വായു സേന ജാഗ്വാർ വിമാനങ്ങളും എത്തിച്ചിട്ടുണ്ട്. ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ചൈനയുടെ അവകാശവാദം നിലനില്ക്കേ ഈ മേഖലയിൽ കപ്പൽപ്പടയെ വിന്യസിക്കുമെന്ന യുഎസ് മുന്നറിയിപ്പിനിടെയാണ് ഇന്ത്യയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്.
COMMENTS