മുഹമ്മദ് ഫായിസിന് അഭിനന്ദനവുമായി മുഖ്യമന്ത്രി. ഫായിസ് ലോകത്തിന് മാതൃകയായി എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി. ചെറിയ തോല്‍വികളില്‍ തളര്‍ന്നുപോകുന്നവര്‍ക്ക് ഫായിസ് ഒരു മാതൃകയാണ്. വീണ്ടും വീണ്ടും പരിശ്രമിക്കണം എന്നുള്ളതിന്റെ സന്ദേശമാണ് കുട്ടി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് ലഭിച്ച പണത്തിന്റെ ഒരുഭാഗം ഫായിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബാക്കി തുക ഒരു നിര്‍ധന കുടുംബത്തിലെ അംഗത്തിന് വിവാഹ സഹായമായി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹ്യ ബോധമാണ് ഈ കൊച്ചുകുട്ടി പകര്‍ന്നുതന്നത്. ഫായിസിനേയും പിന്തുണ നല്കിയ മാതാപിതാക്കളേയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടലാസ് ഉപയോഗിച്ച് പൂ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ''ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ'' എന്ന നാലാം ക്ലാസ്സുകാരൻ മുഹമ്മദ് ഫായിസിന്റെ വക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഈ വാചകങ്ങളാണ് മിൽമ പാലിന്റെ പരസ്യത്തിൽ പകർത്തിയത്. ''ചെലോൽത് ശരിയാകും ചെലോൽത് ശരിയാവൂല്ല! പെക്ഷേങ്കി ചായ എല്ലാർതും ശരിയാവും, പാൽ മിൽമ ആണെങ്കിൽ!'' എന്നായിരുന്നു മിൽമ സമൂഹമാധ്യമത്തിൽ ഉപയോഗിച്ച പരസ്യ വാചകം.
പരസ്യവാചകത്തിന്റെ റോയൽറ്റിയെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച ശക്തമായതിനു പിന്നാലെ മിൽമ ഫായിസിന് പ്രതിഫലം നൽകണമെന്ന് ചിലർ വാദിച്ചു. ''ചെലോര് ഇട്ടോടുക്കും, ചെലോര് ഇട്ടോടുക്കൂല, ഞാൻ ഇട്ടോടുക്കും, അയിന് മ്മക്ക് ഒരു കൊയപ്പോല്യ'' എന്നായിരുന്നു ഇതിനോട് ഫായിസ് പ്രതികരിച്ചത്. മിൽമ അധികൃതർ ഫായിസിന്റെ വീട്ടിൽ എത്തി സമ്മാനങ്ങളും നൽകിയിരുന്നു.
COMMENTS