കാസർകോട്: നീലേശ്വരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രധാന തെളിവ് കണ്ടെത്തി. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതിന് ശേഷം കുഴിച്ചിട്ട ഭ്രൂണാവശിഷ്ടമാണ് കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് തന്നെയാണ് ഇത് വീടിന് സമീപം കുഴിച്ചിട്ടത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് കുഴിച്ചിട്ട ഭ്രൂണാവശിഷ്ടം പുറത്തെടുത്തത്. പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം തഹസിൽദാരും ഫൊറൻസിക് സർജനും സംഭവസ്ഥലത്തെത്തിയിരുന്നു. കേസിലെ സുപ്രധാന തെളിവായതിനാൽ ഇത് ഡി.എൻ.എ. പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
ദിവസങ്ങൾക്ക് മുമ്പാണ് 16-കാരിയെ പീഡിപ്പിച്ച കേസിൽ പിതാവടക്കം ആറ് പേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതായും ഭ്രൂണാവശിഷ്ടം ജൂൺ 22-ന് വീടിന് സമീപത്ത് കുഴിച്ചിട്ടതായും പിതാവ് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. കേസിൽ പെൺകുട്ടിയുടെ മാതാവിന്റൈ പങ്കിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
COMMENTS