ന്യൂയോർക്ക്: അമെരിക്കയിൽ കഴിഞ്ഞ ഒരൊറ്റ ദിവസം സ്ഥിരീകരിച്ചത് 50,000ൽ ഏറെ പുതിയ കൊവിഡ് കേസുകൾ. ഒരു ദിവസത്തെ ഇതുവരെയുള്ള റെക്കോഡ്. രോഗം ഏറ്റവും...
ന്യൂയോർക്ക്: അമെരിക്കയിൽ കഴിഞ്ഞ ഒരൊറ്റ ദിവസം സ്ഥിരീകരിച്ചത് 50,000ൽ ഏറെ പുതിയ കൊവിഡ് കേസുകൾ. ഒരു ദിവസത്തെ ഇതുവരെയുള്ള റെക്കോഡ്. രോഗം ഏറ്റവും ഭീതി പടർത്തിയിരുന്ന ഏപ്രിൽ, മേയ് മാസങ്ങളിലേതിനെക്കാൾ കൂടുതൽ ശക്തിയോടെയാണ് വൈറസ് തിരിച്ചുവരുന്നത്. രാജ്യത്തെ അമ്പതിൽ 40 സംസ്ഥാനങ്ങളിലും വൈറസ് വ്യാപനത്തോത് ആശങ്കാജനകമായ വിധത്തിൽ ഉയരുന്നു.
അരിസോണ, കാലിഫോർണിയ, ഫ്ലോറിഡ, ടെക്സസ് എന്നീ നാലു സംസ്ഥാനങ്ങളിലായി മാത്രം വ്യാഴാഴ്ച സ്ഥിരീകരിച്ചത് 25,000 പുതിയ കേസുകളാണ്. വളരെ അസ്വസ്ഥജനകമായ വാരമാണിതെന്ന് സർക്കാരിനു നിർദേശങ്ങൾ നൽകുന്ന പകർച്ചവ്യാധി പ്രതിരോധ വിദഗ്ധൻ ഡോ. അന്തോണി ഫൗസി പറഞ്ഞു. സാമ്പത്തിക വ്യവസ്ഥ വീണ്ടും തുറന്നതോടെ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ജനങ്ങൾ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല എന്നതാണ് രോഗവ്യാപനത്തിനു കാരണമെന്നാണു നിഗമനം. സംസ്ഥാന സർക്കാരുകൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നുണ്ട്.
ജനങ്ങൾ മാർഗനിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അതീവ ഗുരുതരമായ സ്ഥിതിവിശേഷമാകും അമെരിക്കയിലെന്ന് ഫൗസി മുന്നറിയിപ്പു നൽകി. ബുധനാഴ്ച 51,200 പുതിയ കേസുകളാണ് യുഎസിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം കണ്ടതിന്റെ ഇരട്ടിയിലേറെയാവുന്നു കേസുകൾ. പല സംസ്ഥാനങ്ങളും പഴയ നിയന്ത്രണങ്ങൾ ഓരോന്നായി തിരിച്ചുകൊണ്ടുവരികയാണ്.
ഇതിനിടെ, പരിശോധന വർധിപ്പിച്ചതു കൊണ്ടാണ് രോഗബാധിതരുടെ എണ്ണവും കൂടുന്നതെന്ന് ചില സംസ്ഥാനങ്ങൾ അവകാശപ്പെടുന്നുണ്ട്. ജോർജിയ, കൻസാസ്, മൊണ്ടാന, മിഷിഗൺ, മിസൗറി, ടെന്നിസി, മിസിസിപ്പി, സൗത്ത് കരോളിന, ഒഹിയോ എന്നിവിടങ്ങളിൽ പരിശോധന ഇരട്ടിയാക്കിയിട്ടുണ്ട്. നെവാഡയിൽ മൂന്നിരട്ടിയായി വർധിച്ചു കൊവിഡ് ടെസ്റ്റുകൾ. ഇദോഹോയിൽ അഞ്ചിരട്ടിയായി.
അതേസമയം, ടെക്സസിൽ രണ്ടാഴ്ച കൊണ്ട് കേസുകൾ പെരുകി. ദിവസം 2,400ഓളം കേസുകൾ സ്ഥിരീകരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 8000ന് അടുത്തെത്തിയിരിക്കുന്നു. ടെസ്റ്റുകളിലെ പോസിറ്റീവ് നിരക്ക് എട്ടു ശതമാനത്തിൽ നിന്ന് 14.5 ശതമാനമായി ഉയർന്നു. അരിസോണയിൽ 5.7 ശതമാനത്തിൽ നിന്ന് 10.3 ശതമാനമായാണ് ഉയർന്നിരിക്കുന്നത്.ഫ്ലോറിഡയിൽ ആദ്യമായി പതിനായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു വ്യാഴാഴ്ച. ഒരു മാസത്തിനു മുൻപുള്ളതിന്റെ ആറിരട്ടിയാണ് ഈ വർധന. 3,500 കേസുകൾ കണ്ടെത്തിയ ജോർജിയയിലും വ്യാഴാഴ്ച ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയായിരുന്നു.
അതേസമയം, ന്യൂയോർക്ക്, മസാച്യുസെറ്റ്സ്, കണക്റ്റിക്കട്ട്, റോഡെ ഐലൻഡ്, ന്യൂ ജഴ്സി തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈറസ് ബാധ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 28 ലക്ഷത്തോളം പേർക്കാണ് യുഎസിൽ ഇതുവരെ കൊവിഡ് ബാധിച്ചത്. 1.30 ലക്ഷത്തോളം പേർ കൊവിഡ് ബാധിച്ചു മരിച്ചുകഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ഈ മഹാമാരി ബാധിച്ചത് യുഎസിലാണ്
COMMENTS