July 2020

തിരുവനന്തപുരം:കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വീസുകള്‍ ഉടന്‍ ഉണ്ടാകില്ല. ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.


കോവിഡ് പശ്ചാത്തലത്തിൽ ഇനി പുതിയൊരു അറിയിപ്പ് വരുന്നത്ത് വരെ ദീർഘ ദൂര യാത്രകൾ വേണ്ട എന്നാണ് നിലവിലെ സാഹചര്യം.കൂടാതെ ഇന്നത്തെ കോവിഡ് രോഗികളുടെ കണക്കും വർദ്ധിച്ചു .അതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്രകൾ പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

കോട്ടയം: അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മോനിപ്പള്ളി ഊരാളില്‍ മെറിന്‍ ജോയിയുടെ ഓര്‍മ്മകളില്‍ നിറി സഹോദരി മീര. ‘ഇത്രയും കടുകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല’. ഏക സഹോദരിയുടെ ആകസ്മിക വിയോഗത്തില്‍ വിലപിച്ച് മീര പറഞ്ഞ വാക്കുകളാണിത്.

ദാമ്പത്യപ്രശ്നങ്ങളും വാക്കുകളില്‍ അസ്വാരസ്യവും ഭീഷണിയുമൊക്കെ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ജീവന്‍ അപഹരിക്കുന്ന കടുംകൈ ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് ചേച്ചിയുടെ വഴിയേ തന്നെ നഴ്സിംഗ് ബിരുദധാരിയായ മീരയുടെ വാക്കുകള്‍. ഇത്തരത്തിലൊരു ഭീഷണി നിലനിന്നിരുന്നതായി ചേച്ചിയും വിശ്വസിച്ചിരുന്നില്ലെന്നാണ് മീര കരുതുന്നത്.

അടുത്തനാളില്‍ മെറിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായതായി മീര പറയുന്നു. പുതിയ ജോലിയുമായി ബന്ധപ്പെട്ട് ഫോണ്‍ ഇന്റര്‍വ്യൂവില്‍ മെറിന്‍ ഹാജരാകുന്ന സമയം ഭര്‍ത്താവ് നെവിന്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതോടെ നെവിനെ മെറിന്‍ ബ്ലോക്ക് ചെയ്തതായും മീര പറയുന്നു.

ഇതും അടുത്തനാളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ ഇടയായതായി മീര വിലയിരുത്തുന്നുണ്ട്. ചേച്ചിയുടെ ചേതനയറ്റ ശരീരം ഊരാളില്‍ വീട്ടിലേക്ക് എത്തുമെന്നറിയുമ്പോള്‍ ചേച്ചി മരിച്ചിട്ടില്ലെന്ന് മനസ് പറയുന്നത് ശരിയല്ലെന്ന് വിശ്വസിക്കാന്‍ മീര നിര്‍ബന്ധിതയാകുകയാണ്.

ചെന്നൈ: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെയും പ്രശസ്ത നടി തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ചെന്നൈയിലെ ഒരു അഭിഭാഷകനാണ് ഓണ്‍ലൈന്‍ ചൂതാട്ട ആപ്ലിക്കേഷനുകള്‍ വിലക്കണമെന്നും ഇവയെ പ്രോമോട്ട് ചെയ്യുന്ന കൊഹ്‌ലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. യുവതലമുറ ഈ തരത്തിലുള്ള ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്കു അടിമകളാവുന്നതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ യുവതലമുറയെ ആകര്‍ഷിക്കുന്നതിനു വേണ്ടി വിരാട് കൊഹ്‌ലി, തമന്ന ഭാട്ടിയ എന്നിവരെപ്പോലെയുള്ള സ്റ്റാറുകളെ ഉപയോഗിക്കുകയാണ്. ഹര്‍ജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്.

അമരാവതി: ആന്ധ്രാപ്രദേശില്‍ സാനിറ്റൈസര്‍ കുടിച്ച ഒമ്പത് പേര്‍ മരിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുകയാണ്. ഇതേ തുടര്‍ന്നാണ് യാചകരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ സാനിറ്റൈസര്‍ കുടിച്ചത്.

ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം നടന്നത്. മൂന്ന് പേര്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയും ആറ് പേര്‍ ഇന്നും മരിച്ചു. ശ്രീനു ബോയ (25), ഭോഗെം തിരുപ്പതായ (37), ഗുണ്ടക രാമിറെഡ്ഡി (60), കഡിയം രാമനയ്യ (30), കൊനഗിരി രാമനയ്യ (65), രാജറെഡ്ഡി (65) എന്നിവരെ തിരിച്ചറിഞ്ഞു. മയക്കുമരുന്നിന് അടിമകളായിരുന്ന ഇവര്‍ ദിവസവും സാനിറ്റൈസര്‍ കുടിക്കുമായിരുന്നു എന്നാണ് ലഭിച്ച വിവരം.


മുബൈ: പ്രമുഖ ബോളിവുഡ് താരത്തിന്റെ മകളെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. മുംബൈയിലെ മലാഡ് സ്വദേശിയായ ഖുമെയ്ല്‍ ഹനീഫ് പഠാനി എന്ന 25 കാരനാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
 
സിനിമാനടന്റെ മകളുടെ സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നുമായിരിന്നു യുവാവിന്റെ ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെ സന്ദേശം അയക്കുകയും, പെണ്‍കുട്ടി കണ്ടെന്ന് ബോധ്യമായ ഉടന്‍ തന്നെ സന്ദേശം ഡിലീറ്റ് ചെയ്യുകയുമാണ് ചെയ്തിരുന്നത്.

ചിത്രം നശിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഭീഷണിയില്‍ പകച്ചുപോയ പെണ്‍കുട്ടി 20,000 രൂപ വരെ തരാമെന്ന് പറഞ്ഞു. എന്നാല്‍ കൂടുതല്‍ പണം വേണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും, ബാംഗൂര്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

 പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ തിരിച്ചറിയുകയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ സഹോദരിയും സിനിമാതാരത്തിന്റെ മകളും ഒരേ കോളജിലായിരുന്നു പഠിച്ചിരുന്നത്. ഈ പരിചയം മുതലെടുത്താണ് പ്രതി ബ്ലാക്ക്മെയ്ലിങ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.


 

ജൂലൈ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും ഓഗസ്റ്റ് മൂന്നു വരെ നീട്ടി സംസ്ഥാന സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് ഈ കാര്യം അറിയിച്ചത്. അതേസമയം, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പദ്ധതി പ്രകാരമുള്ള ജൂലൈ മാസത്തെ വിഹിതം റേഷൻ കടകളിൽ വിതരണം ചെയ്യുന്നുണ്ട്. എല്ലാ മഞ്ഞ, പിങ്ക് കാർഡുകളിലെയും ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.

മുംബൈ: കൊവിഡ്‌ പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യഭാഗത്തുനിന്നും സ്രവം എടുത്ത ലാബ് ജീവനക്കാരനെതിരെ ബലാത്സംഗ കുറ്റം. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം.കുറ്റക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തില്‍ സംസ്ഥാന വനിത-ശിശു വികസന മന്ത്രി യശോമാദി താക്കൂര്‍ പറഞ്ഞു. 24 കാരിയായ യുവതിയാണ് കോവിഡ് പരിശോധനയ്ക്കായി ലാബിൽ എത്തിയത്. യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു പരിശോധനയ്ക്ക് എത്തിയത്.

മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ജീവനക്കാരന്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ച് സ്രവം എടുക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം സഹോദരനോട് ഇക്കാര്യം യുവതി പറഞ്ഞിരുന്നു. ഇദ്ദേഹം ഡോക്ടർമാരോട് പരിശോധനയെ കുറിച്ച് സംസാരിച്ചതോടെയാണ് ചൂഷണം പുറത്തു വന്നത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നൽകുകയായിരുന്നു. ഐപിസി 354, 376 വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ സ്‌ക്രീന്‍ ഷോട്ട് കാണുന്ന ആരിലും ഉണ്ടാകാവുന്ന സംശയമാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതില്‍ ഒന്നാം സ്ഥാനക്കാരനായ രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രി സ്ഥാനത്തേക്കോ എന്നത്. എന്നാല്‍ ഈ ചിത്രത്തിന് പിന്നിലെ വസ്തുത ഇതാണ്.

മാതൃഭൂമി ഓണ്‍ലൈനില്‍ വഴിപ്പോക്കന്‍ എന്ന പേരില്‍ രാഷ്ട്രീയ വിഷയങ്ങളെ പരിശോധിക്കുന്ന ഒരു കോളമുണ്ട്. ജൂലൈ 30ന് പ്രസിദ്ധീകരിച്ച ആ കോളത്തില്‍ ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയാണ് പരിശോധിക്കുന്നത്. കോളത്തിന്റെ ഇത്തവണത്തെ തലക്കെട്ട് ‘കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ആയാല്‍’ എന്നായിരുന്നു.

ഈ തലക്കെട്ടിലെ ‘ആയാല്‍’ എന്നത് മുറിച്ചു നീക്കിയുള്ള സ്‌ക്രീന്‍ ഷോട്ട് ആണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ കേരളത്തിലേക്ക് മാറുന്നുവോ എന്ന തരത്തിലുള്ള ചര്‍ച്ചകളും ആരംഭിച്ചു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥിരമായി മത്സരിക്കുന്ന അമേത്തിയെ കൂടാതെ വയനാട് മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്നു. വയനാട് ഉജ്ജ്വല വിജയം നേടിയപ്പോള്‍ അമേത്തിയില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ പരാജയപ്പെടുകയായിരുന്നു.

ഓറഞ്ച് എല്ലാവർക്കും പ്രിയപ്പെട്ട ഫലമാണ്. ഇക്കാര്യം കൂടിയറിയുമ്പോൾ ആ ഇഷ്ടം കൂടും. ഓറഞ്ച് ജ്യൂസിന് പൊണ്ണത്തടി ഇല്ലാതാക്കാനും ഹൃദ്രോഗ, പ്രമേഹ സാധ്യത കുറയ്ക്കാനും കഴിവുണ്ടെന്ന് പഠനം.

ഓറഞ്ചിലും ടാൻജെറൈനിലും ഉള്ള നോബിലെറ്റിൻ (nobiletin) എന്ന തന്മാത്ര വളരെ വേഗം പൊണ്ണത്തടി കുറയ്ക്കുമെന്നും പാർശ്വഫലങ്ങളെ ഇല്ലാതാക്കുമെന്നും ഒൻടാറിയോയിലെ വെസ്റ്റേൺ സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. 


പഠനത്തിനായി കൊഴുപ്പും കൊളസ്ട്രോളും കൂടിയ ഭക്ഷണം നൽകിയ എലികൾക്ക് നോബിലെറ്റിനും നൽകി. ഇവ കൊഴുപ്പു കൂടിയതും കൊളസ്ട്രോൾ കൂടിയതുമായ തീറ്റ നൽകിയ എലികളേക്കാൾ മെലിഞ്ഞതായും ഇൻസുലിൻ പ്രതിരോധം കുറഞ്ഞതായും കണ്ടു. 

പൊണ്ണത്തടിയുടെ എല്ലാ ലക്ഷണങ്ങളുമുള്ള എലിയിൽ നോബിലെറ്റിൻ നൽകിയപ്പോൾ പൊണ്ണത്തടിയുടെ ലക്ഷണങ്ങൾ റിവേഴ്സ് ചെയ്തതായി കണ്ടു. 

നോബിലെറ്റിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. അടുത്ത പടിയായി മനുഷ്യനിൽ പരീക്ഷണങ്ങൾ നടത്താനൊരുങ്ങുകയാണ് ഗവേഷകർ. നോബിലെറ്റിസിന് പോസിറ്റീവ് ആയ മെറ്റബോളിക് ഗുണങ്ങൾ മനുഷ്യനിലും ഉണ്ടോ എന്നറിയുകയാണ് ലക്ഷ്യം. 

പൊണ്ണത്തടിയും അതുമായി ബന്ധപ്പെട്ട ഉപാപചയ രോഗങ്ങളും നമ്മുടെ ആരോഗ്യസംവിധാനത്തിന് ഒരു വലിയ ഭാരം തന്നെയാണ്. പുതിയ ചികിത്സാരീതികൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരണമെന്ന് വെസ്റ്റേൺ സർവകലാശാലയിലെ റോബോർട്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മുറേഹഫ് പറയുന്നു. 

ഓറഞ്ചിന്റെ ഗുണങ്ങൾ വെളിപ്പെടുത്തുന്ന ഈ പഠനം ലിപ്പിഡ് റിസർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.

പ്രായഭേദമന്യേ എല്ലാവർക്കും പോഷകങ്ങൾ ആവശ്യമാണ്. കുട്ടികൾക്ക് ഇത് ഏറെ പ്രധാനവുമാണ്. ഇന്ന് കുട്ടികൾ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. ആരോഗ്യകരമായ സമീകൃത ഭക്ഷണം കുട്ടികൾക്ക് ആവശ്യമാണ്. എന്നാലെ എല്ലാ ജീവകങ്ങളും ധാതുക്കളും ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങളും അവർക്ക് ലഭിക്കുകയുള്ളൂ. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം കൂടിയേ തീരൂ. തലച്ചോറിന്റെ പ്രവർത്തനത്തെയും ഓർമ ശക്തിയെയും ഏകാഗ്രതയെയും മെച്ചപ്പെടുത്താൻ ശരിയായ ഭക്ഷണത്തിനാകും. കുട്ടികളുടെ ഓർമശക്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ചു ഭക്ഷണങ്ങളെ അറിയാം. 

1. കോര (Salmon) മത്സ്യം

കോര അഥവാ സാൽമണിനെപ്പോലെ ഒമേഗ3ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനും സഹായിക്കും. എഡിഎച്ച്ഡി ബാധിച്ച കുട്ടികളിൽ ഏകാഗ്രതയും ശ്രദ്ധയും വർധിപ്പിക്കാൻ ഒമേഗ3ഫാറ്റി ആസിഡിനാകും. 

2. മുട്ട 

അയൺ, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻ എ, ഡി, ഇ, ബി 12 ന്റെ ഉറവിടമാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ (choline) അടങ്ങിയിട്ടുണ്ട്. ഇത് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

3. പീനട്ട് ബട്ടർ

നാഡീസ്തരങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റായ വൈറ്റമിൻ ഇ യാൽ സമ്പുഷ്ടമാണ് പീനട്ട് ബട്ടർ. വൈറ്റമിൻ ബി1 അഥവാ തയാമിനും ഇതിലുണ്ട്. ഇത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. ഊർജ്ജമേകുന്ന ഗ്ലൂക്കോസും പീനട്ട് ബട്ടറിലുണ്ട്. വാഴപ്പഴം പോലുള്ള പഴങ്ങളോടൊപ്പം ഡിപ്പിങ് സോസ് ആയി ഇത് നൽകാവുന്നതാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും. 

4. മുഴുധാന്യങ്ങൾ

ഗ്ലൂക്കോസും ബി വൈറ്റമിനുകളും എല്ലാം അടങ്ങിയവയാണ് മുഴുധാന്യങ്ങളും സെറീയൽസും (cereals). ഇവയിൽ ഗ്ലൂക്കോസും ഉണ്ട്. നാഡീവ്യവസ്ഥയ്ക്ക് ആരോഗ്യമേകുന്ന ഇവ കുട്ടികളുടെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം. 

5. ബെറിപ്പഴങ്ങൾ

വൈറ്റമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയവയാണ് ബെറിപ്പഴങ്ങൾ. കുട്ടികളുടെ ഓർമശക്തി മെച്ചപ്പെടുത്താൻ നല്ല നിറങ്ങളുള്ള ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു സഹായിക്കുന്ന ഒമേഗ 2ഫാറ്റുകൾ ഇവയുടെ കുരുവിലുണ്ട്. സ്ട്രോബെറി, ചെറി, ബ്ലൂബെറി, ബ്ലാക്ബെറി ഇവ സ്മൂത്തികളിൽ ചേർത്തോ സ്നാക്ക് ആയോ കുട്ടികൾക്ക് നൽകാം.

പോഷകങ്ങളുടെ കലവറയായ ബദാം വണ്ണം കുറയ്‌ക്കാനും ആരോഗ്യം വർധിപ്പിക്കാനുമൊക്കെ നാം കഴിക്കാറുണ്ട്. പ്രോട്ടീൻ, വൈറ്റമിൻ, ഫൈബർ എല്ലാം ആവോളം അടങ്ങിയതാണ് ബദാം. ഹൃദയാഘാതസാധ്യത കുറയ്ക്കാനും ബദാമിനു കഴിയുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മികച്ച ഔഷധം കൂടിയാണ് ഇത്. സ്ത്രീകള്‍ ഉറപ്പായും ശീലിക്കേണ്ട ഒന്നാണ് ബദാം. അതിനുള്ള കാരണങ്ങള്‍ ചുവടെ.

പോഷകസമ്പന്നം - വൈറ്റമിന്‍ ഇ, ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ബദാം. ഇതിലെ വൈറ്റമിന്‍ ഇ–ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ട്.  പ്രിമെച്വര്‍ ഏജിങ് തടയാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല ബദാം സ്ഥിരമായി കഴിച്ചാല്‍ അല്‍സ്ഹൈമേഴ്സ് പോലെയുള്ള രോഗങ്ങളെ തടയാനും സാധിക്കും. മഗ്നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും മൂഡ്‌ മാറ്റങ്ങളെ ക്രമപ്പെടുത്താനും സഹായിക്കും. 


ആന്റിഓക്സിഡന്റ്സ്-  ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ബദാം.  2.5 ഔണ്‍സ് ബദാം സ്ഥിരമായി കഴിക്കുന്നവരില്‍ ഓക്സിഡേറ്റീവ് സ്‌ട്രെസ് വളരെ കുറവായിരിക്കും. 

പ്രിബയോട്ടിക്സ്‌ - പ്രിബയോട്ടിക്സ്‌ ധാരാളം അടങ്ങിയതാണ് ബദാം. ഇത് ഗട്ട് ഹെല്‍ത്തിനും ഗുണം ചെയ്യും. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാം സഹായിക്കും.

ഹൃദയാരോഗ്യം - ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ബദാം. ഇതില്‍ പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ ധാരാളമുണ്ട്. ഇവയൊക്കെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്.

ഭാരം കുറയ്ക്കാം -രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള അമിത ആര്‍ത്തി കുറയ്ക്കാനും ബദാം സഹായിക്കും. 

ചര്‍മസൗന്ദര്യം- വൈറ്റമിന്‍ ഇയുടെ കലവറയാണ് ബദാം. ചര്‍മസംരക്ഷണത്തില്‍ വൈറ്റമിന്‍ ഇ ഏറെ പ്രധാനമാണ്. പ്രായമേറുമ്പോള്‍ ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മത്തിന്റെ തിളക്കവും മൃദുത്വവും വര്‍ധിപ്പിക്കാനും ബദാം സഹായിക്കും.

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നഷ്ടത്തിലായ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു. ഒന്‍പതിനായിരത്തോളം ബസുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്ന് ഒഴിയുന്നതായി കാണിച്ച് സര്‍ക്കാരിന് ജി ഫോം നല്‍കിയത്. ബാക്കിയുള്ളവയും അടുത്ത ദിവസങ്ങളില്‍ നിരത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് സൂചന.


കൊവിഡ് തീരുന്നത് വരെ ഇന്ധനത്തിനു സബ്സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് ബസ് സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാന്‍ ബസ്സുടമകള്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നുമാണ് ഗതാഗതവകുപ്പിന്റെ നിലപാട്. യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകില്ലെന്നും അതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്നും ബസുടമകള്‍ പറയുന്നു.

അതേസമയം നാളെ മുതല്‍ ചില സംഘടനകള്‍ പ്രഖ്യാപിച്ച സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെക്കല്‍ തീരുമാനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ നികുതി ഇളവ് ഉള്‍പ്പെടം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെബിടിഎ ഭാരവാഹികളായ ജോണ്‍സണ്‍ പടമാടന്‍, ഗോകുലം ഗോകുല്‍ദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സ്വകാര്യ ബസ്സുകളുടെ നികുതി അടയ്ക്കാനുള്ള സമയപരിധി ഒക്ടോബര്‍ 14 വരെ നീട്ടുമെന്നും, നികുതി ഗഡുക്കളായി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ചരക്കുവാഹനങ്ങള്‍ക്ക് നികുതി അടയ്ക്കാന്‍ സെപ്തംബര്‍ വരെ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഏഴ് വയസ് പ്രായമുള്ള ബഡ്ഡി എന്ന നായയാണ് കഴിഞ്ഞ ദിവസം ചത്തത്. ബഡ്ഡിയുടെ ഉടമ റോബേര്‍ട്ട് മവോനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് ബാധിച്ച മനുഷ്യര്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ ബഡ്ഡി പ്രകടിപ്പിച്ചിരുന്നു. ഏപ്രില്‍ മാസമാണ് കൊവിഡ് ബാധയുണ്ടായതായി സംശയിക്കുന്നത്. ശ്വാസ തടസം ഉള്‍പ്പെടെ പ്രകടിപ്പിച്ചിരുന്നെങ്കിലും ഉടമ കാര്യമാക്കിയില്ല.

തുടര്‍ന്ന് ജൂലൈ 11 ന് ബഡ്ഡി രക്തം ഛര്‍ദിച്ചു. മൂത്രത്തിലും രക്തത്തിന്റെ അംശം കണ്ടെത്തി. എന്നാല്‍ കൊവിഡ് ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബഡ്ഡിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാല്‍ ഭയം കാരണം മൃഗഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയ്യാറായില്ലെന്നും റോബേര്‍ട്ട് മവോനി പറഞ്ഞു. അവസാനം ഒരു ക്ലിനിക്കില്‍ ബഡ്ഡിയുടെ സ്രവം പരിശോധിക്കുകയും കൊവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ശനിയാഴ്ച മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല. നിന്ന് യാത്രചെയ്യാനും അനുവദിക്കില്ല.

ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രണ്ട് ജില്ലകളെ ബന്ധിപ്പിച്ച് ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കണം.


മലയാളി നഴ്സ് മെറിന്‍ ജോയിയെ കൊല്ലാന്‍ ഭര്‍ത്താവ് ഫിലിപ് മാത്യു നേരത്തെയും ശ്രമിച്ചിരുന്നതായി കോടതിയില്‍ പൊലീസ്. മെറിന്‍  വിശ്വാസവഞ്ചന കാണിച്ചതാണ് കൊലയ്ക്ക്  കാരണമെന്ന് ഫിലിപ് മാത്യു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഫിലിപ് മാത്യുവിന് കോടതി ജാമ്യം അനുവദിച്ചില്ല.

ചൊവ്വാഴ്ചയാണ് ഫ്ലോറിഡ കോറല്‍ സ്പ്രിങ്സില്‍ മെറിന്‍ ജോലി ചെയ്തിരുന്ന  ആശുപത്രിയിലെ കാര്‍ പാര്‍കിങ് സ്ഥലത്ത് കൊല നടന്നത്. മെറിന്‍ ഡ്യൂട്ടി കഴിഞ്ഞ് വരുന്നത് കാത്ത് ഫിലിപ് 45 മിനിറ്റ്  നിന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച ഒരാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ യുവാവാണ് കാറിന്റെ ഫോട്ടോയെടുത്ത് ഉടന്‍ പൊലീസിനെ വിവരം അറിയിച്ചത്. കുത്തിയത് ഭര്‍ത്താവെന്ന് മെറിന്‍ പറയുന്നത് പൊലീസ് ചിത്രീകരിച്ചിട്ടുണ്ട്. സ്വയം കുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഫിലിപ്പിനെ രണ്ടു കൈയും ബാന്‍ഡേജിട്ട് നിലയിലാണ് കോടതിയില്‍ ഹാജരാക്കിയത്. ഫിലിപ്പിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും കരുതിക്കൂട്ടിയുള്ള കൊലയല്ലെന്ന് ന്യായം പറഞ്ഞ് കുറ്റം ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ഫിലിപ് മാത്യുവിന്റെ അഭിഭാഷകന്‍. 

പക്ഷേ, പൊലീസ് ഈ വാദം അംഗീകരിച്ചിട്ടില്ല. കത്തിയും ചുറ്റികയും വാങ്ങി ആശുപത്രിയിലെത്തിയത് കൃത്യമായ ആസൂത്രണമെന്ന് പൊലീസ് വിലയിരുത്തുന്നു. ഫിലിപ്പിനെ മാനസിക പരിശോധനയ്ക്കും വിധേയനാക്കി. മെറിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. മെറിന്റെ ഇരുപത്തിയാറാം ജന്മദിനമായിരുന്നു ഇന്നലെ.

കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില പുതിയ ഉയരത്തില്‍. പവന് 280 രൂപ ഉയര്‍ന്ന് സ്വര്‍ണ്ണ വില 40,000ല്‍ എത്തി. 25 ദിവസത്തിനിടെ 4200 രൂപയാണ് ഉയര്‍ന്നത്.
ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 35 രൂപ ഉയര്‍ന്ന് 5000 രൂപയായി.

നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്. 14 ദിവസം കൊണ്ട് പവന് 3700 രൂപയോളമാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.

കോഴിക്കോട്: ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരം.

മനുഷ്യരാശി ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ നടുവില്‍ നില്‍ക്കുമ്പോഴാണ് ത്യാഗസ്മരണകളുയര്‍ത്തി ഇത്തവണത്തെ ബലിപെരുന്നാള്‍. പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മയിലിനെ ദൈവ കല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍പുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ദിനം. സഹനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകം കൂടിയാണ് ബലിപെരുന്നാള്‍. ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുന്നത്.

സംസ്ഥാനത്ത് തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം പാടില്ലെന്നാണ് നിര്‍ദേശം. ഈദ്ഗാഹുകള്‍ ഉണ്ടാകില്ല. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല. പള്ളില്‍ തെര്‍മല്‍‍ സ്ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബലിപെരുന്നാളിനോട് അനുബ്ധിച്ചുള്ള മൃഗബലിക്ക് നിരോധനമില്ലെങ്കിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

മുഹമ്മദ്‌ ഫായിസിന് അഭിനന്ദനവുമായി മുഖ്യമന്ത്രി. ഫായിസ് ലോകത്തിന് മാതൃകയായി എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി. ചെറിയ തോല്‍വികളില്‍ തളര്‍ന്നുപോകുന്നവര്‍ക്ക് ഫായിസ് ഒരു മാതൃകയാണ്. വീണ്ടും വീണ്ടും പരിശ്രമിക്കണം എന്നുള്ളതിന്റെ സന്ദേശമാണ് കുട്ടി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് ലഭിച്ച പണത്തിന്റെ ഒരുഭാഗം ഫായിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബാക്കി തുക ഒരു നിര്‍ധന കുടുംബത്തിലെ അംഗത്തിന് വിവാഹ സഹായമായി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹ്യ ബോധമാണ് ഈ കൊച്ചുകുട്ടി പകര്‍ന്നുതന്നത്. ഫായിസിനേയും പിന്തുണ നല്‍കിയ മാതാപിതാക്കളേയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കടലാസ് ഉപയോഗിച്ച് പൂ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ''ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ'' എന്ന നാലാം ക്ലാസ്സുകാരൻ മുഹമ്മദ് ഫായിസിന്റെ വക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഈ വാചകങ്ങളാണ് മിൽമ പാലിന്റെ പരസ്യത്തിൽ പകർത്തിയത്. ''ചെലോൽത് ശരിയാകും ചെലോൽത് ശരിയാവൂല്ല! പെക്ഷേങ്കി ചായ എല്ലാർതും ശരിയാവും, പാൽ മിൽമ ആണെങ്കിൽ!'' എന്നായിരുന്നു മിൽമ സമൂഹമാധ്യമത്തിൽ ഉപയോഗിച്ച പരസ്യ വാചകം.

പരസ‌്യവാചകത്തിന്റെ റോയൽറ്റിയെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച ശക്തമായതിനു ‌പിന്നാലെ മിൽമ ഫായിസിന് പ്രതിഫലം നൽകണമെന്ന് ചിലർ വാദിച്ചു. ''ചെലോര് ഇട്ടോടുക്കും, ചെലോര് ഇട്ടോടുക്കൂല, ഞാൻ ഇട്ടോടുക്കും, അയിന് മ്മക്ക് ഒരു കൊയപ്പോല്യ'' എന്നായിരുന്നു ഇതിനോട് ഫായിസ് പ്രതികരിച്ചത്. മിൽമ അധികൃതർ ഫായിസിന്റെ വീട്ടിൽ എത്തി സമ്മാനങ്ങളും നൽകിയിരുന്നു.

വാഷിങ്ടന്‍ ∙ കൊറോണ വൈറസ് വർഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ വവ്വാലുകളില്‍ പടര്‍ന്നിരുന്നെന്ന കണ്ടെത്തലുമായി ഗവേഷകർ. ഏതൊക്കെ വൈറസുകളാണ് മനുഷ്യന് അപകടകരമാകുന്നതെന്ന് മുന്‍കൂട്ടി കണ്ടെത്താന്‍ എത്രത്തോളം പ്രയാസമാണെന്നത് ഈ പഠനം വ്യക്തമാക്കുന്നതായി പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. ഈ സാഹചര്യത്തില്‍, ആഗോളതലത്തില്‍ ഇത്തരം വിഷയങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി.

വൈറസ് പടര്‍ത്തിയ ‘അജ്ഞാതജീവി’ ഒളിവിൽ; ഉത്തരം കിട്ടാതെ ചോദ്യങ്ങൾ
സാര്‍സ് കോവ് 2 വൈറസിന്റെ ഏറ്റവും വലിയ സംഭരണകേന്ദ്രം ഹോഴ്‌സ്ഷൂ വവ്വാലുകളാണെന്നും പഠനം വ്യക്തമാക്കുന്നു. ചൈനയിലെ വുഹാൻ വൈറോളജി ലാബില്‍നിന്നാണ് കൊറോണ വൈറസ് പടര്‍ന്നതെന്ന യുഎസിന്റെ ആരോപണം നിലനില്‍ക്കെയാണു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. യുഎസ് ഉൾപ്പെടെയുള്ളവരുടെ ആരോപണത്തിന്റെയും വൈറസിന്റെ ഉദ്ഭവത്തിന്റെയും നിജസ്ഥിതി പഠിക്കാൻ ലോകാരോഗ്യ സംഘടന ഈ മാസം വിദഗ്ധരെ ചൈനയിലേക്ക് അയച്ചിരുന്നു.

വൈറസിന്റെ വംശാവലി കണ്ടെത്തുന്നതു രോഗാണുവാഹകരായ മൃഗങ്ങളില്‍നിന്നു മനുഷ്യരെ അകറ്റിനിര്‍ത്തി ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഭീഷണി നേരിടാന്‍ സഹായകരമാകും. വവ്വാലുകളില്‍ കാണപ്പെടുന്ന മറ്റു ചില വൈറസുകളും മനുഷ്യരിലേക്കു പടരാന്‍ ശേഷിയുള്ളതാണ്. ഈനാംപേച്ചികള്‍ കൊറോണയുടെ പ്രഭവകേന്ദ്രമല്ലെന്നാണു ഗവേഷകരുടെ നിഗമനം. ഈ സസ്തനികള്‍ ഒരുപക്ഷേ രോഗവാഹകരായിട്ടുണ്ടാകാമെന്നും ഇവര്‍ വിലയിരുത്തുന്നു.


    

മുംബൈ : കുസൃതി കാണിച്ചന്ന പേരിൽ നാല് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പുണെ പിംപ്രി ചിഞ്ച്വാദ് സ്വദേശിയായ സവിത കക്ഡെയാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. തലയ്ക്ക് പരിക്കേൽപ്പിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.


 
മകൾ കുസൃതി കാണിച്ചപ്പോൾ ദേഷ്യം വന്നെന്നും തല ചുമരിലിടിപ്പിച്ച ശേഷം മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. സംഭവസമയം ആറ് മാസം ഗർഭിണിയായ യുവതിയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിലെ ബാക്കിയെല്ലാവരും സവിതയുടെ ഭർതൃമാതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് മറ്റൊരു സ്ഥലത്തായിരുന്നു.

കുട്ടി കുസൃതി കാണിച്ചതാണ് യുവതിയെ കുപിതയാക്കിയത്. ഈ ദേഷ്യത്തിൽ ആദ്യം തല ചുമരിലിടിപ്പിച്ചു. പിന്നാലെ മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി. മകൾ ബോധരഹിതയായതോടെ യുവതി തന്നെയാണ് ഭർത്താവിനെ ഫോണിൽവിളിച്ച് കാര്യം പറഞ്ഞത്. ഭർത്താവ് വീട്ടിലെത്തി മകളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവതിയുടെ ഭർത്താവ് തന്നെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസെത്തി സവിതയെ അറസ്റ്റ് ചെയ്തു.

ബ്രിട്ടനില്‍ ആദ്യമായി വളര്‍ത്തുപൂച്ചയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ പൂച്ചയ്ക്ക് ഉടമയില്‍നിന്നാണു രോഗം പകര്‍ന്നതെന്നാണു കരുതുന്നത്. ഇതോടെ വളര്‍ത്തുമൃഗങ്ങളെ ഉമ്മ വയ്ക്കരുതെന്നും ഭക്ഷണം പങ്കുവച്ചു കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഗ്ലാസ്‌ഗോ സെന്റര്‍ ഫോന്‍ വൈറസ് റിസര്‍ച്ചില്‍ ജൂണില്‍ നടന്ന പരിശോധനയില്‍ പൂച്ചയ്ക്ക് കൊറോണ ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആനിമല്‍ പ്ലാന്റ് ഹെല്‍ത്ത് ലബോറട്ടറിയില്‍ നടന്ന വിശദപരിശോധനയില്‍ കഴിഞ്ഞയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.

ആറു വയസ്സുള്ള പൂച്ചയ്ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണു പ്രകടമായത്. ചെറിയ ശ്വാസംമുട്ടലും മൂക്കൊലിപ്പും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതു ഭേദമായെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പൂച്ചകളെ വളര്‍ത്തുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. 

ശ്വാസകോശസംബന്ധമായ രോഗമുള്ളവര്‍ പൂച്ചകളെ കൈകാര്യം ചെയ്യുന്നതിനു മുന്‍പ് കൈകള്‍ കഴുകി വൃത്തിയാക്കണം. ഒരേ കിടക്കയില്‍ പൂച്ചയെ ഒപ്പം കിടത്തി ഉറക്കരുത്. ആഹാരം പൂച്ചകളുമായി പങ്കിടരുതെന്നും ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ വൈറോളജി പ്രഫ. മാര്‍ഗരറ്റ് ഹൊസി മുന്നറിയിപ്പു നല്‍കി. 

ലോകത്ത് ഇതുവരെ വളരെ കുറച്ചു പൂച്ചകള്‍ക്കു മാത്രമേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു വൈറസ് പകരുന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല.

ബംഗളുരു: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ബംഗളുരുവില്‍ നാലു മലയാളികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ സഹദ് മഹമ്മദ്, അജ്മല്‍, പത്തനംതിട്ട സ്വദേശികളായ അജിന്‍ കെ.ജി. വര്‍ഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു കിലോഗ്രാം എല്‍എസ്ഡി സ്ട്രിപ്പുകള്‍, 110 ഗ്രാം എംഡിഎംഎ, 10 എക്സ്റ്റസി ടാബ്ലറ്റുകള്‍, അഞ്ചു കിലോഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരുടെ പക്കല്‍നിന്നു പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1.25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് ഇവയെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആന്റി നര്‍ക്കോട്ടിക് വിഭാഗം അറിയിച്ചു.

ബംഗളുരുവിലെ പബ്ബില്‍ ഡിജെയായ പ്രതികളിലൊരാള്‍ പബ്ബിലെത്തുന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കുമാണു മയക്കുമരുന്നു നല്‍കിയിരുന്നത്. ഡാര്‍ക് വെബില്‍നിന്നു മയക്കു മരുന്നുകള്‍ വാങ്ങിയശേഷം പബ്ബുകള്‍ വഴി യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നു പോലീസ് പറഞ്ഞു.

ബംഗളുരു സിറ്റി പോലീസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നാര്‍ക്കോട്ടിക് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ബംഗളുരുവിലെ സോലദേവനഹള്ളിയിലെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.


കൊച്ചി: മലയാള ടെലിവിഷന്‍ പരമ്പര രംഗത്തെ മിന്നും താരമാണ് രേഖ സതീഷ്‌പരസ്പരം സീരിയലിലെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തിയിലെത്തിയ നടിയാണ് രേഖ രതീഷ്. സീരിയലിലെ പത്മാവതി എന്ന വേഷം ശ്രദ്ധേയമായതോടെ പിന്നീടും അമ്മ കഥാപാത്രങ്ങളായിരുന്നു രേഖയെ തേടി എത്തിയത്. പ്രായം കുറവാണെങ്കിലും കിട്ടുന്ന വേഷം ചെയ്യാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നാണ് പലപ്പോഴായിട്ടും രേഖ പറയാറുള്ളത്.

കൊറോണ കാലത്ത് ഓണ്‍സ്‌ക്രീനിലെ മക്കളെ കാണാന്‍ കഴിയാത്തതിലുള്ള നിരാശ നടി നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഷൂട്ടിങ്ങ് വീണ്ടും തുടങ്ങിയതോടെ തിരക്കുകളിലാണ്. കരിയറില്‍ വലിയ വിജയങ്ങള്‍ നേടിയെങ്കിലും രേഖ രതീഷിന്റെ കുടുംബജീവിതം വലിയ പരാജയമായിരുന്നു. നാല് തവണ വിവാഹിതയായെങ്കിലും നാലും വേര്‍പിരിയുകയായിരുന്നു.

വ്യക്തി ജീവിതത്തില്‍ എന്റെ തീരുമാനങ്ങള്‍ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞു, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോള്‍ എല്ലായിടത്തും അഭയം തേടാന്‍ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാന്‍. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നില്ല.

ഒരു കാര്യവുമില്ലാതെയാണ് അവര്‍ വേണ്ട എന്നു പറഞ്ഞു പോയത്. എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത് എന്നു മാത്രം ആരും പറഞ്ഞില്ല. അല്ല, അങ്ങനെ പറയാന്‍ എന്തെങ്കിലും വേണ്ടേ?. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങള്‍ അടിച്ചു പൊളിച്ച് കഴിയുന്നു.

ഇനി ഒരു വിവാഹം കഴിക്കില്ല, ഉറപ്പ്. മകനു വേണ്ടിയാണ് എന്റെ ജീവിതം. ബാക്കി ദൈവത്തിന്റെ കൈയിലാണ്. മറ്റൊന്ന്, യൂട്യൂബിലും ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലുമൊക്കെ എന്നെക്കുറിച്ച് കഥകള്‍ മെനഞ്ഞ്, എന്റെ വ്യക്തി ജീവിതം ചികഞ്ഞ് വാര്‍ത്തയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക, ഞാന്‍ ഒരു അമ്മയാണ്. എനിക്ക് ഒരു മകനുണ്ട്. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുത്. മറ്റൊരു കാര്യം ഞാന്‍ ആരില്‍ നിന്നും സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നതാണെന്നും രേഖ പറഞ്ഞ് നിര്‍ത്തുന്നു.

കണ്ണൂര്‍ : ഉന്നത നേതാവ് അയച്ചുവെന്നു പറയപ്പെടുന്ന വാട്‌സ്ആപ്പ് അശ്ലീല ചിത്രത്തെ തുടര്‍ന്ന് പയ്യന്നൂരിലെ സിപിഎമ്മില്‍ വിവാദം പുകയുന്നു. പയ്യന്നൂരിലെ പാര്‍ട്ടി നേതാവിനാണ് കൈപ്പിഴപ്പറ്റി പാര്‍ട്ടി അണികളുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് സ്വന്തം നഗ്‌നചിത്രം അയച്ചത്.

പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും വര്‍ഗ-ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും അടങ്ങുന്ന ‘നാട്ടുഗ്രാമം മുത്തത്തി’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നേതാവ് സ്വന്തം നഗ്നചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ നേതാവ് ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചങ്കിലും പണിപാളി. ഡിലീറ്റ് ഫോര്‍ എവരി വണ്‍ എന്ന ഓപ്ഷന് പകരം നേതാവ് ഡിലേറ്റ് ഫോര്‍ മി ഓപ്ഷനാണ് തെരഞ്ഞെടുത്തത്. പിന്നാലെ നേതാവ് ഗ്രൂപ്പില്‍ നിന്നും എക്സിറ്റടിക്കുകയും ചെയ്തു. മറ്റാര്‍ക്കോ അയച്ച ചിത്രം മാറി ഗ്രൂപ്പിലെത്തിയതാണെന്നാണ് അണികള്‍ക്കിടയിലെ സംസാരം.

അതേസമയം ചിത്രം വ്യാപകമായി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിച്ചതോടെ നേതാവിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കത്തിലാണ് സി.പി.എം ജില്ലാ നേതൃത്വം.


കാസർകോട്: നീലേശ്വരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രധാന തെളിവ് കണ്ടെത്തി. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതിന് ശേഷം കുഴിച്ചിട്ട ഭ്രൂണാവശിഷ്ടമാണ് കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് തന്നെയാണ് ഇത് വീടിന് സമീപം കുഴിച്ചിട്ടത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് കുഴിച്ചിട്ട ഭ്രൂണാവശിഷ്ടം പുറത്തെടുത്തത്. പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം തഹസിൽദാരും ഫൊറൻസിക് സർജനും സംഭവസ്ഥലത്തെത്തിയിരുന്നു. കേസിലെ സുപ്രധാന തെളിവായതിനാൽ ഇത് ഡി.എൻ.എ. പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

ദിവസങ്ങൾക്ക് മുമ്പാണ് 16-കാരിയെ പീഡിപ്പിച്ച കേസിൽ പിതാവടക്കം ആറ് പേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതായും ഭ്രൂണാവശിഷ്ടം ജൂൺ 22-ന് വീടിന് സമീപത്ത് കുഴിച്ചിട്ടതായും പിതാവ് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. കേസിൽ പെൺകുട്ടിയുടെ മാതാവിന്റൈ പങ്കിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


തെറ്റ് ചെയ്ത ആരേയും സംരക്ഷിക്കില്ലെന്ന് പ്രഖ്യാപിക്കുകയും സംശയത്തിന്റെ നിഴലിലുള്ളവരെ പുറത്താക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം രാഷ്ട്രീയമായി വേട്ടയാടപ്പെടുന്നുവെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വിവാദങ്ങള്‍ ഉയര്‍ന്നിട്ടും നിര്‍ഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ചങ്കുറപ്പുള്ള പിണറായി വിജയനെയാണ് ഈ ദിവസങ്ങളില്‍ നാം കണ്ടതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മടിയില്‍ കനമില്ലാത്തവര്‍ വഴിയില്‍ ആരെയും പേടിക്കില്ലെന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചത്. 

വേട്ടയാടപ്പെടല്‍ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ്സ് ഉയര്‍ത്തി പിടിച്ചും തന്നെയാണ് നേരിടുന്നത്. 

വിവാദ സ്വര്‍ണ്ണ കടത്തു കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ രാജ്യദ്രോഹികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവര്‍ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെന്‍സേഷനലൈസ് ചെയ്തും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്. തെറ്റ് ചെയ്താല്‍ ഉന്നതരായാല്‍ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലില്‍ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. 

എന്നാല്‍ കനല്‍ വഴികളിലൂടെ നടന്നു വന്ന പിണറായി വിജയന്‍ എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യം, പ്രത്യേകിച്ച് ഒരു ദുരന്ത മുഖത്ത്, നിര്‍വ്വഹിച്ച് മുന്നോട്ട് പോകുന്നത്. ശിവശങ്കറിനെ ഇപ്പാള്‍ അറസ്റ്റ് ചെയ്യും, പ്രതിയാക്കും( ഭാവിയില്‍ അങ്ങിനെ സംഭവിച്ചാല്‍ കൂടി അദ്ദേഹത്തെ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്) എന്നൊക്കെ ' മുറിക്കുന്ന വാര്‍ത്തകള്‍ ' വരുമ്പോഴും നിര്‍ഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ചങ്കുറപ്പുള്ള പിണറായി വിജയനെയാണ് ഈ ദിവസങ്ങളില്‍ നാം കണ്ടത്. അതുകൊണ്ട് അന്വേഷണവും നിയമവും ആ വഴികളില്‍ നിങ്ങട്ടെ. 

നമുക്ക് കോവിഡും വെള്ള പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാം. ഒരു ഇടതു സര്‍ക്കാരിനെ തകര്‍ക്കാന്‍ ആര്‍ക്കും ശ്രമം നടത്താം. പക്ഷേ, തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങള്‍ ഒപ്പമുള്ളപ്പോള്‍ അതൊക്കെ വൃഥാ ശ്രമങ്ങള്‍ ആകും, അത്ര തന്നെ.

1. പള്ളികളിൽ  പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ പരമാവധി ശ്രമിക്കുക. മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളിൽ‌ വ്യക്തമാക്കിയ പരമാവധി എണ്ണമായി  പരിമിതപ്പെടുത്തുക. 

2. കണ്ടെയ്‌ൻമെന്റ്  സോണുകളിൽ കൂട്ടം കൂടി പ്രാർത്ഥനയും ഖുർബാനിയും പാടില്ല.

3. ഖുർബാനി അല്ലെങ്കിൽ ഉലുഹിയാത്ത് ആചരിക്കുമ്പോൾ ശരിയായ ശുചിത്വവും സാമൂഹിക അകലവും  പാലിക്കണം. 

4: ബലികർമം വീടുകളിൽ മാത്രം നടത്തണം

5 ബലികർമം നടത്തുമ്പോൾ, കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് , പരമാവധി 5 പേർ മാത്രമേ പങ്കെടുക്കാവൂ. 

6. ബലികർമത്തിനു ശേഷം ഇറച്ചി വിതരണം കണ്ടെയ്‌ൻമെന്റ് മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ മാത്രമെ പാടുള്ളു.   വീടുകളിൽ കൊടുക്കുമ്പോൾ ചെയ്യുമ്പോൾ കൊടുക്കുന്ന  വ്യക്തി സന്ദർശിച്ച  വീടുകളുടെ ഒരു രജിസ്റ്റർ സൂക്ഷിക്കുക . ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിക്കാൻ ശ്രദ്ധിക്കണം.

7. കഴിഞ്ഞ 14 ദിവസങ്ങളിൽ കോവിഡിന്റെയോ 
പനിയുടെയോ ലക്ഷണങ്ങളുള്ള  ആരും സമൂഹ പ്രാർത്ഥനയിലും ചടങ്ങിലും പങ്കെടുക്കാൻ പാടില്ല.  

 8. നിരീക്ഷണത്തിലുള്ള  ആളുകൾ  സ്വന്തം വീടുകളിലാണെങ്കിൽപ്പോലും കൂട്ടം കൂടി പ്രാർത്ഥനയിലോ ബലികർമങ്ങളിലോ പങ്കെടുക്കരുത്.

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി.

280 രൂപകൂടി വര്‍ധിച്ചാല്‍ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നല്‍കേണ്ടി വരും.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,962.13 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് വിലവര്‍ധനവിന് പിന്നില്‍.

തിരുവനന്തപുരം: ബലിക്കല്ലില്‍ കയറി നിന്ന് മാറാലയടിച്ച ക്ഷേത്ര ജീവനക്കാരന് സസ്‌പെന്‍ഷന്‍ നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ജീവനക്കാരന്റെ മാറാലയടി വലിയ ഒച്ചപ്പാട് സൃഷ്‌ടിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് നടപടി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ വടക്കന്‍ പറവൂര്‍ ഗ്രൂപ്പിലെ പെരുവാരം സബ്ഗ്രൂപ്പില്‍പ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരന്‍ ക്ഷേത്ര വലിയ ബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ചത്.

മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്‌മ ക‍ഴകം ജീവനക്കാരനായ എസ്.പ്രകാശ് ക്ഷേത്ര വലിയ ബലിക്കല്ലില്‍ കയറിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇദ്ദേഹം ആചാരലംഘനം നടത്തിയെന്ന് ആരോപിച്ച്‌ സമൂഹ മാദ്ധ്യമങ്ങളിലടക്കം വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു.

സംഭവം വിവാദമായതോടെ പ്രകാശിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രകാശ് 2003 മുതല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കാരായ്‌മ ജീവനക്കാരനായി ജോലിനോക്കിവരികയാണ്.

പത്തനാപുരം: തകരാര്‍ പരിഹരിക്കാന്‍ നല്‍കിയ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി ചൂഷണത്തിന് ശ്രമിച്ച മൊബൈല്‍ കടയിലെ ജീവനക്കാരനായ യുവാവ് പിടിയില്‍. പത്തനാപുരത്തെ മൊബൈല്‍ കടയിലെ ജോലിക്കാരനായ ആലപ്പുഴ അരൂര്‍കുറ്റി താങ്കേരില്‍ വീട്ടില്‍ ഹിലാലാണ് (37) അറസ്റ്റിലായത്.

ഫോണിലെ വ്യക്തിപരമായ ഫോട്ടോകള്‍ കൈവശമുണ്ടെന്നും മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. സ്ത്രീകളെ വിളിക്കുകയും പറയുന്ന സ്ഥലത്ത് എത്തിയില്ലെങ്കില്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണിയെന്ന് പോലീസിന് പരാതി ലഭിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഹിലാലിന്റെ കലഞ്ഞൂരിലെ താമസസ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി ഫോണുകള്‍ കണ്ടെത്തി. സി.ഐ ജെ. രാജീവ്, എസ്.ഐമാരായ സുബിന്‍, ജയിംസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മോസ്‌കോ ലോകമെമ്പാടും ഭീതിപരത്തി ജീവനപഹരിയ്ക്കുന്ന കൊവിഡ് മഹാമാരിയ്‌ക്കെതിരായ വാക്‌സിനായുള്ള കാത്തിരിപ്പിലാണ് ലോകരാഷ്ട്രങ്ങള്‍.അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിലായി ഇതിനായുള്ള പരീക്ഷണങ്ങളും പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്ന പരീക്ഷണത്തിലുമാണ്. എന്നാല്‍ ഓഗസ്റ്റ് 10ന് കൊറോണ വാക്സിന്‍ പുറത്തിറക്കുമെന്ന അവകാവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത് റഷ്യയാണ്. പക്ഷേ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഗവേഷകര്‍ അറിയിച്ചിരിക്കുകയാണിപ്പോള്‍.

ലോകത്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് റഷ്യയില്‍ നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 10-12 നകം പ്രവര്‍ത്തനക്ഷമമായ കോവിഡ്-19 വാക്‌സിന്‍ അവതരിപ്പിക്കുമെന്ന് റഷ്യയുടെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടു. ഏകദേശം അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഇത് ലഭ്യമാകുമെന്നാണ് വാദം. ലോകത്ത് പരസ്യപ്പെടുത്തുന്ന ആദ്യത്തെ ഫലപ്രദമായ കൊറോണ വൈറസ് വാക്‌സിന്‍ ഇതായിരിക്കാം എന്നാണ് റഷ്യന്‍ ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാക്‌സിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

3 മുതല്‍ 7 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ പൊതുജന ഉപയോഗത്തിനായി അംഗീകരിച്ചേക്കാമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വക്താവിനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 15-16 നകം വാക്‌സിന്‍ അംഗീകരിക്കാമെന്ന് റഷ്യയിലെ സ്റ്റേറ്റ് ആര്‍ഐഎ നോവോസ്റ്റി വാര്‍ത്താ ഏജന്‍സിയും നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 കൊച്ചി :പ്രശസ്ത സിനിമ-സീരിയല്‍ താരം അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു.സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ ഏറെ മികവുറ്റതാക്കിയ അഭിനേതാവായിരുന്നു അനില്‍ മുരളി.

പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് അനില്‍ ജനപ്രിയനായിത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു. മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളില്‍ അഭിനയിച്ചുതുടങ്ങിയ അനില്‍ 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.
 കര്‍മ്മയോദ്ധാ, ചേട്ടായീസ്, ബ്ലാക്ക്‌ബെറി ,ആമേന്‍, വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ 6 മെലുഗു വതിഗള്‍, നിമിര്‍ന്തു നില്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കള്‍: ആദിത്യ മുരളി, അരുന്ധതി മുരളി.


ആലപ്പുഴ: കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ വിധി ഇന്ന്. സംഭവം നടന്ന് ഏഴ് വര്‍ഷം തികയുമ്പോഴാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. സിപിഎമ്മിലെ വിഭാഗീതയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ വാദം. വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പടെ അഞ്ച് പേര്‍ കേസില്‍ പ്രതികളാണ്.

2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകര്‍ക്കുകയും ചെയ്തു. ലോക്കല്‍ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2014 ഒക്ടോബറില്‍ സിപിഎം പ്രവര്‍ത്തകരെ പ്രതിയാക്കി കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ലതീഷ് ബി ചന്ദ്രന്‍ ഒന്നാംപ്രതി. കണ്ണര്‍കാട് മുന്‍ ലോക്കല്‍ സെക്രട്ടറി പി.സാബു, സിപിഎം പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയും പ്രതികളാക്കി. യുഡിഎഫ് ഭരണകാലത്തെ ക്രൈംബ്രാഞ്ച് അന്വേഷണമാണെങ്കിലും പ്രതികളെയെല്ലാം സിപിഎം പുറത്താക്കി.

പാര്‍ട്ടിതലത്തില്‍ അന്വേഷണവും ഉണ്ടായില്ല. 2016 ഏപ്രില്‍ 28 ന് കേസില്‍ ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലെന്ന് വരുത്തിതീര്‍ക്കാനായിരുന്നു സ്മാരകം തകര്‍ത്തതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. ക്രിമിനല്‍ ഗൂഢാലോചനയടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കേസില്‍ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തരെ വി.എസ്. അച്യുതാനന്ദന്‍ പിന്തുണച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി ശക്തമായ എതിര്‍ത്തു. സിപിഎം വിഭാഗീയത രൂക്ഷമായകാലത്ത് കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ കേസിലാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്.
 


ന്യൂഡല്‍ഹി: കൊവിഡ് മരുന്നുമായി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹെറ്റെറോ. ഫവിപിരവിര്‍ എന്ന ബ്രാന്‍ഡ് നാമത്തിലാണ് മരുന്ന് പുറത്തിറക്കിയിരിക്കുന്നത്. ഒരു ടാബ്ലെറ്റിന് 59 രൂപയാണ് ഈടാക്കുക എന്ന് കമ്പനി അറിയിച്ചു.

കൊവിഡിനെതിരെയുള്ള ആന്റിവൈറല്‍ മരുന്നാണ് ഹെറ്റെറോ പുറത്തിറക്കിയത്. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരുടെ ചികിത്സയ്ക്കാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. അതായത് നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്കാണ് സാധാരണയായി മരുന്നായി നല്‍കുന്നത്.

മരുന്നിന്റെ ഉല്‍പ്പാദനത്തിനും വിപണനത്തിനും കമ്പനിക്ക് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചിട്ടുണ്ട്. കോവിഫോറിന് (റെംഡെസിവിര്‍) ശേഷം കൊവിഡ് ചികിത്സയ്ക്ക് വേണ്ടി ഹെറ്റെറോ വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മരുന്നാണിത്.

മരുന്ന് പരീക്ഷണത്തില്‍ അനുകൂലമായ ഫലമാണ് പുറത്തുവന്നത്. നേരിയ രോഗലക്ഷണമുളളവരുടെ ചികിത്സയ്ക്ക ഇത് പ്രയോജനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്നുമുതല്‍ ചില്ലറ വില്‍പ്പന ശാലകളില്‍ അടക്കം മരുന്ന് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

മോനിപ്പള്ളി ഊരാളിൽ വീട്ടിലെ തൊട്ടിലിൽ ഒന്നുമറിയാതെ ഉറങ്ങുകയാണ് രണ്ടു വയസ്സുകാരി നോറ. അവളുടെ അമ്മ ഇനിയില്ല. യുഎസിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച കോട്ടയം മോനിപ്പള്ളി ഊരാളിൽ മെറിൻ ജോയിയുടെ മകളാണ് നോറ. തോരാതെ പെയ്യുന്ന മഴ പോലെ കണ്ണീർ ഒഴുക്കുകയാണ് ഈ കുടുംബം. വ്യാഴാഴ്ച (30–07–20) മെറിന്റെ ജന്മദിനവും വിവാഹ വാർഷിക ദിനവുമാണ്. പക്ഷേ ആഘോഷങ്ങളൊന്നുമില്ലാത്ത ലോകത്തേയ്ക്ക് അവൾ യാത്രയായി.

പിറവം മരങ്ങാട്ടിൽ കുടുംബാംഗമായ ജോയിയുടേയും മേഴ്സിയുടേയും മൂത്ത മകൾ മെറിൻ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് മെറിൻ വീട്ടിലേക്ക് വിഡിയോ കോൾ വിളിച്ചിരുന്നു. അച്ഛനോടും അമ്മയോടും സഹോദരി മീരയോടും സംസാരിച്ചു. മകൾ നോറയുടെ കുസൃതികൾ കണ്ടു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണവാർത്ത എത്തി. അപ്രതീക്ഷിത വേർപാടിൽ തരിച്ചു നിൽക്കുകയാണ് വീടും നാടും.

പഠനത്തിനു പെരുമാറ്റത്തിലും മുൻനിരയിലാണ് മെറിൻ. 2016ലാണ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായുള്ള വിവാഹം. ഇതിനു ശേഷമാണ് യുഎസിൽ പോയത്. കഴിഞ്ഞ ഡിസംബറിൽ മെറിനും ഫിലിപ്പും നോറയും നാട്ടിലെത്തി. ഫിലിപ്പും മെറിനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്ന് മെറിന്റെ പിതാവ് ജോയി പറയുന്നു. എങ്കിലും ഫിലിപ്പിനെതിരെ പരാതിയൊന്നും നൽകിയില്ല. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോൾ ഫിലിപ് തിരികെ പോയി. ജനുവരി 12നു പോകാൻ വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഫിലിപ്പ് നേരത്തേ മടങ്ങിപ്പോവുകയായിരുന്നു.


മകൾ നോറയെ വീട്ടിൽ ഏൽപിച്ചു ജനുവരി 29ന് മെറിനും മടങ്ങിപ്പോയി. ഫിലിപ്പും മെറിനും മാസങ്ങളായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഫിലിപ്പിൽ നിന്നു ഭീഷണിയുള്ളതായി മെറിൻ പറഞ്ഞിട്ടില്ലെന്നു കുടുംബാംഗങ്ങൾ പറയുന്നു. മിക്ക ദിവസവും വിളിക്കും. വിശേഷങ്ങൾ പറയും. കഴിഞ്ഞ ദിവസത്തെ വിഡിയോ കോൾ അവസാന വിളിയാകുമെന്ന് ഒരിക്കലും കരുതിയില്ല. അമ്മയുടേയും അച്ഛന്റെയും സ്നേഹം നഷ്ടപ്പെട്ട നോറ ഇനി മെറിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്.

തിരുവനന്തപുരം: കൊവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കൊവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗിയെയാണ് ചികില്‍സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികില്‍സിച്ച് ഭേദമാക്കിയിരുന്നു.

മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ഏപ്രില്‍ 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികില്‍സ ഏകോപിപ്പിച്ചത്. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികില്‍സ ക്രമീകരിച്ചു. ഇവരുടെ പരിചരണത്തിനായി പ്രത്യേക ശ്രദ്ധയും നല്‍കിയിരുന്നു. പല സമയത്തും ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ചികില്‍സയും പരിചരണവും ഒപ്പം രോഗിയുടെ മനോബലവും ഫലം കണ്ടു. രോഗമുക്തി നേടിയതോടെ വളരെയധികം സന്തോഷത്തോടെയാണ് അസ്മ ബീവി ആശുപത്രി വിട്ടത്.

105 വയസിലും അസാമാന്യമായ മനോബലം കാണിച്ച അസ്മാ ബീവിയെ ആരോഗ്യ വകുപ്പ് മന്ത്രി കെകെ. ശൈലജ ടീച്ചര്‍ പ്രകീര്‍ത്തിച്ചു. കൊവിഡ് ഭയത്താല്‍ മാനസിക വിഭ്രാന്തി കാണിക്കുന്നവര്‍ ഇവരെപ്പോലുള്ളവരുടെ മനോബലം കാണേണ്ടതാണ്. കൊവിഡ് പ്രതിരോധത്തില്‍ ശാസ്ത്രീയ മാര്‍ഗമാണ് കേരളം സ്വീകരിക്കുന്നത്. മെഡിക്കല്‍ കോളജുകളില്‍ അതീവ ജാഗ്രതയും പരിചരണവുമാണ് നല്‍കുന്നത്. പ്ലാസ്മ തെറാപ്പിയുള്‍പ്പെടെയുള്ള ചികില്‍സാ രീതിയിലൂടെ നിരവധിയാളുകളുടെ ജീവന്‍ രക്ഷിച്ച് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞു. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 70 വയസിന് മുകളിലുള്ള നിരവധിയാളുകളേയാണ് രക്ഷിക്കാനായത്. ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പാള്‍, സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് എല്ലാ വിഭാഗം ജീവനക്കാര്‍ എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി

റിയാദ്: വിശുദ്ധ നഗരിയിലും പരിസരങ്ങളിലുമുള്ളവര്‍ക്കും തീര്‍ഥാടകര്‍ക്കും ഓര്‍മകളിലെങ്ങുമില്ലാത്ത അപൂര്‍വ്വ ഹജ്ജാണ് ഇക്കുറി. 25 ലക്ഷത്തോളം തീര്‍ത്ഥാടകരെത്തിയിരുന്ന സ്ഥാനത്ത് 10,000ഓളം പേര്‍ മാത്രം. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പെടെ എല്ലാ മുന്‍കരുതലുകളും പാലിച്ച് അല്ലാഹുവിന്റെ അതിഥികള്‍ എത്തിയിരിക്കുന്ന

സൗദി പൗരന്‍മാരും 160 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമാണ് ഇത്തവണത്തെ ഹജ്ജിനുള്ളത്. ഇതില്‍ 30ഓളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇവര്‍ ഒരാഴ്ച മുമ്പേ മക്കയിലെത്തി ക്വാറന്റീനില്‍ കഴിയുകയാണ്.

ഇത്തവണ ഹജ്ജ് കര്‍മം നടക്കില്ലെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാല്‍, കൊവിഡ് വ്യാപനം കുറഞ്ഞത് കണക്കിലെടുത്ത് ജൂണ്‍ 23നാണ് നിബന്ധനകളോടെ ഹജ്ജിന് അനുമതി നല്‍കിയത്. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.

ദുല്‍ഹജ്ജ് ഏഴ് രാത്രി മുതല്‍ മക്കയിലെ ഓരോ കൈവഴിയും പാല്‍കടലായി മിനായിലേക്ക് ഒഴുകിയെത്താറാണ് പതിവ്. വഴിനീളെ വഴികാട്ടാന്‍ ആളുണ്ടാകും. ബസ്സുകളിലും ട്രെയിനുകളിലുമായവര്‍ വിശ്വ മഹാസംഗമത്തില്‍ ലയിച്ചു ചേരും. എന്നാല്‍, ഇന്ന് ആളും അനക്കവും ഇല്ല. വിജനത തളംകെട്ടി നില്‍ക്കുകയാണ് മിനാ താഴ്വരയില്‍.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹജ്ജിനെത്തുന്നവര്‍ക്ക് മക്കയിലെ സംസം കിണറില്‍ നിന്നും കുടിക്കേണ്ട വിശുദ്ധ ജലം ബോട്ടിലുകളിലാക്കിയാണ് നല്‍കുക. ജംറയില്‍ പിശാചിന്റെ പ്രതീകത്തിനു നേരെ കല്ലെറിയുന്ന ചടങ്ങിലെ കല്ലുകള്‍ അണുവിമുക്തമാക്കി നേരത്തെ പായ്ക്ക് ചെയ്ത് നല്‍കിയിട്ടുണ്ട്.

ഹജ്ജ് മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രത്യേകം ബസ്സില്‍ മാത്രമായിരിക്കും ഹാജിമാരുടെ യാത്രകള്‍. മിനായില്‍ രാത്രി താമസിക്കുന്ന ഹാജിമാര്‍ വ്യാഴാഴ്ച്ച ഉച്ചയോടെ അറഫയിലേക്ക് പുറപ്പെടും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ മുഴുവന്‍ ക്രമീകരിച്ചിട്ടുള്ളത്.

സൗദി പൗരന്‍മാരും 160 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമാണ് ഇത്തവണത്തെ ഹജ്ജിനുള്ളത്. ഇതില്‍ 30ഓളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇവര്‍ ഒരാഴ്ച മുമ്പേ മക്കയിലെത്തി ക്വാറന്റീനില്‍ കഴിയുകയാണ്.

ഇത്തവണ ഹജ്ജ് കര്‍മം നടക്കില്ലെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്.
എന്നാല്‍, കൊവിഡ് വ്യാപനം കുറഞ്ഞത് കണക്കിലെടുത്ത് ജൂണ്‍ 23നാണ് നിബന്ധനകളോടെ ഹജ്ജിന് അനുമതി നല്‍കിയത്. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.

ദുല്‍ഹജ്ജ് ഏഴ് രാത്രി മുതല്‍ മക്കയിലെ ഓരോ കൈവഴിയും പാല്‍കടലായി മിനായിലേക്ക് ഒഴുകിയെത്താറാണ് പതിവ്. വഴിനീളെ വഴികാട്ടാന്‍ ആളുണ്ടാകും. ബസ്സുകളിലും ട്രെയിനുകളിലുമായവര്‍ വിശ്വ മഹാസംഗമത്തില്‍ ലയിച്ചു ചേരും. എന്നാല്‍, ഇന്ന് ആളും അനക്കവും ഇല്ല. വിജനത തളംകെട്ടി നില്‍ക്കുകയാണ് മിനാ താഴ്വരയില്‍.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹജ്ജിനെത്തുന്നവര്‍ക്ക് മക്കയിലെ സംസം കിണറില്‍ നിന്നും കുടിക്കേണ്ട വിശുദ്ധ ജലം ബോട്ടിലുകളിലാക്കിയാണ് നല്‍കുക. ജംറയില്‍ പിശാചിന്റെ പ്രതീകത്തിനു നേരെ കല്ലെറിയുന്ന ചടങ്ങിലെ കല്ലുകള്‍ അണുവിമുക്തമാക്കി നേരത്തെ പായ്ക്ക് ചെയ്ത് നല്‍കിയിട്ടുണ്ട്.

ഹജ്ജ് മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രത്യേകം ബസ്സില്‍ മാത്രമായിരിക്കും ഹാജിമാരുടെ യാത്രകള്‍. മിനായില്‍ രാത്രി താമസിക്കുന്ന ഹാജിമാര്‍ വ്യാഴാഴ്ച്ച ഉച്ചയോടെ അറഫയിലേക്ക് പുറപ്പെടും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ മുഴുവന്‍ ക്രമീകരിച്ചിട്ടുള്ളത്.

പ്രശസ്ത സിനിമാ നിര്‍മാണ കമ്ബനിയായ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് വെബ് സീരീസിലേക്ക് കടക്കുന്നു. കമ്ബനി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വീരപ്പനെ കുറിച്ചുള്ള കഥ പറഞ്ഞാണ് തുടക്കം.

ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ കുമാര്‍ വീരപ്പനെ കുറിച്ചെഴുതിയ ‘ചെയ്സിംഗ് ദി ബ്രിഗണ്ട്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വെബ്സീരീസ് ഒരുക്കുന്നത്. ഇതിനുള്ള കോപ്പി റൈറ്റ് ഇ ഫോര്‍ എനമ്‍റര്‍ടൈന്‍മെന്റ് അദ്ദേഹത്തില്‍ നിന്ന് നേടിയിട്ടുണ്ടെന്ന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ നിരോധനങ്ങൾക്ക് അയവുവരുത്തുന്നതിന്റെ ഭാഗമായുള്ള അൺലോക് 3.0 മാർഗരേഖ കേന്ദ്ര സർക്കാർ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസവും തുറക്കില്ല എന്നതാണ് മാർഗരേഖയിലെ പ്രധാന തീരുമാനം. സിനിമാ തിയറ്ററുകളും അടുത്ത മാസം 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്കും തുടരും. അതേസമയം, ജിംനേഷ്യങ്ങളും യോഗാ പഠന കേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതൽ തുറക്കാം. ഓഗസ്റ്റ് ഒന്നിന് നിലവിൽ വരുന്ന അൺലോക് 3.0ലെ തീരുമാനങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ ബാധകമല്ല.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് പുതിയ മാർഗനിർദ്ദേശങ്ങളെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.പ്രധാന നിർദേശങ്ങൾ:

∙ രാത്രികാല യാത്രാനിരോധനം നീക്കി.

∙ യോഗാ പഠന കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങൾ തുടങ്ങിയവ ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കാം. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗരേഖ പുറത്തിറക്കും.

∙ സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷത്തിന് അനുമതി. ഇക്കാര്യത്തിൽ ജൂലൈ 21ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ബാധകമാക്കും.

∙ സ്കൂളുകൾ, കോളജുകൾ, മറ്റ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ ഓഗസ്റ്റ് 31 വരെ അടഞ്ഞുതന്നെ കിടക്കും.

∙ രാജ്യാന്തര വിമാന സർവീസുകൾ വന്ദേ ഭാരത് മിഷനു കീഴിൽ മാത്രം. സാഹച്യങ്ങൾ പരിഗണിച്ച് മറ്റു വിമാന സർവീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കും.

∙ മെട്രോ റെയിൽ, സിനിമാ തിയറ്റർ, സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, സമ്മേളന ഹാളുകൾ എന്നിവയ്ക്കുള്ള നിയന്ത്രണം തുടരും.

∙ ആളുകൾ വൻതോതിൽ കൂടുന്ന സമ്മേളനങ്ങൾക്കുള്ള നിലവിലെ നിയന്ത്രണം തുടരും.

∙ കണ്ടെയ്മെന്റ് സോണുകളിൽ ലോക്ഡൗൺ ഓഗസ്റ്റ് 31 വരെ കർശനമായി തുടരും.

കൊച്ചി: ഭര്‍ത്താവ് ആഷ്‌ലിയുമായി കണ്ടുമുട്ടിയതിനെ കുറിച്ചും അദ്ദേഹം പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും പങ്കുവെച്ച് സയനോര . സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്ന മോശം അനുഭവങ്ങളും പിന്നീട് അതേ സ്‌കൂളില്‍ തന്നെ പോയി ഇക്കാര്യം പറഞ്ഞതിനെ കുറിച്ചുമൊക്കെ താരം വ്യക്തമാക്കിയിരിക്കുകയാണ്.

സ്‌കൂളില്‍ ഗ്രൂപ്പ് ഡാന്‍സിന് സെലക്ഷന്റെ സമയത്ത് എന്നെയും ഡാന്‍സ് ചെയ്യാനായി എടുത്തിരുന്നു. പക്ഷേ, എല്ലാവരും പ്രാക്ടീസിന് പോയപ്പോള്‍ എന്നെ വിളിച്ചില്ല. ഞാന്‍ ടീച്ചറിനോട് പെര്‍മിഷന്‍ വാങ്ങി. പ്രാക്ടീസ് നടക്കുന്ന സ്ഥലം വരെ പോയി. അവിടെ ബാക്കി കുട്ടികളൊക്കെ ഡാന്‍സ് കളിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ടീച്ചറിനോട് ചോദിച്ചു. എന്നെയെന്താ വിളിക്കാത്തതെന്ന്. അപ്പോഴാണ് ടീച്ചര്‍ പറയുന്നത് അവരൊക്കെ എത്ര കളറുള്ള കുട്ടികളാണ്. സയനോര എത്ര മേക്കപ്പ് ചെയ്താലും അവരുടെ കൂടെ നില്‍ക്കാന്‍ പറ്റില്ല.

സ്‌കൂളിന്റെ പ്രൈസ് പോയാല്‍ മോള്‍ക്ക് വിഷമമാകില്ലേ? എന്നൊക്കെ അവിടെ വെച്ച് ടീച്ചര്‍ പറഞ്ഞത് കേട്ട് ഞാന്‍ തിരികെ പോയെങ്കിലും വീട്ടില്‍ ചെന്നിട്ട് വന്‍ അലമ്പായിരുന്നു. കറുത്തത് കൊണ്ട് എന്നെ ഡാന്‍സിന് എടുത്തില്ല. ഞാന്‍ കറുത്തതാണെങ്കില്‍ എന്നെ കൊന്ന് കളഞ്ഞൂടായിരുന്നോ എന്നൊക്കെ ചോദിച്ചു. അച്ഛനും അമ്മയും എന്നെ അന്ന് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. പക്ഷേ വലുതായപ്പോള്‍ എന്റെ കൂട്ടുകാരികള്‍ക്ക് ലവ് ലെറ്റര്‍ കിട്ടുമ്പോള്‍ എന്നെയാരും തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ല. അപ്പോ ഞാന്‍ വിചാരിക്കും കറുത്തതായോണ്ട് എന്നെയാരും കല്യാണം കഴിക്കില്ലേയെന്ന്‌

പിന്നീട് പാട്ടൊക്കെ പാടി സ്റ്റേജിലെത്തിയപ്പോള്‍ ഇന്‍ഫീരിയോറിറ്റ് ക്ലോംപ്ലക്‌സുകള്‍ പോകുന്നത് പോലെ കറുപ്പിന്റെ പ്രശ്‌നവും പോയി. വലുതായി കഴിഞ്ഞ് അതേ സ്‌കൂളിലെത്തി ഞാനാ പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. എനിക്കുണ്ടായ അവസ്ഥ മറ്റ് കുട്ടികള്‍ക്ക് ഉണ്ടാവരുതെന്ന നിര്‍ബന്ധംമൂലം. പിന്നീട് എന്റെ കല്യാണ സമയത്തും കേട്ടിരുന്നു. നീ കറുത്തിട്ടല്ലേ, അപ്പോ കറുത്ത കുട്ടി ഉണ്ടാകില്ലേ എന്നൊക്കെ. അവരോടൊക്കെ ഞാന്‍ തിരിച്ച് ചോദിച്ചു, കറുത്തിട്ടും വെളുത്തിട്ടുമൊക്കെ എന്താ കാര്യം ആള് നന്നാകുമ്പോഴല്ലെ കാര്യമുള്ളു എന്ന്.

എയറേബിക്‌സ് ട്രെയിനിങ്ങിന് പോയപ്പോ കണ്ട ഇന്‍സ്ട്രക്റ്ററായിരുന്നു ആഷി (ആഷ്‌ലി). കണ്ടപ്പോഴെ എനിക്ക് തോന്നി, കൊള്ളാല്ലോ ഇന്‍സ്ട്രകറ്റര്‍. ഇനി ഇങ്ങരേ കാണാന്‍ സ്ഥിരായിട്ട് ക്ലാസിന് വരാമെന്ന് പ്ലാന്‍ ചെയ്തു. എല്ലാവരോടും സംസാരിക്കുന്ന പോലെ അവനോടും ഞാന്‍ ഒരുപാട് സംസാരിക്കുമായിരുന്നു. അപ്പോഴെക്കും അതൊരു പ്രേമമാണെന്ന കഥയൊക്കെ വന്നു. വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമായത് കൊണ്ട് റൂമറിന് താല്‍പര്യമില്ലെന്ന് പറഞ്ഞു ഇനി സംസാരിക്കില്ലെന്ന് അവനോട് വിളിച്ച് പറഞ്ഞു.

എന്നാല്‍ നീയെന്റെ വീട്ടിലോട്ട് വാ, അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ചിട്ട് ഓക്കെയാണെങ്കില്‍ കല്യാണം കഴിക്കാം. അതോടെ ഈ റൂമര്‍ തീരുമല്ലോ എന്നായിരുന്നു അവന്റെ മറുപടി. അതായിരുന്നു അവന്റെ പ്രൊപ്പോസലും. പക്ഷേ ഞാനാണ് അവനെ പ്രൊപ്പോസ് ചെയ്തതെന്ന് പറഞ്ഞവന്‍ നടക്കുന്നതൊക്കെ വെറും തട്ടിപ്പാണ്. പിന്നെ പെട്ടെന്നായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞിപ്പോള്‍ പത്ത് വര്‍ഷം പോയത് പോലും അറിഞ്ഞിട്ടില്ല. ലേഡീസ് ട്രെയിനിങ് സെന്റര്‍ നടത്തുന്ന ഭര്‍ത്താവിനെ വിശ്വസിക്കുന്ന ഉത്തമയായ ഭാര്യയാണ് ഞാനെന്ന് എപ്പോഴും പറഞ്ഞ് നടക്കുന്നതൊഴിച്ചാല്‍ എല്ലാം അടിപൊളി.


കൊച്ചി: തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷം മാത്രമേ നെറ്റ്ഫ്ലിക്സും ആമസോൺ ​പ്രൈമും ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്​ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യാവൂ എന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. കൊച്ചിയിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം.

സിനിമകൾ തിയറ്ററർ റിലീസ് ചെയ്യാൻ സെൻസറിങ്ങിന് അയക്കണമെങ്കിൽ ഫിലിം ചേംബർ രജിസ്ട്രേഷൻ ആവശ്യമാണ്. ഒടിടി റിലീസിങ് സംബന്ധിച്ച പുതിയ മാനദണ്ഡം അംഗീകരിച്ച് അഫിഡവിറ്റ് നൽകുന്നവർക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ എന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി വി.സി. ജോർജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് തിയറ്ററുകൾ അടച്ചതോടെ ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' ഉൾപ്പെടെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത് വിവാദമായിരുന്നു. തിയറ്റർ ഉടമകളും നിർമാതാക്കളും ഈ നീക്കത്തെ എതിർത്തപ്പോൾ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി ഉൾപ്പെടെയുള്ളവർ അനുകൂലിച്ചും രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബറിന്റെ തീരുമാനം വന്നിരിക്കുന്നത്.

നിലവിൽ ഒടിടി റിലീസിന് സെൻസറിങ് ആവശ്യമില്ലാത്തതിനാൽ അവയ്ക്ക് ഫിലിം ചേംബർ രജിസ്ട്രേഷൻ ആവശ്യമില്ല. അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ തകർച്ച നേരിടുന്ന സിനിമാ വ്യവസായത്തിന് ഇളവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ കേന്ദ്രസർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ ഒടിടി റിലീസിന് സമാനമായി തിയറ്റർ റിലീസിങ്ങിനും സെൻസറിങ് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മറുഭാഗത്ത് ഒടിടി പ്ലാറ്റ്ഫോമുകൾക്കും സെൻസറിങ് ഏർപ്പെടുത്തണമെന്ന ആവശ്യവും നിലവിൽ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചുമത്തുന്ന അധിക നികുതികൾ ഒഴിവാക്കുക, ടിക്കറ്റിൻമേലുള്ള ജിഎസ്ടിയിൽ ഗണ്യമായ ഇളവുകൾ അനുവദിക്കുക, സിനി വെൽഫയർ ഫണ്ടെന്ന പേരിൽ നിർമാതാക്കളിൽ നിന്ന് ഈടാക്കിയ ശേഷം കെട്ടിക്കിടക്കുന്ന പണം ചലച്ചിത്ര മേഖലയുടെ പുനരുജ്ജീവനത്തിനായി വിനിയോഗിക്കുക തുടങ്ങിയവയാണ് കേന്ദ്ര സർക്കാരിന് നൽകിയി​രിക്കുന്ന നിവേദനത്തിലെ മറ്റു പ്രധാന ആവശ്യങ്ങളെന്ന് ഫിലിം ചേംബർ ​വൈസ് പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു.

ചലച്ചിത്ര നിർമാണച്ചിലവ് കുറയ്ക്കാനായി കേരള ഫിലിം ചേംബറിലെ രജിസ്ട്രേഷൻ ഫീസ് 40 ശതമാനം കുറവ് വരുത്താനും ഇന്നത്തെ ഭരണസമിതി യോഗത്തിൽ തീരുമാനമായി. ഓഗസ്റ്റ് ഒന്നു മുതൽ ഇളവ് നിലവിൽ വരുമെന്നും ഇത്തരത്തിൽ ഇളവ് പ്രഖ്യാപിക്കുന്ന ആദ്യത്തെ ചലച്ചിത്ര സമിതിയാണ് തങ്ങളുടേതെന്നും ജനറൽ സെക്രട്ടറി വി.സി.ജോർജ് അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ തിയറ്ററുകൾ തുറക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി.


ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും അടിമുടി അഴിച്ചുപണിയാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. സാങ്കേതികവിദ്യയിലൂന്നിയുള്ള ദേശീയ വിദ്യാഭ്യാസ നയമാണ് വരുന്നത്. 2030-ഓടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് നയം ലക്ഷ്യമാക്കുന്നത്.  മൂന്ന് വയസ്സു മുതല്‍ 18 വയസ്സ് വരെ നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കും. 

എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതാകും. പുതുതായി ഏര്‍പ്പെടുത്തുന്ന 5 + 3 + 3 + 4 സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നത് 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസവും 3 വര്‍ഷത്തെ അങ്കണവാടി/പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസവുമായിരിക്കും.

നിലവിലെ 10+2 ഘടന ഒഴിവാക്കി പകരം യഥാക്രം 3-8, 8-11, 11-14, 14-18 വയസ്സുള്ള കുട്ടികള്‍ക്കായി 5+3+3+4 എന്നതാണ് പുതിയ രീതി. 

പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ 18 വര്‍ഷം കൊണ്ട് 12 ഗ്രേഡുകളാണുണ്ടാകുക. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അഫിലിയേറ്റഡ് കോളജ് സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കും. എം.ഫില്‍ നിര്‍ത്തലാക്കുന്നതാണ് മറ്റൊരു പ്രധാന തീരുമാനം. 

അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ മൂന്നോ നാലോ വര്‍ഷമായിരിക്കും. ഈ കോഴ്‌സുകളിലെ പഠനം ഇഷ്ടാനുസരണം ഇടയ്ക്ക് വച്ച് നിര്‍ത്താനും ഇടവേളയെടുക്കാനും നയം അനുവാദം നല്‍കുന്നുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞ്‌ പഠനം നിര്‍ത്തിയാല്‍ അതുവരെ പഠിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നിയമം, ആരോഗ്യം ഒഴികെയുള്ള എല്ലാ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു അതോറിറ്റിയുടെ കീഴിലായിരിക്കും. പി.ജി. പഠനം ഒന്നോ രണ്ടോ വര്‍ഷമാകാം. ബിരുദ, ബിരുദാനന്ദര കോഴ്‌സുകള്‍ അഞ്ച് വര്‍ഷം നീളുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സായിരിക്കും. 

വെറും പഠനത്തെക്കാള്‍ അറിവിനാണ് പ്രാധാന്യം കൊടുക്കുക. ബോര്‍ഡ് പരീക്ഷകള്‍ ഊന്നല്‍ നല്‍കുക അറിവിനായിരിക്കും. അധ്യാപകരുടെ വിലയിരുത്തല്‍ കൂടാതെ സഹവിദ്യാര്‍ഥികളുടെ വിലയിരുത്തല്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും ഇനി മുതല്‍ റിപ്പോര്‍ട്ട്‌ കാര്‍ഡ്. 34 വര്‍ഷമായി വിദ്യാഭ്യാസ നയത്തില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നുവെന്ന് നയം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. മാനവശേഷി വകുപ്പ് ഇനിമുതല്‍ വിദ്യാഭ്യാസ വകുപ്പായി അറിയപ്പെടും. 

കലയും ശാസ്ത്രവും തമ്മിലും, പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കിടയിലും, തൊഴില്‍-പഠന മേഖലകള്‍ക്കിടയിലും വേര്‍തിരിവുകള്‍ ഉണ്ടാകില്ല. ആറാം ക്ലാസ് മുതല്‍ സ്‌കൂളുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും; ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുത്തും. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയതും സമഗ്രവുമായ ദേശീയ പാഠ്യപദ്ധതി, എന്‍സിഎഫ്എസ്ഇ 2020-21 എന്‍സിഇആര്‍ടി വികസിപ്പിക്കും..

അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലായിരിക്കണം(അല്ലെങ്കില്‍ പ്രാദേശിക ഭാഷ) പഠനം. എട്ടാം തരം വരെയും അതിനു മുകളിലേയ്ക്കും ഇക്കാര്യം അഭിലഷണീയമാണ്. ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം പൊതുപരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും. അധ്യാപകര്‍ക്ക് ദേശീയ പ്രഫഷണല്‍ സ്റ്റാന്‍ഡ് കൊണ്ടുവരും. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി സര്‍ക്കാര്‍ നീക്കിവെക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

എട്ട് പ്രധാന പ്രാദേശിക ഭാഷകളില്‍ ഈ കോഴ്‌സുകള്‍ തുടങ്ങും. പ്രീപ്രൈമറി വിദ്യാഭ്യാസം ഏകീകരിച്ച് നിലവാരം കൂട്ടും. ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിന് ഊന്നല്‍ നല്‍കും. ഒപ്പം കണക്കിനും ഊന്നല്‍ കൊടുക്കും. ആര്‍ട്‌സ,് സയന്‍സ് പാഠ്യ-പാഠ്യേതര, വൊക്കേഷണല്‍-അക്കാദമിക് എന്നിവയില്‍ കാര്യമായ വേര്‍തിരിവുണ്ടാകില്ല. പാഠ്യപദ്ധതി ലഘൂകരിക്കും. ആറാം ക്ലാസ് മുതല്‍ വൊക്കേഷണല്‍ അനുബന്ധമാക്കും. സ്‌കൂള്‍ വിദ്യാഭ്യാസം 5+3+3+4 എന്നിങ്ങനെയായിരിക്കും പാഠ്യപദ്ധതി.

റെഗുലേറ്ററി അതോറിറ്റിയായിരിക്കും ഇനി ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുഴുവന്‍ ചുമതലയും. കോളജുകള്‍ക്ക് സ്വയംഭരണം നല്‍കും. ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഈ സ്വയംഭരണ അധികാരം നല്‍കുക. എ ഗ്രേഡ് ലഭിച്ചാല്‍ പൂര്‍ണ സ്വയംഭരണ അധികാരം ലഭിക്കും.

വയനാട് ജില്ലയിലെ
 തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന് രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവില്‍ വ്യക്തമാക്കി.

മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്രമാണ് ഈ മേഖലയില്‍ അനുവദിക്കുക. ഈ പ്രദേശങ്ങളില്‍ ശവസംസ്‌ക്കാരത്തിന് 5 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. മറ്റ് യാതൊരു ആഘോഷങ്ങളും പരിപാടികളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ക്കായുള്ള കൂടിച്ചേരലുകളും ഈ കാലയളവില്‍ അനുവദിക്കില്ല.

അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍, പെട്രോള്‍ പമ്പുകള്‍, വില്‍പന കേന്ദ്രങ്ങള്‍ എന്നിവ കുറഞ്ഞ തൊഴിലാളികളെ വെച്ച് മാത്രമേ പ്രവര്‍ത്തിക്കാവു. വീടുകളില്‍ തന്നെ ആളുകള്‍ കഴിയേണ്ടതിനാല്‍ അവശ്യ വസ്തുക്കളും മരുന്നുകളും ആളുകള്‍ക്ക് എത്തിച്ച് നല്‍കുന്നതിനായി ഗ്രാമപഞ്ചായത്തിലും, മാനന്തവാടി മുനിസിപ്പാലിറ്റിയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

അതിനിടയില്‍ വയനാട് തവിഞ്ഞാൽ, വാളാട് പ്രദേശത്ത് കൊവിഡ് സമ്പർക്ക വ്യാപനത്തെ തുടര്‍ന്ന് മരണാനന്തര ചടങ്ങും, വിവാഹവും നടന്ന വീട്ടുകാർക്കെതിരെയും പങ്കെടുത്തവർക്കെതിരെയും കേസ്.

മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 150 ഓളം പേർക്കെതിരെയും, വിവാഹത്തിൽ പങ്കെടുത്ത നാനൂറോളം പേർക്കെതിരെയുമാണ് കേസ്സെടുത്തത്.

മാനദണ്ഡങ്ങൾ ലംഘിച്ചതിന് പകർച്ചവ്യാധി തടയാനുള്ള ഓർഡിനൻസ് പ്രകാരമാണ് കേസ്. ആരോഗ്യ വകുപ്പിൻ്റെ പരാതിയിലാണ് തലപ്പുഴ പോലീസ് കേസ്സെടുത്തത്.

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുകവലിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലിക്കുന്നതിലൂടെ കൈയ്യില്‍നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുകയില ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധ വര്‍ധിപ്പിക്കാനും വൈറസ് ബാധിക്കാനും ഇടയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് 19 മഹാമാരിയും ഇന്ത്യയിലെ പുകയില ഉപയോഗവും എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് മന്ത്രാലയലയത്തിന്റെ മുന്നറിയിപ്പ്. പുകവലിക്കുന്നവര്‍ക്ക് കടുത്ത കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടാകാനും വൈറസ് ബാധിച്ച് മരിക്കാനുമുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. കൊറോണ വൈറസ് പ്രാഥമികമായി ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്നും അതുകൊണ്ട് പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാനുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുകവലിക്കുന്നതിലൂടെ വിരലുകളിലൂടെ ചുണ്ടിലേക്ക് വൈറസ് പകരാനുള്ള സാധ്യതയുണ്ട്. വാട്ടര്‍ പൈപ്പുകളോ ഹുക്കയോ ഉപയോഗിച്ചുള്ള പുക വലിയിലും ഈ സമ്പര്‍ക്ക സാധ്യതയുണ്ട്. ഇത് കൊവിഡിന്റെ പകര്‍ച്ചയിലേക്ക് നയിച്ചേക്കാം എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഹൃദ് രോഗങ്ങള്‍, കാന്‍സര്‍. ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നീ സാംക്രമികേതര രോഗങ്ങള്‍ക്ക് പുകയില കാരണമാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിച്ചാല്‍ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവും. ഇന്ത്യയിലെ 63 ശതമാനം മരണങ്ങളുടെയും കാരണം ഇത്തരം സാംക്രമികേതര രോഗങ്ങളാണ്. ഇത് ഇനിയും കൂടാനാണ് സാധ്യത. പുകയിലയിലെ രാസവസ്തുക്കള്‍ രോഗപ്രതിരോധ കോശങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.

‘പുകവലി ശ്വാസകോശ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. അതുവഴി രോഗ പ്രതിരോധശേഷി കുറയുകയും വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിന് കഴിവില്ലാതാവുകയും ചെയ്യും. പുകവലി, ഇ സിഗരറ്റ്, പുകയില, പാന്‍ മസാല തുടങ്ങിയ ഉല്‍പന്നങ്ങള്‍ ശ്വാസകോശ അണുബാധകളുടെ അപകടസാധ്യതയും തീവ്രതയും വര്‍ധിപ്പിക്കും’, റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള തെളിവുകള്‍ പ്രകാരം, നേരത്തെ സാംക്രമികേതര രോഗങ്ങളുണ്ടായിരുന്നവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ അപകട സാധ്യത ഉയര്‍ന്ന തോതിലാണെന്നും മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുന്നു. ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ രീതികള്‍ മാറ്റുന്ന കരട് നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന 18 വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ് പുതുതായി നിലവില്‍ വരിക.

മൂന്ന് വയസ്സുമുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാകും. ഒപ്പം പാഠ്യ പദ്ധതിക്ക് പുറമെ കലാകായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കുന്ന വിധമായിരിക്കും വിദ്യാഭ്യാസ രീതിയിലെ മാറ്റം. ഇഷ്ടമുള്ള വിഷയങ്ങള്‍ മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും ഇതിനൊപ്പമുണ്ടാവുമെന്നാണ് നയത്തില്‍ പറയുന്നത്.

പുതിയ നയം ബുധനാഴ്ച നാലുമണിയോടെ കേന്ദ്ര മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഐ.എസ.ആര്‍.ഒ മുന്‍ തലവന്‍ കെ കസ്തൂരിരംഗന്‍ നയിക്കുന്ന പാനലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം മാനവ വിഭവ ശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.

‘നയം അംഗീകരിച്ചു. നിലവിലെ മാനവ വിഭവശേഷി മന്ത്രാലയം ഇനിമുതല്‍ വിദ്യാഭ്യാസ മന്ത്രാലയം എന്ന് അറിയപ്പെടും,’ എച്ച്.ആര്‍.ഡി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊല്ലം: കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് കടക്കാന്‍ റെയില്‍വെ ട്രാക്കിലൂടെ യുവാക്കളുടെ സാഹസിക ബൈക്ക് യാത്ര. യുവാക്കളുടെ സാഹസികയാത്ര റെയില്‍വേ അധികൃതര്‍ അറിഞ്ഞതോടെ കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ യാത്രയ്ക്ക് റെഡ് സിഗ്നല്‍ വീണു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ യുവാക്കള്‍ ബൈക്ക് ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

സംഭവത്തില്‍ കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെ റെയില്‍വേ സുരക്ഷാ സേന കേസെടുത്തു. ബൈക്ക് ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു. അതിക്രമിച്ചു കടക്കല്‍, മാര്‍ഗ തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ചവറ സ്വദേശിയായ ദീപുവിന്റെ പേരിലുള്ളതാണ് ബൈക്ക്. ഓടിച്ചത് ഇയാളല്ലെന്നാണ് മൊഴി. ഇതേസമയം യുവാക്കളുടെ ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.


ഇന്ത്യ- ചൈന അതിർത്തി തർക്കം തുടരുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ വൻസൈനിക വിന്യാസം. തന്ത്രപ്രധാനമായ മലാക്കാ കടലിടുക്കിന് സമീപത്താണ് ഇന്ത്യ നാവിക സേനയെ പൂർണ സജ്ജമാക്കിയത്. കിഴക്കൻ, പടിഞ്ഞാറൻ നാവിക കമാൻഡുകളുടെ അധീനതയിലുള്ള എല്ലാ യുദ്ധകപ്പൽ വ്യൂഹങ്ങളും അന്തർവാഹിനികളും ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഇപ്പോഴത്തെ യുദ്ധകപ്പൽ വിന്യാസം. ഗൽവാൻ അതിർത്തിയിലെ സംഘർഷത്തിന് ശേഷം മൂന്ന് സേനാ തലവൻമാരും നിരന്തരം യോഗം ചേർന്ന് സൈനിക തന്ത്രങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി മുന്നിൽക്കണ്ടുള്ള സൈനിക നീക്കങ്ങളാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഗൽവാൻ അതിർത്തിയിൽ 20 സൈനികർ കൊല്ലപ്പെട്ട ശേഷം ചൈനയെ എല്ലാ മേഖലയിലും എതിർക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമം അംഗീകരിക്കാൻ കഴിയില്ല. ഇതേ തുടർന്നാണ് കര‑നാവിക- വ്യോമ സേനകളുടെ തയ്യാറെടുപ്പുകൾ. ചൈന നയതന്ത്ര തലത്തിൽ ഇപ്പോൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സാമ്പത്തികമായി ചൈനയെ തകർക്കുന്നതിനായി ഇന്ത്യ നിരവധി കരാറുകൾ റദ്ദാക്കി. ചൈനീസ് മൊബൈൽ ആപ്പുകളും നിരോധിച്ചു. ഏറ്റവും ഒടുവിൽ ഇന്നലെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ യുദ്ധക്കപ്പലുകൾ സജ്ജമാക്കിയത്.

മലാക്കാ കടലിടുക്കിൽ ഇന്ത്യയുടെ സൈനിക വിന്യാസം ചൈനയെ സാമ്പത്തികമായി ഏറെ ബാധിക്കും. ചൈനയിൽ നിന്നുള്ളതും ചൈനയിലേക്കുള്ളതുമായ ചരക്ക് നീക്കത്തിന്റെ 80 ശതമാനവും നടക്കുന്നത് മലാക്കാ കടലിടുക്കിലൂടെയാണ്. എല്ലായ്പ്പോഴും 12 മുതൽ 15 കപ്പലുകൾവരെ സമുദ്രത്തിൽ നിരീക്ഷണം നടത്തുന്നുണ്ട്. ഇന്നലെ കിഴക്കൻ, പടിഞ്ഞാറൻ നാവിക കമാൻഡുകളുടെ അധീനതയിലുള്ള എല്ലാ യുദ്ധകപ്പൽ വ്യൂഹങ്ങളും ഇന്ത്യൻ മഹാ സമുദ്രത്തിലെത്തി.

വിമാനവാഹിനി കപ്പലായ വിക്രമാദിത്യ, തദ്ദേശീയമായി വികസിപ്പിച്ച അരിഹന്ദ്, മറ്റ് അന്തർവാഹിനികൾ എന്നിവയും ഇന്ത്യ വിന്യസിച്ചു. ചൈനക്കെതിരായ സൈനിക നീക്കത്തിൽ ആൻഡമാൻ നിക്കോബാർ കമാൻഡ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. കാർ നിക്കോബാർ വ്യോമത്താവളത്തിൽ ഇന്ത്യൻ വായു സേന ജാഗ്വാർ വിമാനങ്ങളും എത്തിച്ചിട്ടുണ്ട്. ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ചൈനയുടെ അവകാശവാദം നിലനില്ക്കേ ഈ മേഖലയിൽ കപ്പൽപ്പടയെ വിന്യസിക്കുമെന്ന യുഎസ് മുന്നറിയിപ്പിനിടെയാണ് ഇന്ത്യയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്.


കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന  പ്രതി അറസ്റ്റിൽ. ബീച്ച് റോഡിലെ പുതിയപുരയിൽ ശാദിഖാണ് അറസ്റ്റിലായത്.

2019 സെപ്തംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി  വിദേശത്തേക്ക് കടക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ ശാദിഖ്  കൊറോണ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

പയ്യോളി ബീച്ച് റോഡിലെ പുതിയ പുരയിലെ വീട്ടിൽ നിന്നുമാണ് പോലിസ് ഇയാളെ പിടികൂടിയത്. പയ്യോളി സി.ഐ എം.പി. ആസാദും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുൻപ്  നാട്ടിലെത്തിയ ഇയാൾ ക്വാറൻ്റയിനിൽ കഴിഞ്ഞ ശേഷം മറ്റൊരു വീട്ടിലേക്ക് മാറി. തുടർന്ന് കോടതിയിൽ  ജാമ്യപേക്ഷ നൽകുകയും ചെയ്തു. കോടതി  ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പോലീസ് ഇയാളെ  അറസ്റ്റ് ചെയ്യുകയായിരുന്നു.

സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം അയനിക്കാട്ടെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വടകര ജില്ലാ ആശുപത്രിയിൽ കൊറോണ ടെസ്റ്റടക്കമുള്ള വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.


   
ഡൽഹി:രാജ്യത്ത് ഭീകാരാക്രണ ഭീഷണിയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്. ലക്ഷ്‌കര്‍ ഇ ത്വയ്ബ അടക്കമുള്ള ഭീകരവാദ സംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് സൂചന. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ അട്ടിമറിക്കാന്‍ ശ്രമമെന്നും ഐ.ബി മുന്നറിയിപ്പ് നല്‍കുന്നു.
 
അയോധ്യയിലും ഭീകരാക്രമണ മുന്നറിയിപ്പുണ്ട്. ക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഐ.ബി മുന്നറിയിപ്പ് നല്‍കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു നീക്കിയതിന്റെ ഒന്നാം വാര്‍ഷികം കൂടിയാണ് ഓഗസ്റ്റ് അഞ്ച്. കശ്മീരിലും ഭീകരാക്രമണ സാധ്യതയുണ്ട്.

ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് അയോധ്യയിലും ജമ്മു കശ്മീരിലും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതാക്കള്‍ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget