പത്തനംതിട്ട: ശബരിമലയില്‍ മാസപൂജക്ക് ഭക്തരെ അനുവദിക്കണമോയെന്ന കാര്യത്തില്‍ ഇന്ന് അന്തിമതീരുമാനമുണ്ടാകും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ...

പത്തനംതിട്ട: ശബരിമലയില്‍ മാസപൂജക്ക് ഭക്തരെ അനുവദിക്കണമോയെന്ന കാര്യത്തില്‍ ഇന്ന് അന്തിമതീരുമാനമുണ്ടാകും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്ത്രിയുമായും ദേവസ്വം ബോർഡ് ഭാരവാഹികളുമായും ഇന്ന് ചർച്ച നടത്തും. മാസപൂജ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ നേരത്തെ തീരുമാനിച്ചുവെങ്കിലും ഭക്തർക്ക് പ്രവേശനം നൽകരുതെന്ന് തന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. ബോർഡും തന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്നാണ് സർക്കാർ ഇടപെട്ടു യോഗം വിളിച്ചത്.
ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ രാവിലെ 11 ന് നടക്കുന്ന യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പങ്കെടുക്കും. തന്ത്രിയോട് ആലോചിച്ച ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ശബരിമല നടതുറക്കുന്ന ദിവസം മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ഇന്നലെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ തന്ത്രിയോട് ആലോചിച്ചാണ് ബോര്‍ഡ് തീരുമാനം എടുത്തത്. ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ കടുത്ത എതിര്‍പ്പുമായി രംഗത്തു വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞേക്കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന യോഗത്തിൻ്റെ പശ്ചാത്തലത്തിൽ വെർച്ചൽ ക്യൂ ബുക്കിംഗും തുടങ്ങിയിട്ടില്ല. ഇന്നലെ വൈകിട്ട് തുടങ്ങാനായിരുന്നു തീരുമാനം
COMMENTS