തിരുവനന്തപുരം ∙: ബെവ്ക്യൂ ആപ് വഴിയുള്ള മദ്യവിൽപന വന്നതോടെ സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്ലെറ്റുകളുടെ വിൽപന ബാറുകൾ പിടിച്ചെടുത്തതായി കണക്കുകൾ. പ്...
തിരുവനന്തപുരം ∙: ബെവ്ക്യൂ ആപ് വഴിയുള്ള മദ്യവിൽപന വന്നതോടെ സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്ലെറ്റുകളുടെ വിൽപന ബാറുകൾ പിടിച്ചെടുത്തതായി കണക്കുകൾ. പ്രതിദിനം 10 മുതൽ 13 കോടി വരെ രൂപയുടെ മദ്യമാണു മുൻപ് ബാറുകൾക്കു വിൽപനയ്ക്കായി ബവ്റിജസ് കോർപറേഷൻ കൈമാറിയിരുന്നത്. എന്നാൽ ഇപ്പോൾ ബാറുകളിൽ കുപ്പി വിൽപന അനുവദിച്ചതോടെ അവരുടെ വിൽപന 33 കോടിയായി ഉയർന്നു. ഇതു കാരണം തിരിച്ചടി കിട്ടിയതു ബവ്റിജസ് ഔട്ട്ലെറ്റുകൾക്കാണ്.
28 മുതൽ 30 കോടി രൂപയുടെ മദ്യം ദിവസേന വിറ്റിരുന്ന ബവ്കോ ഷോപ്പുകളുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം 13 കോടിയിലേക്കു കൂപ്പുകുത്തി. ബുക്ക് ചെയ്യുന്നവർക്ക് ബെവ്ക്യൂ ആപ് വഴികാട്ടുന്നതു ബാറിലേക്കാണെന്നു വ്യക്തമാക്കുന്നതാണു കണക്കുകൾ. സംസ്ഥാനത്തെ മിക്ക ബവ്കോ ഔട്ട്ലെറ്റുകളും ആളൊഴിഞ്ഞ അവസ്ഥയിലാണിപ്പോൾ. ബാറുകളിൽ പാസ് ഇല്ലാതെ എത്തുന്നവർക്കും സുലഭമായി മദ്യം ലഭിക്കുന്നുണ്ട്.
എന്നാൽ, സർക്കാർ സ്ഥാപനമായതിനാൽ ബെവ്കോ ഔട്ട്ലെറ്റുകളിലെ ജീവനക്കാർ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ല. ഇതും വിൽപന ഇടിയാൻ കാരണമായി. 301 ബവ്കോ ഔട്ട്ലെറ്റുകളിൽ മാത്രം വിറ്റിരുന്ന മദ്യം 1120 ബാറുകൾ വഴി കൂടി നൽകിത്തുടങ്ങിയതിനാൽ മുക്കാൽ പങ്ക് വിൽപനയും സ്വാഭാവികമായി ബാറുകളിലേക്കു മാറുമെന്നാണ്ഔദ്യോഗികമായി വിശദീകരിക്കുന്നത്.
ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ മദ്യഷോപ്പുകൾ തുറന്നിട്ട് ഒരു മാസമാകുകയാണ്. വിൽപന സമയം കുറച്ചും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും വിറ്റുവരവിൽ നേരിയ വർധനയാണുണ്ടായത്. മുൻപ് മദ്യവിൽപനയിലൂടെ ദിവസേന ശരാശരി 41 കോടി രൂപയാണു കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ ഇത് 43 കോടിയായി ഉയർന്നു
COMMENTS