തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ അടക്കം രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ വ...
തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ അടക്കം രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധയേറ്റു. ചെന്നെയിൽ നിന്നെത്തിയ വർക്കല സ്വദേശികളായ അമ്മയ്ക്കും കുഞ്ഞിനും രോഗ ബാധ കണ്ടെത്തി.
തൃശൂർ സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആർടിസി ഡ്രൈവർ. വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥ പ്രകാരമാണ് ഇദ്ദേഹം പാപ്പനംകോട് എത്തിയത്. ലോക്ക് ഡൗണിന് ശേഷം ജൂൺ രണ്ടിന് തൃശൂരിൽ നിന്ന് ബൈക്കിൽ തിരുവനന്തപുരത്ത് എത്തി. മൂന്ന് മുതൽ ജോലിയിൽ പ്രവേശിച്ചു. നാലിന് പാപ്പനംകോട് നിന്ന് ഒരു ഷെഡ്യൂളിൽ ജോലി ചെയ്തു. റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലേക്കും തമിഴ്നാട് അതിർത്തിയിലും എത്തിച്ച ബസിൽ ഡ്രൈവറായും ജോലി ചെയ്തു. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സ്രവ പരിശോധന നടത്തിയത്.
തിരുവനന്തപുരത്ത് മൊബൈൽ കട നടത്തുന്ന മലപ്പുറം സ്വദേശിയായ 28 കാരനും സമ്പർക്കത്തിലൂടെയാണ് രോഗബാധ. മെയ് 27 ന് മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹത്തിന് രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഞായറാഴ്ച സ്രവ പരിശോധന നടത്തി. ഞായറാഴ്ച ചെന്നൈയിൽ നിന്നെത്തിയ വർക്കല സ്വദേശികളായ 30 വയസുകാരിക്കും 2 വയസുള്ള കുഞ്ഞിനും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു കൊല്ലം സ്വദേശിയുൾപ്പടെ 14 പേർക്ക് ഇന്ന് ജില്ലയിൽ രോഗം ഭേദമായി.
അതിനിടെ രണ്ട് ദിവസം മുമ്പ് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആറ്റിങ്ങൽ മണമ്പൂർ സ്വദേശി സുനിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഭാര്യയുമായി അകന്ന് ജീവിക്കുന്ന ഇദ്ദേഹം മകൻ്റെ മുന്നിൽവച്ചാണ് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും തുടർ നടപടികൾ.
മരണപ്പെട്ട ശേഷം രോഗം സ്ഥിരീകരിച്ച വഞ്ചിയൂർ സ്വദേശി എസ്.രമേശൻ്റെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. അതേ സമയം ശ്വാസകോശ സംബന്ധമായ രോഗവുമായി എത്തിയിട്ടും ചികിത്സാവേളയിൽ രമേശൻ്റെ സ്രവ പരിശോധന നടത്താത്തതിൽ ജില്ലാ കളക്ടർ നവജ്യോത് ഖോസ മെഡിക്കൽ കോളജിനോടും,ജനറൽ ആശുപത്രിയോടും വിശദീകരണം തേടി.
COMMENTS