
- ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാചന്ദ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് തിരിച്ചെത്തിയത്
ശ്രീനഗര്‍: ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 നേതാക്കളും തിരിച്ചെത്തി. ഭാരത് ജോഡോ യാത്ര ജമ്മു കാശ്മീരിലേക്ക് കടക്കാനിരിക്കെയാണ് പുതിയ വാര്‍ത്ത പുറത്ത് വരുന്നത്. ഇന്ന് രാവിലെയാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ തിരിച്ചെത്തിയത്. ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാചന്ദ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് തിരിച്ചെത്തിയത്. കോണ്‍ഗ്രസ് വിട്ടത് ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മണ്ടത്തരമായിരുന്നു എന്ന് താരാചന്ദ് പറഞ്ഞു.
താരാചന്ദിന് പുറമെ മുന്‍ പിസിസി അദ്ധ്യക്ഷനും മുന്‍ മന്ത്രിയുമായ പീര്‍സാദ മുഹമ്മദ് സയ്യിദ്, മുന്‍ എംഎല്‍എ ബല്‍വാന്‍ സിങ് തുടങ്ങിയവരാണ് പാര്‍ട്ടിയിലേക്ക് മടങ്ങി എത്തിയ മറ്റു പ്രമുഖര്‍. 2022 ആഗസ്റ്റിലായിരുന്നു ഇവര്‍ കോണ്‍ഗ്രസ് വിട്ടത്.
ഗുലാം നബി ആസാദ് മതേതര ചിന്തകള്‍ വെടിയുന്നെന്ന് ആരോപിച്ചാണ് നേതാക്കള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേതാക്കളെ സ്വീകരിച്ചു. തെറ്റിദ്ധാരണയാണ് ഇവര്‍ കോണ്‍ഗ്രസ് വിടാനുള്ള കാരണമെന്നും തിരികെ വന്നതില്‍ സന്തോഷമുണ്ടെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.