ലോകായുക്ത നിയമ ഭേദഗതി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്നും പിന്‍മാറണമെന്ന് സി.പി.എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഭേദഗതി ഓര്‍ഡിനന്‍സ് ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സി.പി.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

നിയമ ഭേഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേല്‍ ഹിയറിങ് നടത്തി ലോകായുക്തയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നതു മാറ്റി ജഡ്ജി ആയാല്‍ മതിയെന്നും തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സര്‍ക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം.

അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കെ, 22 വര്‍ഷം പഴക്കമുള്ളൊരു നിയമത്തില്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലെ തിടുക്കവും ദുരൂഹമാണ്. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗത്തില്‍ മുഖ്യമന്ത്രിക്കും സര്‍വകലാശാല വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ലോകായുക്ത മുമ്പാകെയുള്ള കേസുകളാണ് ഇത്തരമൊരു തിടുക്കത്തിന് കാരണം. ഈ കേസുകളില്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിധിയില്‍ നിന്നും രക്ഷപ്പെടാനാണ് ലോകായുക്തയുടെ പല്ലും നഖവും കൊഴിച്ച് നിഷ്‌ക്രിയമാക്കുന്നത്. അതിനാല്‍ ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ഭേദഗതിയില്‍ നിന്നും പിന്‍മാറാന്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനും പാര്‍ട്ടി കേരളഘടകത്തിനും നിര്‍ദ്ദേശം നല്‍കണമെന്ന് യെച്ചൂരിയോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button