മഴ കനക്കുന്നു;’ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം’ :കെപിസിസി

Story Highlights
  • സഹജീവി സഹാനുഭൂതിയില്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍മനിരതനാകണം. ജാതിയോ മതമോ രാഷ്ട്രീയമോ പ്രതിബന്ധം സൃഷ്ടിക്കാന്‍ പാടില്ലെന്നും കെപിസിസി പ്രസി‍ഡണ്ട് കെ സുധാകരന്‍
01 - August - 2022

തിരുവനന്തപുരം: സംസ്ഥാനത്ത്  വെള്ളിയാഴ്ച വരെ കാലവര്‍ഷം ശക്തമാകുമെന്നും പരക്കെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യ് മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  ആഹ്വാനം ചെയ്തു.  ഈ ആപത്ഘട്ടത്തില്‍ സഹജീവി സഹാനുഭൂതിയില്‍ നിറഞ്ഞ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍മനിരതനാകണം.

ദുരിതമുഖത്ത് കര്‍മനിരതരായി പ്രവര്‍ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഗാന്ധിജിയില്‍ നിന്നു  സ്വായത്തമാക്കിയ അമൂല്യമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട അവസരമാണിത്.മനുഷ്യത്വം മാത്രം മുന്നില്‍ കണ്ടുകൊണ്ടുവേണം സേവനരംഗത്തേക്ക് ഇറങ്ങേണ്ടതെന്നും ജാതിയോ മതമോ രാഷ്ട്രീയമോ ഒരു പ്രതിബന്ധവും സൃഷ്ടിക്കാന്‍ പാടുള്ളതല്ലെന്നും സുധാകരന്‍ പറഞ്ഞു. ഡിസിസി ഓഫീസുകളിലും താഴെത്തട്ടിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടാതെ യൂത്ത് കോണ്‍ഗ്രസിന്‍റേയും കെഎസ് യുവിന്‍റേയും സേവാദളിന്‍റേയും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണം.ജനങ്ങള്‍ക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം എന്നിവ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും എല്ലാവരും സജീവ ഭാഗഭാക്കാകണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു

കേരളത്തിൽ ഓഗസ്റ്റ് 5 വരെ കാലവർഷം ശക്തമാകാൻ സാധ്യത

തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം  തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും. ബുധൻ വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണ്ടി വരും. ഈ ദിവസങ്ങളിൽ പരക്കെ അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്.അതി തീവ്ര  മഴ സാധ്യതയുള്ളതിനാൽ  മലയോര മേഖലയിൽ മണ്ണിടിച്ചിൽ / ഉരുൾ പൊട്ടൽ സാധ്യത വർധിക്കും .താഴ്ന്ന പ്രദേശങ്ങളിൽ വെള്ളകെട്ടിനും സാധ്യതയുണ്ട്.  നദീ തീരങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. ഈ ദിവസങ്ങളിൽ യാത്രകൾ, പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok