‘നിഷേധിക്കാൻ തയാറുണ്ടോ? ചിത്രം സഹിതം തെളിവ് പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിന്റെ വെബ്സൈറ്റിൽ നൽകിയിരുന്ന പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്രത്യക്ഷമായതിനു തെളിവുകളുമായി മാത്യു കുഴൽനാടൻ എംഎൽഎ. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) സ്പേസ് പാർക്കിൽ നിയമിച്ചതു വിവാദമായിരുന്നു. വെബ് ആർക്കൈവ്സിൽനിന്നുള്ള വിവരങ്ങൾ മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. എക്സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദർശിപ്പിച്ചത്.

ജെയ്ക്കും വീണയും ഒരുമിച്ചുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണു കുഴൽനാടൻ പുറത്തുവിട്ടത്. 2020 മേയ് 20 വരെ സൈറ്റിൽ ജെയ്ക് ബാലകുമാറിന്റെ ചിത്രവും അദ്ദേഹം കമ്പനിയുടെ മെന്റർ ആണെന്ന വിവരവും ഉണ്ടായിരുന്നതായി മാത്യു കുഴൽനാടൻ പറഞ്ഞു. പിന്നീട് സൈറ്റ് നോക്കാൻ കഴിയാതെയായി. ജൂൺ 20ന് സൈറ്റ് വീണ്ടും ലഭിച്ചു തുടങ്ങിയപ്പോൾ ജെയ്ക്കിന്റെ പേര് ഉണ്ടായിരുന്നില്ല. സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിക്കാൻ മുൻകൈ എടുത്തത് മുഖ്യമന്ത്രിയുടെ മകളാണെന്നു പറയുന്നില്ല. ജെയ്ക് എക്സാലോജിക്കിന്റെ മെന്ററല്ലെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി, താൻ പുറത്തുവിട്ട ചിത്രങ്ങൾ നിഷേധിക്കാൻ തയാറുണ്ടോയെന്ന് കുഴൽനാടൻ ചോദിച്ചു. താൻ പറഞ്ഞ വിവരങ്ങൾ തെറ്റാണെങ്കിൽ കേസെടുക്കാമെന്നും കുഴൽനാടൻ പറഞ്ഞു.

whatsapp button Telegram
jaik balakumar
ജെയ്ക് ബാലകുമാർ (മാത്യു കുഴൽനാടൻ പുറത്തുവിട്ട ചിത്രം)

ലഭ്യമായ രേഖകൾ പ്രകാരം എക്സാലോജിക്കിന്റെ ഒരേയൊരു ഓണർ മുഖ്യമന്ത്രിയുടെ മകൾ വീണയാണ്. കമ്പനി നോമിനി മുഖ്യമന്ത്രിയുടെ ഭാര്യയും. ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടറാണ് വീണ. കമ്പനി വെബ്സൈറ്റിൽ കൺസൽറ്റന്റുമാരായി മൂന്നുപേരെ കാണിച്ചിരുന്നു. അതിൽ ഒരാൾ ജയ്ക്കായിരുന്നു. ജയ്ക്കുമായുള്ള ബന്ധം വളരെ വ്യക്തിപരമാണെന്നും അദ്ദേഹം മെന്ററാണെന്നുമാണ് സൈറ്റിൽ ഉണ്ടായിരുന്നത്. സൈറ്റിൽ ഉണ്ടായിരുന്ന ഈ വിവരങ്ങളെല്ലാം ഒരു മാസം കഴിഞ്ഞപ്പോൾ എന്തിനു മാറ്റി എന്നു മാത്രമേ ചോദിക്കുന്നുള്ളൂ എന്ന് കുഴൽനാടൻ പറ‍ഞ്ഞു.

veena vijayan jaik balakumar 2
വീണാ വിജയൻ, ജെയ്ക് ബാലകുമാർ (മാത്യു കുഴൽനാടൻ പുറത്തുവിട്ട ചിത്രം)

107 തവണ വെബ്സൈറ്റിൽ അപ്ഡേഷൻ നടത്തിയിട്ടുണ്ട്. താൻ പങ്കുവച്ച വിവരങ്ങൾ തെറ്റാണെങ്കിൽ കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. കോഴിയെ കട്ടവന്റെ തലയിൽ പൂട കാണും എന്നു പറയുന്നതുപോലെയാണ് ആരോപണം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്. സഭയിലെ മുഖ്യമന്ത്രിയുടെ പരാമർശവും ശൈലിയും പദവിക്കു യോജിച്ചതാണോയെന്ന് ജനം വിലയിരുത്തട്ടെ. സഭയിൽ പറഞ്ഞതിനെക്കുറിച്ച് ഉത്തമബോധ്യമുണ്ട്. അസംബന്ധമാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു.

സ്വപ്നയ്ക്കു നിയമനം നൽകിയത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സാണ്. പല കരാറുകളും സർക്കാർ സുതാര്യതയില്ലാതെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു നൽകി. സ്വപ്നയുടെ ശമ്പളം പിഡബ്ല്യുസിയിൽനിന്ന് തിരികെ പിടിക്കാത്തത് നിയമസഭയിൽ ഉന്നയിക്കും. വിദേശത്തുവച്ച് ഏതെങ്കിലും ബാഗ് മുഖ്യമന്ത്രി സ്വീകരിച്ചോ എന്നു വ്യക്തമാക്കണം. എന്തുകൊണ്ട് ബാഗ് സർക്കാർ സംവിധാനത്തിലൂടെ അയയ്ക്കാതെ നയതന്ത്ര ഉദ്യോഗസ്ഥർ വഴി അയച്ചു എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button