‘കമ്മ്യൂണിസ്റ്റുകാരന്റെ കരണം പുകച്ചാണ് പി.ടി തോമസ് പോകുന്നത്’; അപകീര്‍ത്തി പോസ്റ്റുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

Story Highlights
  • കമന്റുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും നഹാസ്

അന്തരിച്ച പി.ടി തോമസ് എംഎല്‍എക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളും കമന്റുകളും ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

”മരണത്തില്‍ പോലും കമ്മ്യൂണിസ്റ്റുകാരന്റെ കരണംപുകച്ചുകൊണ്ടാണ് പി.ടി പോകുന്നത്. രാഷ്ട്രീയ മര്യാദകളുടെ സകല അതിരുകളും ലംഘിച്ച് പരേതനെതിരെ അസഭ്യവും ആഭാസവും വര്‍ഷിക്കുന്ന സൈബര്‍ പ്രൊഫൈലുകളെ കേട്ടുകൊണ്ടിരിക്കാനാവുന്നതല്ല.” കുറ്റക്കാരെ അഴിയെണ്ണിക്കും വരെ മുന്നോട്ടുപോകുമെന്നും നഹാസ് പറഞ്ഞു. കമന്റുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പരാതിയില്‍ പറയുന്നു.

നഹാസ് പറഞ്ഞത്: മരണത്തില്‍ പോലും കമ്മ്യൂണിസ്റ്റ്കാരന്റെ കരണംപുകച്ചുകൊണ്ടാണ് പിടി പോകുന്നത്. അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും ഒപ്പം സാക്ഷാല്‍ പിണറായി വിജയനെ തിരുകിക്കയറ്റി നവോത്ഥാന നായകന്‍ എന്ന മേലങ്കി അണിയിക്കുവാന്‍ ഇടതുപക്ഷം പ്രതിജ്ഞയെടുത്ത് ഒരുമ്പെട്ട് നില്‍ക്കുമ്പോഴാണ്, വിജയന്‍ നവോത്ഥാനനായകനല്ല അധോലോക നായകനാണെന്ന സത്യം PT വിളിച്ചു പറയുന്നത്. ആ PTയുടെ ശൂന്യതയുടെ ആഴം നമുക്ക് ചുറ്റുമുള്ള മനുഷ്യര്‍ രാഷ്ട്രീയ ഭേദമന്യേ ചങ്കില്‍ പേറി നില്‍ക്കുമ്പോഴാണ്, കേരളത്തിന് ഇതിന് മുന്‍പു പരിചയമുള്ള രാഷ്ട്രീയ മര്യാദകളുടെ സകല അതിരുകളും ലംഘിച്ച് ഒരു പരേതനെതിരെ പോലും അസഭ്യവും ആഭാസവും വര്‍ഷിക്കുന്ന സൈബര്‍ പ്രൊഫൈലുകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. കേട്ടുകൊണ്ടിരിക്കാനാവുന്നതല്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്ന നിലയില്‍ നിയമപരമായ നടപടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.അഴിയെണ്ണിക്കും വരെ…

അതേസമയം, പിടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ഇടുക്കി ഉപ്പുതോടുള്ള വസതിയില്‍ അര്‍ദ്ധരാത്രിയോടെ എത്തിച്ചേരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അവിടെ നിന്നും പുലര്‍ച്ചെ ആറിന് മുന്‍പായി പാലാരിവട്ടത്തെ വസതിയിലെത്തിക്കും. ഏഴു മണിക്കു ശേഷം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. എട്ടരയോടെ ടൗണ്‍ഹാളില്‍ രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കും. ഉച്ചയ്ക്ക് ഒന്നരയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ എത്തിക്കും. അഞ്ചരയോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും. പി.ടി തോമസിന്റെ അന്ത്യാഭിലാഷം അനുസരിച്ചാണ് രവിപുരത്ത് സംസ്‌കാരം നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button